നവംബര്‍ അവസാനിക്കുന്നതു മുതല്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവ സീസണായി. നീണ്ട ആറുമാസങ്ങള്‍ പിന്നീട് ചെറു പൂരങ്ങളും വലിയ പൂരങ്ങളുമാണ്. ഉത്സവങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ ഉപജീവനകാലവും കൂടെയാണ് ഈ ആറ് മാസങ്ങള്‍. വീട്ടിലേക്ക് മടങ്ങാതെ പൂരപ്പറമ്പില്‍ നിന്നും അടുത്ത പൂരപ്പറമ്പിലേക്കാണ് അവരുടെ യാത്ര.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ പൂരം സീസൺ ഇല്ല. ഒപ്പം അപ്രത്യക്ഷരായത് പൂരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരും അവരുടെ ഉപജീവനവും.
*
ഉത്സവ കാലങ്ങളില്‍ വീടുകള്‍ തോറും ‘പനം ചക്കരേ…’ എന്നു നീട്ടി വിളിച്ചു തലച്ചുമടായി പനംചക്കര വില്‍പ്പനയായിരുന്നു പാലക്കാട് അലത്തൂര്‍ സ്വദേശി മിനി*യുടെ തൊഴില്‍. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം വീടുകയറിയിറങ്ങിയുള്ള പനംചക്കര വില്‍പ്പന അവര്‍ നിറുത്തി.
ഇപ്പോള്‍ തലച്ചുമടായി മിനി, പനംചക്കര വില്‍ക്കുന്നില്ല. കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവര്‍ മാത്രമേയുള്ളൂ. പനംകല്‍ക്കണ്ടമാണ്. കവറിന് 120 രൂപ.
“കൊറോണ കാരണം പനംചക്കര വില്‍പ്പന നടക്കുന്നില്ല. ഉത്സവങ്ങളില്ലാത്തതു കൊണ്ട് അവിടെയും വില്‍ക്കാന്‍ പറ്റില്ല. പനംകല്‍ക്കണ്ടം വിറ്റുപോകുന്നുണ്ട്. ചുമയ്ക്ക് നല്ലതാണ്. കൊറോണ വന്നാല്‍ പലര്‍ക്കും ചുമ വിട്ടുമാറാനും പ്രയാസം. അതുകൊണ്ട് പനം കല്‍കണ്ടം വില്‍പ്പന തുടങ്ങി. പലരും വാങ്ങുന്നുണ്ട്” മിനി പറഞ്ഞു.
കൊറോണ വ്യാപിച്ചപ്പോള്‍ ബസുകൾ പലതും സര്‍വീസ് നിര്‍ത്തി. മകന്‍റെ ബൈക്കില്‍ സഞ്ചരിച്ചാണ് ഇപ്പോള്‍ മിനിയുടെ കച്ചവടം. സ്ഥിരം കൊടുക്കുന്ന വീടുകളില്‍ മാത്രമേ കയറൂ, വില്‍പ്പന ഗേറ്റിന് പുറത്തുനിന്നു മാത്രം. — അവര്‍ പറയുന്നു.
*
തൃശൂര്‍ – പാലക്കാട് അതിര്‍ത്തിയിലെ ആറങ്ങോട്ടുകര ഗ്രാമത്തിലെ ചെണ്ട വിദ്വാന്‍ ആറങ്ങോട്ടുകര ശിവന്‍ (ശിവദാസ് എം.) തൃശൂര്‍ പൂരം മുതല്‍ നെന്മാറ വല്ലങ്ങി വേലയ്ക്ക് വരെ കഴിഞ്ഞ 40 വര്‍ഷമായി മേളത്തിനെത്തുന്നയാളാണ്.
“എന്‍റെ കലാജീവിതത്തില്‍ രണ്ട് മുഴുവന്‍ സീസണും നഷ്ടമായ കാലം മറ്റൊന്നില്ല” ആറങ്ങോട്ടുകര ശിവന്‍ പറയുന്നു.
“വല്ല അസുഖവും വന്ന് ഒന്നോ രണ്ടോ പൂരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതല്ലാതെ ഇതുപോലൊരു സ്ഥിതി ഉണ്ടായിട്ടില്ല. ഇത്രയും കാലം കലയുമായി വളരെ ഉത്സാഹ പൂര്‍വ്വമാണ് മുന്നോട്ട് പോയിരുന്നത്. ആറ് മാസത്തെ ഉത്സവകാലത്ത് നാല് മാസവും മേളത്തിന് പോകുമായിരുന്നു.”
