ന്യുഡൽഹി:എഐസിസി പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഉമ്മൻചാണ്ടിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. എഴുപത്തിയേഴുകാരനായ ഉമ്മൻചാണ്ടിയെ പ്രായാധിക്യവും അനാരോഗ്യവുംചൂണ്ടിക്കാട്ടിഒഴിവാക്കിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. 2018ലാണ് ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അവിടെ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതുമില്ല.
അതേസമയം മുൻ കെ.പി.സി.സി. പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള സൂചനകളും ഡൽഹിയിൽ നിന്ന് ലഭിക്കുന്നുണ്ട്. മുൻപും കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്ഥാനങ്ങൾ വഹിച്ച മുല്ലപ്പള്ളിക്ക് പദവി നൽകുന്നത് സജീവമായി ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് അറിവ്. നേരത്തെഎഐസിസി ജോ സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് മുൻകേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.
രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന തരത്തിൽ നേരത്തെ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ആ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുന്നു എന്ന വിവരങ്ങളാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്നത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി രമേശ് ചെന്നിത്തല പരസ്യമായി തന്നെ തുറന്നുപറഞ്ഞിരുന്നു. ഇത് ഹൈക്കമാൻഡിന്കടുത്ത നീരസമുണ്ടാക്കിയതായാണ് അറിയാൻ കഴിയുന്നത്. ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആദ്യം പ്രതികരിച്ചത് ഉമ്മൻ ചാണ്ടിയാണെങ്കിലും രൂക്ഷമായ വിമർശനം നടത്തിയത് രമേശ് ചെന്നിത്തലയായിരുന്നു.
Content Highlights: Highcommand not to consider oommen chandy in key positions in aicc