ഓവൽ ടെസ്റ്റ് വിജയത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശാർദൂൽ താക്കൂറിന്റെ സംഭാവന വളരെ വലുതായിരുന്നെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യ 157 റൺസിന് ജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി ശാർദൂൽ രണ്ട് അർധ സെഞ്ചുറിയും മൂന്ന് വിക്കറ്റുകളുമാണ് നേടിയത്.
“ശാർദൂലിന്റെ സംഭാവന വളരെ വലുതാണ്. രണ്ട് ഇന്നിങ്‌സുകളിലെയും മികച്ച ബാറ്റിങ് ഞങ്ങളെ താളം കണ്ടെത്താൻ സഹായിച്ചു. ആദ്യ ഇന്നിങ്സിലും അത് മത്സരത്തിന്റെ ഗതി തിരിച്ചു. ഞങ്ങൾക്ക് അനുകൂലമാക്കി.” മത്സരശേഷം ബുംറ പറഞ്ഞു.
മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിൽ 57, 60 എന്നിങ്ങനെ റൺസുകൾ നേടിയ താക്കൂർ ബോളുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം ഇന്നിങ്സിൽ ഏറ്റവും നിർണായകമായ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയ താക്കൂർ 22 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ടു വിക്കറ്റുകളാണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റും നേടി.
“ബോളിങ്ങിൽ നിർണായക വിക്കറ്റുകളാണ് ശാർദൂൽ നേടിയത്. അതിനുള്ള പ്രയത്നം വളരെ വലുതായിരുന്നു. എപ്പോഴും ഒരു അഞ്ചാം ബോളർ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത് കൂടുതൽ ആശ്വാസം നൽകും” ബുംറ പറഞ്ഞു. ഇന്ത്യ നന്നായി ബാറ്റ് ചെയ്ത രണ്ടാം ഇന്നിങ്സിലും ടീമിനെ സുരക്ഷിതമാക്കിയത് ശാർദൂലിന്റെ വാലറ്റത്തെ ബാറ്റിങ്ങാണെന്ന് ബുംറ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിലേക്ക് ബുംറ എത്തിയിരുന്നു. 25 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് തികച്ച കപിൽ ദേവിന്റെ റെക്കോർഡാണ് ബുംറ തകർത്തത്. എന്നാൽ റെക്കോർഡിനെ കുറിച്ചുള്ള ചോദ്യത്തിന് സംഖ്യകളെ കുറിച്ച് ചിന്തിക്കാറില്ലെന്നാണ് ബുംറ പറഞ്ഞത്.
Also read: ടെസ്റ്റില്‍ കപില്‍ ദേവിനെ പിന്നിലാക്കി ബുംറ; അതിവേഗം 100 വിക്കറ്റ്
“ഞാൻ സംഖ്യകളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇത് വളരെ നല്ല കാര്യമായതിനാലാണ്, എനിക്ക് ടെസ്റ്റുകൾ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതിനായി ഞാൻ വളരെയധികം പരിശ്രമിച്ചു. ഒരുപാട് മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ കഠിനാധ്വാനം ചെയ്തു, അതിനാൽ ടീം വിജയിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അതിൽ എനിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു. അതിൽ സന്തോഷമുണ്ട്, അത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” ബുംറ പറഞ്ഞു.
The post വിജയത്തിൽ ശാർദൂൽ താക്കൂറിന്റെ സംഭാവന വളരെ വലുത്: ജസ്പ്രീത് ബുംറ appeared first on Indian Express Malayalam.