കൊളസ്ട്രോൾ ഏതെല്ലാം , അറിഞ്ഞിരിക്കാം:
ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ഭീഷണിയാകുന്ന അവസ്ഥയെ പൊതുവേ കൊളസ്ട്രോൾ എന്ന ഒറ്റ വാക്കിൽ വിളിക്കുമെങ്കിലും കൊളസ്ട്രോൾ പല തരമുണ്ട്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും ആകെ കൊളസ്ട്രോൾ മാത്രമാണ് എല്ലാവരും ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തരം തിരിച്ചുള്ള കൊളസ്ട്രോൾ ഫലം ലഭിക്കുകയുമില്ല. പ്രതിരോധവും രോഗനിർണയവും ഫലപ്രദമാകണമെങ്കിൽ വിശദമായ പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.
HDL (ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):
ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്.
LDL (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):
കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
VLDL (വെരി ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ):
LDL കൊളസ്ട്രോളിനേക്കാൾ കൊഴുപ്പ് അടങ്ങിയതിനെയാണ് VLDL കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. പ്രോട്ടീൻ അളവ് വളരെ കുറഞ്ഞതും കൊഴുപ്പ് ക്രമാതീതമായി വർധിച്ചതുമായത് VLDL എന്നറിയപ്പെടുന്നു.
TG (ട്രൈ ഗ്ലിസറൈഡ്സ്):
കൊഴുപ്പ് കൂടുതൽ അടങ്ങിയതാണ് ട്രൈ ഗ്ലിസറൈഡ്സ് കൊളസ്ട്രോൾ. അതുകൊണ്ട് തന്നെ ഇത് ശരീരത്തെ ബാധിക്കുകയും ഗുരുതരമായ രോഗാവസ്ഥകൾക്ക് വഴിവെക്കുകയും ചെയ്യും.
കൊളസ്ട്രോൾ നില നിയന്ത്രിതമല്ലെങ്കിൽ അനാരോഗ്യാവസ്ഥ ഉണ്ടാകുമെന്നതിനാൽ എല്ലായ്പ്പോഴും ഇത് നിയന്ത്രിച്ച് നിർത്താൻ ശ്രമിക്കണം. HDL, VLDL, LDL എന്നിവ വർധിക്കുന്നത് പ്രശ്നമാകാം.
മുട്ടയും മാംസവും കഴിക്കാം, ഇങ്ങനെ
കൊളസ്ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണമാണ്. എന്നാൽ പാൽ, മുട്ട, മാംസം എന്നിവ മിതമായ അളവിൽ കഴിക്കുന്നത് വലിയ തോതിൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ല എന്നാണ് വിദഗ്ദർ പറയുന്നത്. മുട്ട കഴിക്കുകയാണെങ്കിൽ മുട്ട മുഴുവനായും കഴിക്കണം. മഞ്ഞ ഒഴിവാക്കി കഴിക്കേണ്ടതില്ല. രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ മാംസാഹാരം കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ പതിവായി കഴിക്കുമ്പോൾ മാത്രമാണ് ഇവ അപകടം സൃഷ്ടിക്കുന്നത്.
നട്സ് ഒഴിവാക്കേണ്ടതില്ല:
കൊളസ്ട്രോൾ അല്പം കൂടുതലാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ നമ്മുടെ ഭക്ഷണ രീതിയിൽ നിന്ന് ഒഴിവാക്കുന്ന ആഹാര സാധനങ്ങളിൽ ചിലതാണ് അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവ. എന്നാൽ ഇവ കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല എന്നാണ് വിദഗ്ദർ പറയുന്നത്, എന്നാൽ ആൽക്കഹോളിനൊപ്പം ഒരിക്കലും ഇവ ഉപയോഗിക്കരുത്.
പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കാം:
പായ്ക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ ചീത്ത കൊളസ്ട്രോൾ വർധിച്ച അളവിലുള്ള ആളുകൾ ഇവ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്.
ഇവ തീരുമാനിക്കും:
കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് മാത്രമല്ല, മറ്റ് പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും. ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം , പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും. പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ നില നിയന്ത്രിച്ച് നിർത്താൻ സാധിക്കും.