കേളകം : വയലുകളിലെ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കാരണമുള്ള വായുമലിനീകരണം, കൽക്കരിയുടെ ലഭ്യതക്കുറവ്… ഇവ രണ്ടിനും പരിഹാരമാകുന്ന നൂതന സാങ്കേതിതകവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഐ.ഐ.ടി. ഭുവനേശ്വറിലെ കണ്ണൂർ സ്വദേശിയായ അധ്യാപികയടങ്ങുന്ന സംഘം. കാർഷികാവശിഷ്ടങ്ങളെ കൽക്കരിക്ക് സമാനമായ കരി (ബയോ ചാർക്കോൾ) ആക്കി മാറ്റാൻ കഴിയുന്ന ടോരിഫാക്ഷൻ റിയാക്‍ടറാണ് ഇവർ രൂപകല്പന ചെയ്തത്. ഭുവനേശ്വർ ഐ.ഐ.ടി.യിലെ അസി. പ്രൊഫസർ കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലഞ്ചേരി, ഗവേഷണവിദ്യാർഥികളായ ഷർദുൾ നർദേ, നേഹ ശുക്ല എന്നിവരടങ്ങിയ സംഘമാണ് മൈക്രോവേവ് ടോരിഫാക്ഷൻ റിയാക്‍ടർ നിർമിച്ചത്.
ഓക്സിജന്റെ അഭാവത്തിൽ 200-350 ഡിഗ്രി സെൽഷ്യസിൽ താപരാസപ്രക്രിയവഴി നടത്തുന്ന കാർബണീകരണമാണ് ചുരുക്കത്തിൽ ടോരിഫാക്ഷൻ. വൈക്കോലിനെ ടോരിഫാക്ഷന് വിധേയമാക്കിയാണ് ടോരിഫൈഡ് ബയോമാസ് നിർമിച്ചത്. ഇതിന് കൽക്കരിയുടേതിന് സമാനമായ ഗുണങ്ങളുണ്ട്. പരമ്പരാഗതരീതികളിൽ ടോരിഫാക്ഷന് അഞ്ചുമണിക്കൂർവരെ ആവശ്യമാണ്. എന്നാൽ മൈക്രോവേവ് ടോരിഫാക്ഷൻ റിയാക്‍ടർ വഴി 15-20 മിനിറ്റിനുള്ളിൽ ടോരിഫൈഡ് ബയോമാസ് നിർമിക്കാനാകും. താപമൂല്യം 19 ശതമാനത്തോളം ഉയർന്ന കരിയാണ് ഇതിൽനിന്ന് ലഭിക്കുക. ഇതിനെ പെല്ലെറ്റാക്കി കൽക്കരിക്ക് പകരം ഉപയോഗിക്കാനാവും.
അഞ്ച് കിലോഗ്രാം വൈക്കോൽ ഉപയോഗിക്കാവുന്ന റിയാക്‍ടറാണ് ഇവർ ലബോറട്ടറിയിൽ നിർമിച്ചെടുത്തത്. അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവ്. പരീക്ഷണം വിജയമായതോടെ രൂപകല്പന ചെയ്ത റിയാക്‍ടറിന്റെ പ്രോട്ടോടൈപ്പ് വികസനത്തിനുള്ള സാമ്പത്തികസഹായവും ഇവർ സ്വന്തമാക്കി. 100 കിലാഗ്രാം ഉപയോഗിക്കാവുന്ന റിയാക്‍ടർ നിർമാണത്തിലാണിവർ. ഒരുകോടിയോളം രൂപയാണ് ചെലവ്. നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാകും.
ദേശീയ താപോർജനിലയവും എനർജി എഫിഷ്യന്റ് സർവീസസും ചേർന്ന് സംഘടിപ്പിച്ച ഗ്രീൻ ചാർക്കോൾ ഹാക്കത്തണിൽ പ്രോജക്‍ടിന് ഇന്നവേഷൻ അവാർഡ് ലഭിച്ചു. മൂന്നുലക്ഷം രൂപ ക്യാഷ് അവാർഡുമുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 100-ലേറെ ടീമുകൾ ചലഞ്ചിൽ പങ്കെടുത്തിരുന്നു. സാങ്കേതികവിദ്യ ദേശീയ താപോർജനിലയത്തിന് കൈമാറാനാണ് ആലോചനയെന്ന് ഡോ. രമ്യ റഞ്ഞു. മദ്രാസ് ഐ.ഐ.ടി. പ്രൊഫസർ ഡോ. മാധവ് കുമാറിന്റെ ഭാര്യയും കൊട്ടിയൂർ തെക്കേടത്ത് മാധവ വാര്യരുടെയും ഓമനയുടെയും മകളുമാണ് രമ്യ.