ലോകത്തെ അതിർവരമ്പുകൾ ഭേദിക്കാൻ സഹായിച്ചതിൽ സാങ്കേതിക വിദ്യയ്‍ക്ക് വലിയ പങ്കുണ്ട്. അതിന് ഒരു പ്രത്യേകതയുണ്ട്. കാലാന്തരത്തിൽ പലതിനേയും കൈപ്പിടിയിലൊതുക്കാൻ അതിന് ശേഷിയുണ്ട്. ഒരു വലിയ മുറിയിൽ നിറഞ്ഞുനിന്നിരുന്ന കംപ്യൂട്ടറുകൾ ഇന്ന് നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന സ്മാർട്ഫോൺ ആയി മാറുകയും ഫ്ളോപി ഡിസ്കും, കാസറ്റുകളും, സിഡിയുമെല്ലാം മൈക്രോ മെമ്മറികാർഡുകളിലേക്ക് ചുരുങ്ങുകയും ചെയ്തപോലെ.
ഈ പ്രക്രിയ തുടരാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ചെറുതും ശക്തിയേറിയതുമായ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള രഹസ്യം തേടിയിറിങ്ങിയിരിക്കുകയാണ് അവർ. ആ രഹസ്യം ഒളിഞ്ഞിരിക്കുന്നതാവട്ടെ നമ്മളെല്ലാം നിത്യവും കാണാറുള്ള ഒരു ചെറു ജീവിയിൽ. ഉറുമ്പുകളിൽ.
സ്വന്തം ശരീരത്തേക്കാൾ വലിയ വസ്തുക്കളെ നിഷ്പ്രയാസം എടുത്തുയർത്താനും വലിച്ചുകൊണ്ടുപോവാനും ഉറുമ്പുകളെ സഹായിക്കുന്ന അവയുടെ കുഞ്ഞൻ പല്ലുകളുടെ രഹസ്യമാണ് അവർ അന്വേഷിച്ചത്.
പല്ലുകൾ കൊണ്ട് കടിച്ചെടുത്ത് ചത്ത പ്രാണികളും, ധാന്യമണികളും, ഭക്ഷണവശിഷ്ടങ്ങളുമെല്ലാം അവ എത്ര എളുപ്പത്തിലാണ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നത്. തീർച്ചയായും ഈ കുഞ്ഞൻ ജീവിയുടെ പല്ലിന്റെ പുറകിൽ എന്തെങ്കിലും രഹസ്യമുണ്ടാവാനിടയില്ലേ? അങ്ങനെയെങ്കിൽ ഈ സാധ്യതയെ സാങ്കേതിക വിദ്യയിലേക്ക് സന്നിവേശിപ്പിച്ചാൽ അത് വഴിത്തിരിവാകുന്ന പല നേട്ടങ്ങളിലേക്കും വഴിതുറക്കുകയില്ലേ?
ഈ ചോദ്യങ്ങളാണ് ഒരു കൂട്ടം ഗവേഷകരുടെ പുതിയ കണ്ടെത്തലിന് വഴിവെച്ചത്. കാഠിന്യമേറിയ വസ്തുക്കൾ കടിച്ചുമുറിക്കുവാനാകും വിധം ഉറുമ്പുകളുടെ പല്ലുകൾക്ക് ശക്തിനൽകുന്നത് ഒരു സവിശേഷമായ വസ്തുവാണെന്ന് ഗവേഷകർ കണ്ടെത്തി.
ഉറുമ്പിന്റെ പല്ലുകളും, മുള്ളുകളും എങ്ങനെ പൊട്ടിപോകാതെയും പോറലേൽക്കാതെയും നിൽക്കുന്നു അവയിലെ സിങ്ക്, മാംഗനീസ് എന്നിവയുടെ സാന്നിധ്യവും അളവും തുടങ്ങിയ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഇത്തരമൊരു പഠനം ആദ്യമാണ്. എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുടിനാരുകളേക്കാൾ കനം കുറവാണ് ഉറുമ്പുകളുടെ പല്ലുകൾക്ക്. എന്നാൽ കട്ടിയുള്ള ഇലകൾ യാതൊരു പരിക്കുകളുമേൽക്കാതെ മുറിച്ചെടുക്കാൻ അവയ്‍ക്ക് സാധിക്കും. ഉറുമ്പിന്റെ പല്ലുകളിലെ സിങ്ക് കണികകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. തുല്യമായ ഊർജ വിതരണത്തിന് ഇത് സഹായിക്കുന്നു.
ആറ്റം പ്രോബ് ടോമോഗ്രഫി എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ഉറുമ്പിന്റെ പല്ലുകളിലെ ഓരോ കണികകളെയും കണ്ടെത്തി പഠിക്കുകയാണ് ഗവേഷകർ ചെയ്തത്. ഇതുവഴി പല്ലിനുള്ളിലെ ഓരോ ഭാഗത്തേക്കും സിങ്ക് എങ്ങനെയാണ് എത്തിച്ചേർന്നിട്ടുള്ളത് എന്നും അത് ഉറുമ്പിന് എങ്ങനെ ശക്തിപകരുന്നുവെന്നും പഠിക്കാൻ ഗവേഷകർക്ക് സാധിച്ചു. പല്ലിന്റെ പ്രതലത്തിലാണ് സിങ്ക് തുല്യമായി എത്തിയിട്ടുള്ളത്. ഇത് പല്ലിന് കൂടുതൽ ബലം നൽകുന്നു.
മനുഷ്യർ അവരുടെ പല്ലുകൾ ഉപയോഗിക്കുന്നത് പോലെ തന്നെ കട്ടിയേറിയ വസ്തുക്കൾ കഠിച്ചുമുറിക്കാൻ ഉറുമ്പിന് സാധിക്കുന്നതിന് പിന്നിൽ ഈ സവിശേഷതയാണ്.
ഇത് മനുഷ്യനിർമിത ഉപകരണങ്ങളിലും പ്രയോജനപ്പെടുത്താനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാത്രവുമല്ല മനുഷ്യനിർമിത ഉപകരണങ്ങളുടെ ശക്തിവർധിപ്പിക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ പ്രക്രിയയായിരിക്കും ഇതെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.
ഉറുമ്പിന്റെ പല്ലിലെ ഈ രഹസ്യം ചെറു ഉപകരണങ്ങളിൽ പരീക്ഷിച്ചുനോക്കുകയാണ് ഗവേഷകരിപ്പോൾ. കൂടാതെ ഇതിനായി തേളുകളേയും ചിലന്തികളേയും ഗവേഷകർ പഠിക്കുന്നുണ്ട്.