തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറന്ന് ക്ലാസുകൾ ആരംഭിക്കാനുള്ള ആലോചനയുമായി സർക്കാർ. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യംമാധ്യമങ്ങളോട് പറഞ്ഞത്.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിലുൾപ്പെടെ സ്കൂളുകൾ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാകും സ്കൂൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക.കുട്ടികൾക്ക്വാക്സിൻനൽകിയതിന് ശേഷം സ്കൂളുകൾ തുറന്നാൽ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോർട്ടും മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
അതിനിടെ, എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽ മീഡിയിൽ വിമർശിക്കാൻ ചിലരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വൺ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണ്ഉള്ളതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala Government Will Consider School Reopening