നമ്മൾ എപ്പോഴെല്ലാം വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട് എന്നുള്ളത് മറ്റുള്ളവർ അറിയുന്നത് ഒരു തരത്തിൽ സ്വകാര്യതാ ലംഘനം തന്നെയാണ്. ഓൺലൈനിലുണ്ടോ എന്ന് പരസ്പരം ഉപഭോക്താക്കൾ അറിയേണ്ടതും ഒരു ചാറ്റിങ് ആപ്ലിക്കേഷന്റെ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യവുമാണ്.
രാത്രിസമയത്തെ വാട്സാപ്പ് ഉപയോഗത്തിന് സദാചാര വാദികളുടെ ചോദ്യം ചെയ്‌യലുകൾ നേരിടേണ്ടി വരുന്നത് പലപ്പോഴും സ്ത്രീകളാണ്. കോൺടാക്റ്റ് ലിസ്റ്റിലുള്ള ഇത്തരക്കാരെ അവഗണിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
അവസാനമായി എപ്പോഴാണ് വാട്സാപ്പ് ഉപയോഗിച്ചത് എന്ന വിവരം, പ്രൊഫൈൽ ചിത്രം, എബൗട്ട് സ്റ്റാറ്റസ് എന്നിവ മറച്ചുവെക്കാനുള്ള സൗകര്യം വാട്സാപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.
ഒന്നുകിൽ എല്ലാവർക്കും കാണാം, അല്ലെങ്കിൽ കോൺടാക്റ്റുകൾക്ക് മാത്രമായി കാണാം, അതുമല്ലെങ്കിൽ ആരും കാണരുത്. ഈ ഓപ്ഷനുകൾ മാത്രമാണ് ലഭ്യമായിരുന്നത്. അപരിചിതരായ ആളുകളിൽ നിന്ന് നിങ്ങളുടെ വ്യക്തി വിവരങ്ങൾ മറച്ചുവെക്കാൻ കോൺടാക്റ്റുകൾക്ക് മാത്രമായി പ്രൈവസി ചുരുക്കുന്നത് ഗുണം ചെയ്‌യും. എന്നാൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാനാവുമായിരുന്നില്ല.
എന്നാൽ ഇനി മുതൽ ചിലർ ഒഴികെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർക്കെല്ലാം നിങ്ങളുടെ ലാസ്റ്റ് സീൻ സ്റ്റാറ്റസും, പ്രൊഫൈൽ ചിത്രവും, എബൗട്ട് സ്റ്റാറ്റസും കാണാൻ അനുവദിക്കുന്ന My Contacts Except എന്ന ഓപ്ഷനും കൂടി നൽകാനാണ് വാട്സാപ്പ് ഒരുങ്ങുന്നത്.
വാബീറ്റാ ഇൻഫോയാണ് ഇതിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ആൻഡ്രോയിഡ്, ഐഓഎസ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാവും.