ഓസ്‌ട്രേലിയയിലെ ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള ഇളവ് തുടരും.
രാജ്യത്ത് കൊവിഡ് ബാധ വീണ്ടും രൂക്ഷമാകുന്നതോടെ ഏജ്ഡ് മേഖലയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സമ്മർദ്ദം കൂടുകയാണ്.
ഇതിന് അയവ് വരുത്തുക എന്ന ഉദ്ദേശത്തോടെ ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിൽ 40 മണിക്കൂറിലേറെ ജോലി ചെയ്യാനുള്ള ഇളവ് തുടരുന്നത്.
ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ രാജ്യാന്തര വിദ്യാർത്ഥികൾക്കും ഇത് ബാധകമാണ്. ഇവർ എന്ന് ജോലി തുടങ്ങി എന്നത് ഇതിന് ഒരു മാനദണ്ഡമല്ല.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാവുന്നത്. എന്നാൽ, ഓസ്‌ട്രേലിയയിൽ കൊവിഡ് സാഹചര്യം മോശമായതോടെ കഴിഞ്ഞ വർഷം പല മേഖലകളിലും ഇവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നു.
എന്നാൽ 2020 സെപ്റ്റംബർ എട്ടിന് ശേഷം ഈ മേഖലയിൽ ജോലി ആരംഭിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്ക് അധിക സമയം ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നില്ല.
ടൂറിസം മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നതിനുള്ള സമയനിയന്ത്രണവും ഒഴിവാക്കിയിരുന്നു.
രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം കൂടുന്നതിനാൽ, ഏജ്ഡ് കെയർ ജീവനക്കാർക്കും, നഴ്സുമാർക്കും മേഖലയിലെ മറ്റ് ജീവനക്കാർക്കും സമ്മർദ്ദം കൂടുകയാണെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. അതിനാലാണ് ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള ഇളവ് തുടരുന്നത്.
നഴ്‌സിംഗിനായി എൻറോൾ ചെയ്ത വിദ്യാർത്ഥി വിസയിലുള്ളവർക്കും ആരോഗ്യ അധികൃതരുടെ നിർദ്ദേശപ്രകാരം ജോലി ചെയ്യാമെന്ന് സർക്കാർ അറിയിച്ചു.
ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർ സെപ്‌റ്റംബർ 17 മുതൽ ജോലിയിൽ തുടരണമെങ്കിൽ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം എന്നതാണ് സർക്കാർ നിർദ്ദേശം.
കടപ്പാട്: SBS മലയാളം.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp ഗ്രൂപ്പിൽ അംഗമാകാൻ