ന്യൂഡൽഹി: സ്വന്തം രാജ്യത്ത് നിന്നുമുള്ള അഫ്ഗാൻ ജനതയുടെ പാലായനം തുടരുന്നതിനിടെ താലിബാനെ പ്രശംസിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. താലിബാൻ ഇത്തവണ വളരെ നല്ല മനസോടെയാണ് വന്നിരിക്കുന്നത് എന്നാണ് അഫ്രീദി പറഞ്ഞത്. പാക്കിസ്ഥാനി മാധ്യമപ്രവർത്തക നൈല ഇനായത് ആണ് അഫ്രീദി മാധ്യമപ്രവർത്തകരോട് പറയുന്ന വീഡിയോ പങ്കുവച്ചത്.
“അവർ ഇത്തവണ വളരെ നല്ല മനസോടെയാണ് വന്നിരിക്കുന്നത്. രാഷ്ട്രീയത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അവർ സ്ത്രീകളെ അനുവദിക്കുന്നുണ്ട്” എന്നാണ് അഫ്രീദി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അഫ്ഗാനിലെ അടിസ്ഥാന യാഥാർഥ്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള അഫ്രിദിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബ് സ്‌ഫോടനത്തിൽ 13 യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 170 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രസ്താവന.
പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ തന്റെ അവസാന മത്സരം കളിക്കുന്ന 46-കാരനായ അഫ്രീദി, “താലിബാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നുണ്ട്.” എന്നും പറഞ്ഞു. അവർ ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ക്രിക്കറ്റിനെ വളരാൻ സഹായിക്കുമെന്നും അഫ്രീദി പറഞ്ഞു.
നേരത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. ക്രിക്കറ്റ് പ്രവർത്തനങ്ങൾക്ക് മേൽ ഒരു ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും തങ്ങളെ മാനിക്കുന്നുണ്ടെന്നും ക്രിക്കറ്റ് ബോർഡ് പറഞ്ഞു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്റെ പിന്നാലെയായിരുന്നു ബോർഡിന്റെ പ്രതികരണം.
Also read: അഫ്‌ഗാനിസ്ഥാൻ: യുഎസ് പിന്മാറ്റം പൂർണം; അവസാന വിമാനവും കാബൂൾ വിട്ടു
The post സ്ത്രീകൾക്ക് ജോലിക്ക് പോകാം, താലിബാൻ വന്നിരിക്കുന്നത് അനുകൂല മനസോടെ: ഷാഹിദ് അഫ്രീദി appeared first on Indian Express Malayalam.