ന്യൂഡൽഹി> ഹൈക്കോടതി ജഡ്ജിമാരായി സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ ദിവസം ശുപാർശ ചെയ്ത പേരുകൾ കേന്ദ്ര സർക്കാർ എത്രയുംവേഗം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് എൻ വി രമണ. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത ഒമ്പതു പേരുകൾ നിയമമന്ത്രാലയംഅംഗീകരിച്ചു.
ഹൈക്കോടതി ജഡ്ജിമാരുടെ കാര്യത്തിലും കേന്ദ്രം വേഗത്തിൽ നീങ്ങുമെന്ന് കരുതുന്നതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ സ്വീകരണച്ചടങ്ങിൽ ജസ്റ്റിസ് രമണ പറഞ്ഞു. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും സന്നിഹിതനായി.
കേരളമടക്കം 12 ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി 68 പേരുകൾ കഴിഞ്ഞ ദിവസം സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതിയിലേക്ക് എട്ട് പേരുകളുണ്ട്. നാലുപേർവീതം അഭിഭാഷകരും ജുഡീഷ്യൽ സർവീസുകാരുമാണ്. നേരത്തേ കൊളീജിയം ശുപാർശ ചെയ്തതിൽ കേന്ദ്രം തിരിച്ചയച്ച 12 പേരുകൾ വീണ്ടും ശുപാർശ ചെയ്തിട്ടുമുണ്ട്.
ശുപാർശ ചെയ്യപ്പെട്ടവരിൽ 10 സ്ത്രീകളാണ്. 16 പേരിൽ കൊളീജിയം കൂടുതൽ വിശദീകരണം തേടിയിട്ടുണ്ട്.
അഭിഭാഷകവൃത്തി കോർപറേറ്റ്വൽക്കരിക്കപ്പെട്ടു: ചീഫ് ജസ്റ്റിസ് എൻ വി രമണ
ന്യൂഡൽഹി > അഭിഭാഷകവൃത്തി വിദേശ രാജ്യങ്ങൾക്കു സമാനമായി വലിയതോതിൽ കോർപറേറ്റ്വൽക്കരിക്കപ്പെടുന്നതായി ചീഫ് ജസ്റ്റിസ് എൻ വി രമണ. കോർപറേറ്റ് നിരക്കിൽ നിയമോപദേശം സ്വീകരിക്കാൻ സാധാരണക്കാർക്ക് കഴിയില്ലെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
ദുര്ബലവിഭാഗത്തിന് യുവ അഭിഭാഷകർ സൗജന്യ നിയമസഹായമൊരുക്കണം. സഹായം ആവശ്യമായവരെയും കർഷകരെയും തൊഴിലാളികളെയും സ്ത്രീകളെയും ദുർബലരെയും സഹായിക്കാനും സാധ്യമാകുന്നിടത്തോളം സൗജന്യ സഹായം നൽകാനും ശ്രമിക്കണം. ജുഡീഷ്യറിയുടെ സത്യസന്ധതയും അംഗീകാരവും സംരക്ഷിക്കാൻ യുവ അഭിഭാഷകർ യത്നിക്കണം.
സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിനുശേഷവും ജുഡീഷ്യറിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനാകാത്തത് ന്യൂനതയാണ്. എല്ലാ മേഖലകളിലും 50 ശതമാനം സ്ത്രീപ്രാതിനിധ്യം പ്രതീക്ഷിക്കപ്പെടും. എന്നാൽ, സുപ്രീംകോടതിയിൽ 11 ശതമാനം സ്ത്രീപ്രാതിനിധ്യമെങ്കിലും ഉറപ്പിക്കാനായത് ഏറെ ബുദ്ധിമുട്ടിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.