“കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്” അർജുൻ രവീന്ദ്രൻ എഴുതിയ കഥ
നായനാർ മലയിൽ നിന്ന് പൊതിഞ്ഞുകെട്ടി കൊണ്ടുവന്ന വാറ്റും കുടിച്ചിരുന്ന ദേവൻ ഉച്ചയുറക്കത്തിലേയ്ക്ക് വഴുതിപ്പോയി. തെക്കൻ ദിക്കിൽ കലയാണിക്കുന്ന് കാർമേഘ കനപ്പിൽ ഇരുണ്ടുകിടക്കുന്നു. നേരെ എതിർ ദിശയിൽ നായനാർ മല ഉച്ചവെയിലിൽ മുങ്ങിയിരിക്കുന്നു. മേഘങ്ങളുടെ യാത്ര വടക്കോട്ടാണ്. ഉച്ചവെയിലിലും നേരിയ മഴക്കോളുണ്ട്.
മലയിറങ്ങി വന്ന പലരും പാടാൻ കവലയിലെ പ്ലാവിൻ ചുവട്ടിൽ ബോധം കെട്ടുറങ്ങിയ ദേവനെ തൊട്ടുതലോടിപ്പോയി. വലിയമ്മാവൻ കമ്മാരനെശമാന്റെ ജീപ്പ് കുന്നിടിച്ചിറങ്ങിപ്പോയി.
ദേവന്റെ ഉച്ചനേരങ്ങൾ ഇപ്പോഴിങ്ങനെയാണ്. മലയിടിച്ച് ചികഞ്ഞെടുത്ത പണത്തിൽ പാതിയും നായനാർ മലയിലെ കശുവണ്ടിത്തോപ്പുകളിൽ വാറ്റിവെളുപ്പിക്കുന്നു. വാറ്റിവെളുത്ത ഉടലും മനസും മലയടിവാരത്ത് വൈകുന്നേരം കാത്ത് കിടക്കുന്നു.
ഉറക്കത്തിനിടെയെപ്പഴോ കണ്ണുതുറന്ന ദേവൻ കവലയിൽ അവനെ വീണ്ടും കണ്ടു.
കലയാൻ!
നാൽപത് കൊല്ലം മുൻപ് കണ്ട അതേ ചുരുൾ മുടി, കുട്ടിത്തം നിറഞ്ഞ ചിരി. കരയാൻ തുളുമ്പി നിൽക്കുന്ന കണ്ണുകൾ. വലിയ ചങ്ങായിത്തം ഒന്നുമില്ലെങ്കിലും അവനെ കണ്ടപ്പോൾ ദേവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി, ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
തോമസേട്ടന്റെ ചായക്കടയിലിരുന്ന് ബാക്കിവന്ന വാറ്റ് അവരിത്തിരി കുടിച്ചു. ദേവനൊരു സിഗററ്റെടുത്തു കത്തിച്ചു, കലയാനൊരു ബീഡിയും. തോമസേട്ടൻ പുരികം വളച്ച് കൊണ്ട് കലയാനെ നോക്കി. കത്തിച്ച ബീഡിപ്പുകയൂതിവിട്ട് കലയാൻ തോമസേട്ടന്റെ ടിവിയിലേയ്ക്ക് നോക്കി. അവന് രസിക്കാത്ത ഏതോ ഒരു കോമഡി അതിലുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്തവരാണ്, വിദ്യയഭ്യസിച്ച് കൂടാത്തവരാണ് എന്ന പൊതുബോധത്തെ നർമത്തിലൂടെ ന്യായീകരിച്ചിരിക്കുകയാണ്. പാടാൻ കവലയിലെ പലചരക്ക് കടയിലെ ത്രാസിൽ മാത്രമല്ല താഴേത്തട്ടും മേലേത്തട്ടും ഉള്ളതെന്ന് അവന് തോന്നി. ഇരുണ്ടു തെളിഞ്ഞ നുണക്കുഴികളുള്ള മുഖത്ത് മലദൈവങ്ങളുടെ കനലാട്ടം പോലെ മേലേരിയെരിഞ്ഞു.