പൂരപ്പറമ്പുകളില്‍ ആറുമാസം മേളം കഴിഞ്ഞാല്‍ കുട്ടികളെ ചെണ്ട പഠിപ്പിക്കുകയാണ് ശിവന്‍. 35 വര്‍ഷമായി തുടരുന്ന ഈ അധ്യാപനം കൊറോണ വ്യാപനത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ് ശിവന്‍.
കുട്ടികളെ ഓണ്‍ലൈനായി ചെണ്ട പഠിപ്പിക്കാനില്ല. കുട്ടികളെ നേരില്‍ കണ്ട് അവരുടെ അടുത്തിരുന്നു പഠിപ്പിക്കേണ്ടതാണ് കല. — ശിവന്‍ പറയുന്നു.
*
നാലാം വയസ്സുമുതല്‍ പുള്ളുവന്‍ പാട്ടിന് കളം പന്തലിലേക്ക് പോകാന്‍ തുടങ്ങിയതാണ് തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര ആറ്റൂര്‍ സ്വദേശിനിയായ ആര്‍ അംബുജാക്ഷി. ഇപ്പോള്‍ 72 എത്തി പ്രായം.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായ പുള്ളുവന്‍പാട്ട് സീസൺ നവംബര്‍ മുതല്‍ ജൂണ്‍ ആദ്യവാരം വരെ നീളും.
2020 മാര്‍ച്ച് 8ന് വയനാട് അമ്പലവയലില്‍ നടന്ന പരിപാടിയായിരുന്നു ആ വര്‍ഷത്തെ അവസാന സര്‍പ്പക്കളം പരിപാടിയെന്ന് അംബുജാക്ഷി ഓര്‍ക്കുന്നു. അതിനു ശേഷം 2021 ഫെബ്രുവരിയിലാണ് രണ്ട് പരിപാടികള്‍ ലഭിച്ചത്.
ആറു മാസക്കാലം പുള്ളുവന്‍പാട്ട് അതരിപ്പിച്ച് പിന്നീടുള്ള ആറു മാസക്കാലം ആ വരുമാനം കൊണ്ടാണ് കഴിഞ്ഞു പോന്നത്. ഇപ്പോള്‍ ജീവിക്കാന്‍ വക കണ്ടെത്താന്‍ അംബുജാക്ഷി സ്വര്‍ണം പണയംവച്ചു. കൂടാതെ കൊവിഡ്-19 ബാധിച്ച് ഇടയ്ക്ക് ചികിത്സയിലുമായി. തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ ഓണത്തോടനുബന്ധിച്ച് പാടുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. ഇതുമില്ലെങ്കില്‍ സര്‍ക്കാരിന്‍റെ പെൻഷൻ കൊണ്ടുമാത്രം ജീവിക്കേണ്ട ഗതികേടിലാണ് ഫോക് ലോര്‍ അവാര്‍ഡ് ജേതാവുകൂടെയായ അംബുജാക്ഷി.
“സ്ഥിരം പോകുന്ന വീടുകളാണ്. ചിലര്‍ കൈ അറിഞ്ഞ് സഹായിക്കും. ചിലര്‍ കൊറോണ കാലമല്ലേ നാവൂറ് പാടണ്ട എന്നു പറഞ്ഞു മടക്കിയയക്കും.” അവര്‍ പറയുന്നു.
*
ഉത്രാളിക്കാവ് പൂരത്തിന് വടക്കാഞ്ചേരി ദേശത്തിന്‍റെ ശബ്‍ദവും വെളിച്ചവും (ലൈറ്റ് ആൻഡ് സൗണ്ട്) കഴിഞ്ഞ ഏട്ട് വര്‍ഷമായി വടക്കാഞ്ചേരി സ്വദേശി സുരേഷ് (മുഴുവന്‍ പേര്) ആണ് ചെയ്യുന്നത്. തൃശ്ശൂരിന് പുറത്തും സുരേഷ് സമാനമായ ജോലി ചെയ്യുന്നു.
