വിൻഡോസ് കംപ്യൂട്ടറുകളിലേക്കുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഒക്‍ടോബർ അഞ്ചിന് പുറത്തിറക്കാൻ പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിൻഡോസ് 11 ഓഎസിൽ പ്രഖ്യാപിക്കപ്പെട്ട ആൻഡ്രോയിഡ് ആപ്പ് പിന്തുണ നൽകുന്ന ഫീച്ചർ ആദ്യ ഘട്ടത്തിൽ ഓഎസിൽ ലഭിക്കില്ല. അതിനായി ഇനിയും കാത്തിരിക്കണം.
ആമസോണും ഇന്റലുമായി ചേർന്ന് ആൻഡ്രോയിഡ് ആപ്പുകൾ വിൻഡോസ് 11 ൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വരും മാസങ്ങളിൽ ഈ ഫീച്ചറിന്റെ പ്രിവ്യൂ ആരംഭിക്കുമെന്നും മൈക്രോസോഫിലെ വിൻഡോസ് മാർക്കറ്റിങ് ജനറൽ മാനേജർ ആരോൺ വുഡ്മാൻ പറഞ്ഞു. മൈക്രോസോഫ്റ്റ് പറയുന്നത്. ഏത് മാസമായിരിക്കും അതെന്ന് വ്യക്തമാക്കിയില്ല.
ഏറെ പുതുമകളോടെയാണ് ഇത്തവണ മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓഎസ് അവതരിപ്പിച്ചത്. അതിലെ ഏറ്റവും സുപ്രധാനായ ഫീച്ചറുകളിലൊന്നാണ് ആൻഡ്രോയിഡ് ആപ്പുകളുടെ പിന്തുണ. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിലെ ആപ്പുകൾ വിൻഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാക്കുകയാണ് ഇതിലൂട. ആമസോണിന്റേയും ഇന്റലിന്റേയും പിന്തുണയോടെയാണ് ഇത് സാധ്യമാക്കുന്നത്.
എന്തായാലും പുതിയ വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോക്താക്കൾക്ക് ആദ്യമായി ലഭിക്കുമ്പോൾ അതിൽ ആൻഡ്രോയിഡ് ആപ്പുകൾ ലഭിക്കില്ല. ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞതിന് ശേഷം മാത്രമേ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കുകയുള്ളൂ. ഈ പ്രക്രിയയെല്ലാം പൂർത്തിയാവണമെങ്കിൽ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.