ബിഎസ്എൻഎലിന്റെ ഫൈബർ ബ്രോഡ്ബാന്റ് സേവനമാണ് ഭാരത് ഫൈബർ. രാജ്യത്തെ എല്ലാ സർക്കിളുകളിലും ബിഎസ്എൻഎൽ ഭാരത് ഫൈബർ സേവനം നൽകുന്നുണ്ട്. കേരളത്തിൽ മാത്രം ഭാരത് ഫൈബറിന് മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളെ കിട്ടിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
കോഴിക്കോടാണ് ഭാരത് ഫൈബറിന് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 43,864 കണക്ഷനുകൾ. 41420 കണക്ഷനുകൾ ഉള്ള എറണാകുളമാണ് തൊട്ടുപിന്നിൽ. 32664 കണക്ഷനുകളുള്ള കൊല്ലവും, 31145 കണക്ഷനുകളുമായി കണ്ണൂരും പിന്നിലുണ്ട്. ഏറ്റവും കുറവ് മലപ്പുറത്താണ് (18282). കേരളത്തിൽ ആകെ 3,00,423 കണക്ഷനുകളാണുള്ളതെന്നും കേരള ടെലികോം റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തെ 11 വാണിജ്യ മേഖലകളിൽ പത്തിലും 20000 ൽ ഏറെ വരിക്കാരുണ്ട്. ഇത് ബിഎസ്എൻഎലിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
മികച്ച വേഗതയും ഉപഭോക്തൃസേവനവും ഭാരത് ഫൈബർ നൽകുന്നുണ്ടെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രൈം ഹോമും ഭാരത് ഫൈബറിന് കൂടുതൽ വരിക്കാരെ ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ സേവനദാതാക്കളേക്കാൾ കുറഞ്ഞ നിരക്കും കൂടുകതൽ ഡാറ്റയും ഭാരത് ഫൈബർ വാഗ്ദാനം ചെയ്‌യുന്നതും നേട്ടമാണ്. 399 രൂപയിലാണ് ഭാരത് ഫൈബർ പ്ലാൻ ആരംഭിക്കുന്നത്.