തിരുവനന്തപുരം
മുപ്പത്തഞ്ച് സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട്. ഒ രാജഗോപാലിന്റെ പ്രസ്താവനകൾ നേമത്തും പൊതുവിലും ദോഷം ചെയ്തെന്നും ജനകീയ എംഎൽഎയായി ഉയരാൻ രാജഗോപാലിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. നേതൃത്വത്തിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ട് അടുത്തയാഴ്ച ചേരുന്ന കോർ കമ്മിറ്റി യോഗം ചർച്ച ചെയ്യും.
നാല് ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റും അടങ്ങിയ സമിതിയാണ് പരാജയകാരണം പഠിച്ചത്. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് വീഴ്ചയായി. നേമം ഗുജറാത്ത് ആണെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയും തിരിച്ചടിച്ചു. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം അനുചിതമായെന്നും റിപ്പോർട്ടിലുണ്ട്. കോവിഡ് വർധിച്ചിട്ടും സർക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസിൽ സിപിഐ എം ഫ്രാക്ഷനാണുള്ളത്. ആർഎസ്എസിനെ ചൂണ്ടി വെടിവയ്ക്കുകയാണ് ആനി രാജയെന്നും സുരേന്ദ്രൻ പറഞ്ഞു.