“എടവപ്പാതിയുടെ ഉച്ചത്തണുപ്പത്ത് വാറ്റും സിഗരറ്റും നല്ല കോമ്പിനേഷനാ. തലയ്ക്ക് രണ്ടടി കിട്ടിയ പോലെയാ,” ദേവൻ നായനാർ മല നോക്കി പറഞ്ഞു.
സിഗരറ്റ് തീർന്നിട്ടും തീരാത്ത ബീഡി നോക്കി കലയാൻ ചിരിച്ചു. ഒരിറ്റ് മൗനത്തിന് ശേഷം അവൻ സംസാരിച്ചുതുടങ്ങി.
“ ദേവാ, വീട്ടിലേക്ക് വാ. കാട് കാണണം എന്ന് നീ പണ്ട് പറഞ്ഞിരുന്നില്ലേ?”
ദേവൻ അവനെ അത്ഭുതത്തോടെ നോക്കി. പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചിരുന്ന പഴയ കലയാൻ അല്ലായിരുന്നു അത്. അവൻ ആളാകെ മാറിപ്പോയി.
“ നിനക്ക് മിന്നായം പൊതി കാണണ്ടേ?”
മിന്നായം പൊതി! കലയാണിക്കുന്നിൽ വച്ച് മാത്രം കാണാനാകുന്ന വിസ്മയം! വാൽ നക്ഷത്രത്തിന് കലയാണികൾ വിളിക്കുന്ന പേരാണ് ‘മിന്നായം പൊതി.’ കലയാണിക്കുന്നിൽ ദൈവങ്ങൾ പിറക്കുന്നത് മിന്നായം പൊതി പായുമ്പോഴാണ്.
അച്ഛൻ പറഞ്ഞു തന്ന പഴങ്കഥകൾ ദേവനോർത്തു.
“നിന്റെ വീട് ഊരകത്ത് അല്ലേ. കുറേ കുന്ന് കയറണ്ടേ,” ഒരിറക്ക് വാറ്റകത്താക്കി ദേവൻ ചോദിച്ചു.
“അതിനെന്താ ഞാനില്ലേ. ആഞ്ഞിലിക്കാവ് വരെ നീ പണ്ട് വന്നിട്ടില്ലേ? വിനോദന്റെ കൂടെ. അവിടുന്നകത്തേക്ക് നീ കേറിയില്ല.”
കലയാൻ പരിഭവം പറഞ്ഞു.
പാടാൻ കവലയിൽനിന്ന് കരിന്തോടും നായാട്ടുപാറയും കടന്ന് തെക്കൻ കയറ്റം കുത്തനെ കയറി ചെട്ടിച്ചിപ്പാറയും ആഞ്ഞിലിക്കാവും കുന്നച്ചാലും കടന്ന് കലയാണിക്കുന്നിന്റെ മുകളറ്റമായ മേലുലകത്തിന് തൊട്ടുതാഴെ ഊരകം.
“പഴയ കാലം അല്ലേ കലയാ. അന്നൊക്കെ ഊരകത്ത് കേറിയാ പിന്നെ താഴ്‌വാരത്ത് ഊരുവിലക്കാണ്.”
“ഇപ്പോഴും മാറ്റമൊന്നുമില്ല,” കലയാൻ ചിരിച്ചു. “നീ വാ, നിനക്ക് കാട് കാണണ്ടേ, ഊരകത്തിനുമപ്പുറമുള്ള പുലി പാതാളം കാണണ്ടേ?”
അച്ഛൻ പറഞ്ഞു തന്ന പുലിപാതാളത്തിന്റെ കഥകൾ ദേവൻ മനസിലോർത്തു. കലയാനുമായി അടുപ്പം കൂടിയത് പുലി പാതാളത്തേക്കുറിച്ച് അറിയാൻ വേണ്ടി മാത്രമായിരുന്നു, അതിന് വേണ്ടി മാത്രം.
അന്നവൻ പറഞ്ഞു തന്ന കഥകളേറെയും കലയാണിക്കുന്നിനെ പറ്റിയായിരുന്നു. അവിടെ ജീവിച്ച മനുഷ്യരെപ്പറ്റി, അവരുടെ വീരേതിഹാസങ്ങൾ മാറ്റിയെഴുതപ്പെട്ടതിനെ പറ്റി.
