യുപിഐ പണമിടപാട് സേവനമായ ഗൂഗിൾ പേയിലൂടെ ഇന്ത്യക്കാർക്ക് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങാൻ ഗൂഗിൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പ് “സേതു”വുമായി ഗൂഗിളിന്റെ പങ്കാളിത്തത്തിന്റെ ഫലമായാണ് പുതിയ സംവിധാനം വരുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളിലൊന്നാണ് ഗൂഗിൾ പേ, പുതിയ ഫീച്ചർ വരുന്നതോടെ ബാങ്കുകൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് ആപ്പിനുള്ളിൽ നിന്ന് സ്ഥിര നിക്ഷേപങ്ങൾ തുടങ്ങാൻ സാധിക്കും.
‘മാഷബിളി’ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആദ്യഘട്ടത്തിൽ ഗൂഗിൾ പേ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിലാണ് ഉപയോക്താക്കളെ ഒരു വർഷത്തേക്ക് വരെയുള്ള സ്ഥിര നിക്ഷേപം തുടങ്ങാൻ അനുവദിക്കുക.
ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്കുകളെയും ഉടൻ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി പലിശ നിരക്ക് 6.35 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താൽപ്പര്യമുള്ള ഉപയോക്താക്കൾ ആധാർ അധിഷ്‌ഠിത കെവൈസിയും ഒറ്റത്തവണ പാസ്‌വേഡും (ഒടിപി) വഴിയാണ് സൈൻ അപ് ചെയ്യേണ്ടത്.
ബിൽ പേയ്‌മെന്റുകൾ, സേവിംഗ്സ്, ക്രെഡിറ്റ്, പേയ്‌മെന്റുകൾ എന്നിവയിൽ ഇടപാടുകാരന് എപിഐ-കൾ നൽകുന്ന ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എപിഐ) സ്റ്റാർട്ടപ്പാണ് ഫിൻടെക് സ്റ്റാർട്ടപ്പ് സേതു. വിവിധ കാലയളവുകളിലേക്ക് സ്ഥിര നിക്ഷേപം നടത്താൻ കഴിയുന്ന ഒരു ടെസ്റ്റിംഗ് പതിപ്പ് കമ്പനി ഇതിനകം പ്ലാറ്റ്ഫോമിൽ കമ്പനി സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയപ്പെടുന്നു.
Also read: പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക
ഇതിൽ 7-29 ദിവസം, 30-45 ദിവസം, 46-90 ദിവസം, 91-180 ദിവസം, 181-364 ദിവസം, 365 ദിവസം വരെയുള്ള കാലയളവുകൾ ഉണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപത്തിന് 3.5 ശതമാനവും വാർഷിക നിക്ഷേപത്തിന് 6.35 ശതമാനം വരെയുമാണ് പലിശ പലിശ നൽകുന്നത്.
എന്നാൽ ഗൂഗിൾ ഔദ്യോഗികമായി ഇതു സംബന്ധിച്ച അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് കൂടുതൽ അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
The post ഗൂഗിൾ പേയിൽ ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങാം; പുതിയ സംവിധാനം വരുന്നതായി റിപ്പോർട്ട് appeared first on Indian Express Malayalam.