റോം> കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങൾക്കുള്ള പ്രവര്ത്തനങ്ങളില് ക്രിസ്തീയ സമൂഹം സജീവമാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സുപ്രധാന സഭാ മേലധ്യക്ഷന്മാര് സംയുക്ത പ്രസ്താവന പുറത്തിറക്കി. “സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള സംയുക്ത സന്ദേശം’ എന്ന പേരില് ഫ്രാൻസിസ് മാർപാപ്പ, കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി, ഓർത്തഡോക്സ് എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവര് ചേര്ന്നാണ് പ്രസ്താവന പുറത്തിറക്കിയത്. നവംബറിൽ ബ്രിട്ടനിലെ ഗ്ലാസ്ഗോവിൽ നടക്കാനിരിക്കുന്ന 26-ാമത് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില് കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിന് ധീരമായ തീരുമാനം കൈക്കൊള്ളാൻ ലോകനേതാക്കള് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
“പാരിസ്ഥിതിക സുസ്ഥിരത നേരിടുന്ന വെല്ലുവിളികള്, അത് ദാരിദ്ര്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനം, വിഷയത്തില് ആഗോള സഹകരണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഒരുമിച്ച് അഭിസംബോധന ചെയ്യാൻ നിർബന്ധിതരാകുന്നത് ആദ്യമായാണ്. വിശ്വാസത്തിനും ലോകവീക്ഷണത്തിനും അതീതമായ എല്ലാവരും ഭൂമിയുടെ നിലവിളി കേൾക്കാനും അർഥവത്തായ ത്യാഗങ്ങൾ ചെയ്യാനും ശ്രമിക്കണം. കാലാവസ്ഥാ വ്യതിയാനവും തുടര്ന്നുണ്ടാകുന്ന പ്രശ്നങ്ങളും മനുഷ്യന്റെ പ്രവർത്തനങ്ങളുടെ അനന്തരഫലമാണ്.
ഭൂമിയുടെ വിഭവങ്ങൾ നാം കണക്കില്ലാതെ അത്യാഗ്രഹത്തോടെ ഉപയോഗിച്ചു. ഇപ്പോള് സംഭവിക്കുന്ന തീവ്രമായ പ്രകൃതിദുരന്തങ്ങൾ ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ വെല്ലുവിളി അല്ല മറിച്ച് ഈ കാലഘട്ടത്തില്ത്തന്നെ അടിയന്തര പ്രാധാന്യം ആവശ്യപ്പെടുന്ന വിഷയമാണെന്നാണ്’ എന്നും പ്രസ്താവനയില് പറയുന്നു. ജൂലൈയിൽ കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പ ആരോഗ്യപ്രശ്നങ്ങള് ഇല്ലെങ്കില് ഗ്ലാസ്ഗോ ഉച്ചകോടിയില് പങ്കെടുത്തേക്കും.