തിരുവനന്തപുരം: സ്പ്ലിംഗർ വിവാദത്തിൽ മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട്. സ്പ്ലിംഗർ കരാർ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച മാധവൻ നമ്പ്യാർ സമിതി റിപ്പോർട്ട് പഠിക്കാനായി സർക്കാർ നിയോഗിച്ച സമിതിയാണ് ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയത്. കരാറിൽ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എംഎൽഎമാരായ പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനെ തുടർന്നാണ് സർക്കാർ മുൻ നിയമസെക്രട്ടറി കെ. ശശിധരൻനായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. സമിതിക്ക് വേണ്ടി 5.27 ലക്ഷം രൂപ ചിലവഴിച്ചതായും സർക്കാർ മറുപടിയിൽ പറയുന്നു.
ഏപ്രിൽ 24നാണ് സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. കോവിഡ് വിവര ശേഖരണത്തിന് സ്പ്ലിംഗർ കമ്പനിയെ ചുമതലപ്പെടുത്തിയ കരാർ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നും ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
എന്നാൽ ഒരുമാസത്തോളം മാത്രമാണ് സ്പ്ലിംഗർ കരാർ നിലനിന്നതെന്നും ഡാറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ഡാറ്റയും സിഡിറ്റിന്റെ ഡാറ്റാ സെന്ററിലേക്ക് മാറ്റിയതായും ഇതിൽ വ്യക്തമാക്കുന്നു.
കോവിഡ് വിവര വിശകലനവുമായി ബന്ധപ്പെട്ട് സ്പ്രിംഗ്ലർ കമ്പനിയമായി സംസ്ഥാന സർക്കാർ കരാറിലേർപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ സർക്കാർ ആദ്യം മാധവൻ നായർ സമിതിയെ വിഷയം പരിശോധിക്കാനായി നിയോഗിച്ചിരുന്നു. ഒരു തരത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് കരാരിൽ ഏർപ്പെട്ടത് എന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. എം. ശിവശങ്കറിന് ഗുരുതര വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന് സർക്കാർ മറ്റൊരു സമിതിയെ കൂടെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. ആദ്യ സമിതിയുടെറിപ്പോർട്ടിനെ മയപ്പെടുത്തുന്ന റിപ്പോർട്ടാണ് മൂന്നംഗ സമിതിയുടേത്. സർക്കാരിനെ പരമാവധി രക്ഷിക്കുന്ന റിപ്പോർട്ടിൽ ശിവശങ്കറിനെ കുറ്റപ്പെടുത്തുന്നുമുണ്ട്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
കരാർ നൽകുന്നതിന് മുമ്പ് സ്പ്ലിംഗറിന്റെ ശേഷി വിലയിരുത്തിയില്ല. സ്വകാര്യ ഡാറ്റകൾ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചില്ല. നിയമപ്രകാരമുള്ള കരാറുകൾ ഒപ്പുവെച്ചില്ല. ഐടി വകുപ്പിൽ ഇതിനേപ്പറ്റിയുള്ള കൃത്യമായ ഫയലുകളുണ്ടായിരുന്നില്ല. സെക്രട്ടേറിയേറ്റ് ഓഫീസ് മാന്വൽ പ്രകാരമുള്ള ഫയൽ നീക്കം കരാറുമായി ബന്ധപ്പെട്ട് നടന്നില്ല.മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ കോവിഡ് വിവരങ്ങൾ അപ്ലോഡ് ചെയ്തു.
Content Highlights: M sivasankar,clean chit,sprinkler contract