സ്വകാര്യതയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് ആപ്പിൾ വൈകിപ്പിച്ചു. വെള്ളിയാഴ്ചയാണ് ആപ്പിൾ ഈ വിവരം അറിയിച്ചത്. പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് അഭിപ്രായം ശേഖരിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ആപ്പിൾ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ആപ്പിൾ പുതിയ ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് പ്രഖ്യാപിച്ചത്. ഫോണുകളിൽ നിന്നും കംപ്യൂട്ടറുകളിൽ നിന്നുമായി ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജിൽ അപ്ലോഡ് ചെയ്‌യപ്പെടുന്ന ചിത്രങ്ങളിൽ ബാല പീഡന ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. ഇതിനായി ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങളിൽ നിന്ന് ആപ്പിൾ ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്‌യുന്ന ചിത്രങ്ങൾ പരിശോധിക്കും.
ഇതിനെതിരെ വിവിധ അവകാശ സംഘടനകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. ആപ്പിൾ ജീവനക്കാർ പോലും ഇതിനെതിരെ രംഗത്തുവരികയുണ്ടായി.
ബാല പീഡന ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനെന്ന പേരിൽ അവതരിപ്പിക്കുന്ന ഈ സംവിധാനം സർക്കാർ ഏജൻസികൾ ദുരുപയോഗം ചെയ്‌യാനിടയുണ്ടെന്നും ഏതെല്ലാം ഉള്ളടക്കങ്ങളാണ് ആപ്പിൾ നിരീക്ഷിക്കുന്നത് എന്ന് പുറത്തുനിന്നൊരു ഗവേഷകന് അറിയാനാവില്ലെന്നുമുള്ള വിമർശനം ഉയർന്നിരുന്നു.
എന്നാൽ ഈ സംവിധാനത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ സുരക്ഷാ ഗവേഷകരെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് കൂടുതൽ സമയം വേണമെന്നാണ് ആപ്പിൾ പറയുന്നത്.
ഈ ബാലസുരക്ഷാ ഫീച്ചർ അനിവാര്യമായതിനാൽ തന്നെ വിമർശനം ഉന്നയിച്ച എല്ലാവരിൽ നിന്നും അഭിപ്രായം ശേഖരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.