പല തരം പഴങ്ങൾ ചേർത്ത് കഴിക്കുക, പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് കഴിക്കുക, നോൺ വെജിറ്റെറിയൻ ആഹാരവും പാലുത്പന്നങ്ങളും ഒരുമിച്ച് കഴിക്കുക തുടങ്ങിയവ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ദഹന സംബന്ധമായ പ്രശ്നങ്ങളാണ് ആദ്യം ഉടലെടുക്കുക, പിന്നീട് അത് മറ്റ് രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ നമുക്ക് വളരെ രുചികരമെന്ന് തോന്നുന്ന, ഇഷ്ട കോമ്പിനേഷനുകൾ എത്രത്തോളം ആരോഗ്യകരമാണ് എന്ന് അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. അവയിൽ ചിലത്.
രണ്ട് തരം പ്രോട്ടീൻ ഭക്ഷണങ്ങൾ :
നല്ല ആരോഗ്യത്തിന് പ്രോട്ടീൻ കൂടിയേ തീരൂ… എന്നാൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയ രണ്ടോ അതിലധികമോ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ആരോഗത്തിന് നല്ലതല്ല, ഇവ ഒരുമിച്ച് ആമാശയത്തിൽ എത്തുന്നത് ദഹന പ്രക്രിയ വൈകിപ്പിക്കുകയും വയർ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും. ക്രമേണ ഈ ശീലം ഗുരുതര രോഗങ്ങൾക്ക് വഴി വെക്കും. മുട്ടയോടൊപ്പം പല തരത്തിലുള്ള മാംസാഹാരങ്ങൾ കൂടി ചേർത്ത് കഴിക്കുന്നത് വളരെ ദോഷകരമാണ്.
സിട്രസ് പഴങ്ങളും പാലും:
പാലിനോടൊപ്പം സിട്രസ് പഴങ്ങൾ ചേർത്ത് കഴിക്കുന്നത് നല്ലതല്ല. പാൽ ദഹിക്കുന്നതിനായി ധാരാളം സമയമെടുക്കും. ഇത് നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോടൊപ്പം ചേരുമ്പോൾ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ട് തന്നെ ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിച്ചോളൂ.
പാലും പഴവും
പാലും പഴവും ഒരുമിച്ച് കഴിക്കുന്ന പ്രവണത പണ്ട് മുതലേ ഉണ്ട്. ജ്യൂസ് , ഷേക്ക്, അവൽ മിൽക്ക് തുടങ്ങിയ ഭക്ഷണങ്ങൾ ഇതിന് ഉദാഹരണമാണ്. ഇങ്ങനെ കഴിക്കുന്നതോടെ ദഹന സമയം വൈകും. മാത്രമല്ല, ദഹനം നടക്കുന്ന സമയത്ത് ശരീരത്തിന് ക്ഷീണം അനുഭവിക്കുകയും ചെയ്യും. അതിനാൽ ഇങ്ങനെ കഴിക്കുന്ന ശീലം മാറ്റുകയാണ് മികച്ച ഓപ്ഷൻ, അല്ലെങ്കിൽ പാലും പഴവും ഒരുമിച്ച് കഴിക്കുമ്പോൾ അല്പം കറുവപ്പട്ട പൊടിച്ചത് കൂടി ചേർക്കാം. ഇത് ദഹന പ്രക്രിയയെ വേഗത്തിലാക്കും.
ആഹാരത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത്:
ആഹാരത്തോടോപ്പമോ ആഹാരം കഴിച്ച ഉടനെയോ ഏതെങ്കിലും പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ വാസ്തവത്തിൽ ഇത് മറിച്ചാണ്. ഈ ശീലം ദഹന സമയം ഇരട്ടിപ്പിക്കാൻ മാത്രമേ സഹായിക്കൂ. നമ്മൾ കഴിക്കുന്ന ആഹാരം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതിനു പുറമേ പഴങ്ങൾ കൂടി കഴിക്കുമ്പോൾ കൂടുതൽ സമയം എടുക്കുക മാത്രമല്ല, ദഹന പ്രക്രിയ സങ്കീർണമാകുകയും ചെയ്യും. അതിനാൽ ആഹാരം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം പഴങ്ങൾ കഴിക്കാം.
ചീസ് ഭക്ഷണങ്ങളും തണുത്ത വെള്ളവും:
നന്നായി ചീസ് ചേർത്ത പിസയും തണുത്ത പാനീയങ്ങളും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ്, എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് തിരിച്ചറിയുക. പിസ മാത്രമല്ല, എണ്ണമയം കലർന്ന ഒരു ഭക്ഷണത്തോടോപ്പവും തണുത്ത പാനീയം കഴിക്കരുത്. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ തടസം സൃഷ്ടിക്കും, ദഹന പ്രക്രിയ ദീർഘിപ്പിക്കുകയും ചെയ്യും. അതിനാൽ ഈ ശീലവും ഇനി മുതൽ മറന്നേക്കൂ..നിങ്ങളുടെ ആരോഗ്യത്തിനായി.