ഒരു സ്മാർട്ട് ഫോൺ ഇല്ലാതെ ജീവിതത്തിൽ കാര്യങ്ങളൊന്നും നേരെ ചൊവ്വെ നടക്കില്ല എന്ന അവസ്ഥയിലാണ് നാം ഇന്ന്. അത്രയെറെ ആവശ്യങ്ങൾ ഒരു മൊബൈൽ ഫോൺവഴി സാധ്യമാകുന്നു എന്നത് ഒരു വസ്തുതയാണ്. സ്മാർട്ട് ഫോണുകളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തെടുക്കുന്നതു കൊണ്ടാണ് ഇതിന്റെ പ്രാധാന്യം ഇത്രയേറെ വർധിച്ചത്. അതുകൊണ്ടുതന്നെ, ഇതിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും വളർച്ചാനിരക്കുള്ള ഒരു മേഖലയാണ് മൊബൈൽ ഫോൺ വിപണി. സ്മാർട്ട് ഫോണുകളിൽ ഏകദേശം 5,000 മുതൽ ഒരുലക്ഷം രൂപ വരെ വിലയുള്ളതാണ് വിപണിയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്നത്.
റിസ്കുകൾ ഇങ്ങനെ…
ഇത്രയേറെ പണം മുടക്കുകയും അത്യാവശ്യങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളതുമായ സ്മാർട്ട് ഫോണുകൾക്ക് പലതരത്തിലുള്ള റിസ്കുകൾ നിലവിലുണ്ട്. അപകടങ്ങൾ, അബദ്ധത്തിൽ താഴെവീണ് സ്ക്രീൻ പൊട്ടുക, കളവു പോവുക, തീപിടിത്തം, അടിച്ചുതകർക്കൽ, വെള്ളം കയറുക എന്നിവ പൊതുവെയുള്ള റിസ്കുകളാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം സ്മാർട്ട് ഫോണുകളും മൊബൈൽ ടാബ്ലെറ്റുകളും യഥാവിധി ഇൻഷുർ ചെയ്ത് സംരക്ഷിച്ചാൽ മേൽപ്പറഞ്ഞ റിസ്കുകളിൽ നിന്നുള്ള നഷ്ടം ഒരു പരിധിവരെ നികത്താൻ കഴിയുന്നതാണ്.
ഇൻഷുർ ചെയ്‌യുന്ന വിധം
നാട്ടിൽ ഉടനീളമുള്ള മൊബൈൽ ഷോറൂമുകൾ വഴിയാണ് ഭൂരിഭാഗം പേരും മൊബൈൽ ഫോണുകൾ ഇൻഷുർ ചെയ്‌യുന്നത്. ഇതുകൂടാതെ, വീട് ഇൻഷുർ ചെയ്‌യുമ്പോൾ ചില കമ്പനികൾ അതിൽ ഉൾപ്പെടുത്തി മൊബൈൽഫോൺ ഇൻഷുർ ചെയ്ത് വരുന്നുണ്ട്. ഒരു വർഷമാണ് ഇൻഷുറൻസ് കാലാവധി. ഫോൺ വാങ്ങുന്ന ആളിന്റെ വിവരങ്ങളും ഫോണിന്റെ വിശദവിവരങ്ങളും വിലയും നൽകിയാൽ ഇൻഷുർ ചെയ്‌യാവുന്നതാണ്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഗോ ഡിജിറ്റ് എന്ന ജനറൽ ഇൻഷുറൻസ് കമ്പനി ഇന്ന് ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്തി എളുപ്പത്തിൽ ഇൻഷുർ ചെയ്‌യാൻ അവസരം ഒരിക്കിയിട്ടുണ്ട്. ഒരു ക്ലെയിം ഉണ്ടായാൽ അനുബന്ധ രേഖകൾ സമർപ്പിച്ചാൽ ക്ലെയിം തുക 48 മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ മുൻക്കൂറായി നൽകുന്നു എന്ന വാഗ്ദാനമാണ് ഇവർ നൽകുന്നത്. അടയ്ക്കേണ്ട പ്രീമിയം തുക മൊബൈൽഫോണിന്റെ വിലയുടെ അഞ്ചു ശതമാനമാണ്. അതായത്, 20,000 രൂപ വിലയുള്ള ഫോൺ ആണെങ്കിൽ ഏതാണ്ട് 1,000 രൂപ.
മറ്റ് ഇലക്‍ട്രോണിക് ഉപകരണങ്ങളെ പോലെ മൊബൈൽ ഫോൺ ക്ലെയിം ചെയ്‌യുമ്പോഴും ഡിപ്രീസിയേഷൻ (തേയ്മാനം) കണക്കാക്കുന്നതാണ്. ചില കമ്പനികൾ പ്രതിമാസം അഞ്ചു ശതമാനം ഡിപ്രീസിയേഷനാണ് കണക്കാകുന്നത്. എന്നാൽ, ചില കമ്പനികളിൽ ആദ്യത്തെ മൂന്നു മാസം 10 ശതമാനവും ആറു മാസത്തേക്ക് 25 ശതമാനവും ആറു മാസത്തിന് മുകളിൽ 50 ശതമാനവും കഴിച്ചുള്ള തുക മാത്രമേ ക്ലെയിം നൽക്കാറുള്ളു.
ക്ലെയിമുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനി നൽകുന്ന പോളിസി വ്യവസ്ഥകൾ മനസിലാക്കിവേണം ഇൻഷുർ ചെയ്‌യാൻ. ചെറിയ തുകകൾ, പോളിസിയുടെ പരിധിയിൽ പെടാത്ത മറ്റ് നിബന്ധനകൾ എന്നിവ കൃത്യമായും ഉപഭോക്താവ് മനസ്സിലാക്കിയിരിക്കണം. ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലയിലെ വിവിധ ഇൻഷുറൻസ് കമ്പനികളുടെ മൊബൈൽ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്‌യുകയും അതിൽ ഏറ്റവും മികച്ച പോളിസികൾ തിരഞ്ഞെടുത്ത് ഇൻഷുർ ചെയ്‌യുന്നതുമായിരിക്കും ഉചിതം.
(തൃശൂർ ആസ്ഥാനമായുള്ള എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് എന്ന കമ്പനിയുടെ മാനേജങ് ഡയറക്‍ടറാണ് ലേഖകൻ)