“കൊറോണ കാരണം ജനങ്ങള്‍ കൂടുന്ന പരിപാടികളെല്ലാം ഒരുമിച്ച് റദ്ദാക്കി. വലിയ ബുദ്ധിമുട്ടിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം,” സുരേഷ് പറയുന്നു.
“2020 ആദ്യം പുതിയ ചില ഇന്‍സ്ട്രുമെന്‍റുകള്‍ വാങ്ങി വച്ചിരുന്നു. കൊറോണ വന്നതോടെ അതെല്ലാം -കട്ടപ്പുറത്താ-യി. ഉപയോഗിക്കാതെയിരുന്നാല്‍ ഇതെല്ലാം നശിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളല്ലേ. അന്ന് വാങ്ങിയ ചില ഉപകരണങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റ് ഉപകരണങ്ങള്‍ നശിക്കാതിരിക്കാനായി വാടകയ്ക്ക് കൊടുക്കുന്നു.” സുരേഷ് പറയുന്നു.
സ്ഥിരംജോലി ഇല്ലാതായതോടെ സുരേഷ് വെല്‍ഡര്‍ ആയി. കലാകാരന്മാര്‍ക്കും സൗണ്ട് വര്‍ക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 2000 രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് സുരേഷ് അപക്ഷിച്ചില്ല.
“സര്‍ക്കാര്‍ 2000 രൂപ തരുന്നതിന് നമ്മള്‍ 5000 രൂപയുടെ പണിയെടുക്കണം. സര്‍ക്കാര്‍ പറയുന്ന രേഖകളെല്ലാം സമര്‍പ്പിക്കുന്നതിനും മറ്റുമായി പണച്ചെലവേറെയാണ്. പോരാത്തതിനു സമയ നഷ്ടവും. ആ സമയത്ത് പണിക്ക് പോയാല്‍ അതിനേക്കാള്‍ വലിയ തുക കിട്ടും.”
*
ഉത്സവപ്പറമ്പുകളില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ പാടി ജനങ്ങളെ കൈയ്യിലെടുക്കലായിരുന്നു നാടന്‍പാട്ട് കലാകാരന്‍ ഗിരീഷ് (മുഴുവന്‍ പേര്).
കൊറോണയ്ക്ക് മുൻപ് ഗിരീഷിന് കൈനിറയെ അവസരങ്ങളായിരുന്നു. ഒരു ദിവസം രണ്ടും മൂന്നും പരിപാടികള്‍ അവതരിപ്പിച്ചു. കൊറോണയുടെ വരവോടെ ഇതെല്ലാം നിലച്ചു – ഗിരീഷ് പറയുന്നു.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പൂന്തോപ്പ് സൂക്ഷിപ്പുകാരനാണ് ഇപ്പോള്‍ ഗിരീഷ്. യൂണിവേഴ്‌സിറ്റിയിലെ ഓരോ പഠന വകുപ്പിലും നടക്കുന്ന പരിപാടികള്‍ മുതല്‍ ക്ലബ്ബുകള്‍ നടത്തുന്ന ഗാനമേളകള്‍ക്ക് വരെ മുൻപ് ഗിരീഷ് പങ്കെടുക്കുമായിരുന്നു. സ്‌കൂള്‍ യുവജനോത്സവത്തിനും മറ്റും കുട്ടികളെ നാടന്‍പാട്ട് പഠിപ്പിക്കുന്നതിനും ഗിരീഷ് പോകാറുണ്ടായിരുന്നു.
‘ശരിക്കും ക്ലബ്ബ് നടത്തി കൊണ്ടുവന്നിരുന്ന പരിപാടികള്‍ പ്രളയം മുതല്‍ക്കെ നിര്‍ത്തിവെച്ചിരുന്നു. ക്ലബ്ബിന്റെ ആഘോഷങ്ങളെല്ലാം ഇപ്പോള്‍ നടക്കാറില്ല. വൈകുന്നേരങ്ങളില്‍ ക്ലബ്ബില്‍ വെച്ച് നടന്നിരുന്ന പ്രാക്ടീസ് എല്ലാം നിന്നു. മനുഷ്യരെ തമ്മില്‍ കാണാതായി.’ — ഗിരീഷ് പറഞ്ഞു.
****