” പൂച്ച മരണവും എലി മനുഷ്യനുമാണെന്ന് നിരൂപിച്ചു നോക്കൂ, മനുഷ്യാ,എങ്ങനെയാവും നിന്‍റെ മരണം?” രാജൻ സി എച്ച് എഴുതിയ കവിത വായിക്കാം
തൂങ്ങിമരണം
ആകാശമാവും
ഏറ്റവും വലിയ കുരുക്ക്,
ഓരോരുത്തരുടേയും
കഴുത്തിന് ചുറ്റും.
മുറുകണമെങ്കില്‍
അതാരെങ്കിലും
മുകളിലേക്ക് വലിക്കണം.
അതല്ലെങ്കില്‍ നില്‍ക്കുന്ന
ഭൂമി തട്ടി മാറ്റണം.
ഭൂമി കാലില്‍
പിടിച്ചു നിര്‍ത്തിയിരിക്കയാവും
ബലമായി.
കാലിന്നടിയില്‍
ഭൂമിയില്ലാതായാല്‍
തൂങ്ങിയൊടുങ്ങുമെല്ലാം.
കൊല
കൊല്ലുന്നവര്‍ക്കറിയുമോ
കൊല്ലുമ്പോളൊരാള്‍
ഇല്ലാതാവുകയല്ല
പുതിയൊരാളാവുകയാണെന്ന്?
മരിച്ചു കഴിഞ്ഞവരാണ്
പുനര്‍ജ്ജനിക്കുക.
അയാളയാളായല്ല,
സൂക്ഷ്മമായ ഓര്‍മ്മകളോ
അനുഭവങ്ങളോ ആയി.
അതുവരെ കണ്ടവരെങ്കിലും
അതുവരെ കാണാത്തൊരാളായി.
അതുവരെ ഇല്ലാതിരുന്നൊരാളായി.
മരിച്ചില്ലാതായൊരാളല്ല
ഉണ്മയെന്നു
തെളിയിക്കുമൊരാളായി.
എത്ര വേഗമാണ്
അത്രകാലവും വെറുത്തിരുന്നൊരാള്‍
സ്നേഹനിധിയാവുന്നത്!
അത്ര കാലവും പ്രണയിച്ചിരുന്നൊരാള്‍
വെറും മണ്‍പ്രതിമയാകുന്നത്!
വൃദ്ധനായൊരാള്‍
യുവാവാകുന്നത്!
സമാധാനപ്രിയനായൊരാള്‍
യുദ്ധോത്സുകനാകുന്നത്!
എത്രവേഗമാണ്
ഇല്ലാതായൊരാള്‍
ഉണ്മയാകുന്നത്?
സത്തയായൊരാള്‍
അസത്താകുന്നത്?
എത്രയെത്രയാണ്
അപരിചിതമായതൊക്കെ
പരിചിതമാകുന്നത്,
മറിച്ചും?
മരണം
ഒന്നിനുമൊരു
പരിഹാരമാവുന്നേയില്ല.
എങ്ങനെയാവും?
ചില പൂച്ചകള്‍ പതുങ്ങിയിരുന്ന്
ചാടിപ്പിടിച്ചു കൊന്നു തിന്നും എലിയെ.
ചില പൂച്ചകള്‍ ഓടിച്ചു പിടിച്ചു
ഭീതിപ്പെടുത്തിക്കൊന്നു തിന്നും എലിയെ.
ചില പൂച്ചകള്‍ തൊട്ടേ തൊട്ടേയെന്നു
പിന്നാലെയോടി കളിപ്പിച്ചു
കൊന്നു തിന്നും എലിയെ.
ചില പൂച്ചകള്‍ ഓമനിച്ചു
ആനന്ദിപ്പിച്ചു കൊന്നു തിന്നും എലിയെ.
പൂച്ചകളെങ്ങനേയും
എലിയെപ്പിടിച്ചു കൊന്നു തിന്നും.
പൂച്ചയെ ഒളിഞ്ഞിരിക്കും
എലിയറിയുന്നുണ്ടാവുമോ
എങ്ങനെയാവും കൊന്നു തിന്നുകയെന്ന്?
പൂച്ച മരണവും എലി മനുഷ്യനുമാണെന്ന്
നിരൂപിച്ചു നോക്കൂ,
മനുഷ്യാ,എങ്ങനെയാവും
നിന്‍റെ മരണം?