കലയാണിക്കുന്നിന്റെ മുകളറ്റം നോക്കി ദേവൻ നെടുവീർപ്പിട്ടു. “അത് വേറൊരു ലോകം ആണ്. എന്തൊക്കെ കാഴ്ചകളായിരിക്കും അതിനകത്ത് ഒളിഞ്ഞിരിക്കുന്നത്.”
“ഇപ്പോ അങ്ങനെ വലിയ കാഴ്ചകൾ ഒന്നുമില്ല. ഉള്ള കാഴ്ചകൾ കുന്നിനമപ്പുറത്തായിരുന്നു. അതും പാതിയിലേറെ കുഴിച്ചെടുത്ത് നിങ്ങളുടെ വീടുകൾ പണിതു,” ചിരിച്ചു കൊണ്ട് കലയാൻ ഇളം തണുപ്പിൽ ഒരു ബീഡി കൂടെ കത്തിച്ചു.
“അപ്പോ ഒന്നുമില്ലേ കാണാൻ?”
“കാഴ്ചകൾ ഉണ്ടായിരുന്നത്, ഞങ്ങളും അവരും പരസ്പരം കൊണ്ടും കൊടുത്തും പോരടിച്ചും കഴിഞ്ഞ കാലത്താണ്. അവർ പല്ലും നഖവും ഞങ്ങൾ അമ്പും വില്ലും എടുത്തു. പക്ഷെ ഒരിക്കലും പരസ്പരം കുഴി മാന്തിയില്ല. ഒരുമിച്ച് കഴിഞ്ഞു പോന്നു.”
നരിക്കറ്റന്റെ കാലടിപ്പാടുകൾ നോക്കി കലയാൻ പറഞ്ഞു.
പെരുങ്കയറ്റം.
അവർ നടന്നു തുടങ്ങി. കാർമേഘക്കെട്ടിന് കീഴെ, കാടുവയക്കിപ്പണിഞ്ഞെടുത്ത പാതയിലൂടെ മേലുലകത്തേക്ക് നടന്നു.
കരിന്തോടും നായാട്ട് പാറയും കടന്നു. വേട്ടയ്ക്കരന്റെ കാവിൽ തൊഴുതു. മഞ്ചാടി മേട്ടിലെ അച്ചിയെ വണങ്ങി. വഴിയായ വഴിയിൽ കണ്ട ഭൂതങ്ങളെയും നാഗങ്ങളെയും വണങ്ങി.
തന്റെ തറവാട്ട് മച്ചിലിരിക്കുന്ന ദൈവങ്ങൾ തന്നെയാണല്ലോ ഇവിടെയുമുള്ളത്. എടുത്ത പാത്രത്തിനനുസരിച്ച് രൂപം മാറുന്ന ജലം പോലെയാണ് ഈശ്വരചൈതന്യം.
“എല്ലാം ബോധമാണ്, എല്ലാം ഒന്നാണ്,” ദേവൻ പരന്നു കിടക്കുന്ന താഴ്‌വാരം നോക്കി പ്രസ്താവിച്ചു.
“നീ ഒരുപാട് പഠിച്ചു അല്ലേ. എനിക്കൊന്നും പഠിക്കാൻ പറ്റിയില്ല,” കലയാൻ താഴ്‌വാരം നോക്കി നിന്നു.
നാൽപത് വർഷം മുൻപുള്ള ഒരു ഇടവപ്പാതി വൈകുന്നേരത്ത് ക്ലാസിൽ നിന്ന് പോയ കലയാനെ പിന്നീട് ദേവൻ കാണുന്നത് ഇന്നാണ്.
പഠിക്കാൻ അവന് വലിയ താൽപര്യമായിരുന്നു, ദേവൻ ഓർത്തു. പക്ഷേ അധികകാലം പഠനം തുടരാൻ കഴിഞ്ഞില്ല.
ഊരും പേരും ഉരുവവും മുൻനിർത്തി ക്ലാസ് മുറിയൊന്നാകെയുന്നയിച്ച ചില ചോദ്യങ്ങളിൽ അവൻ തകർന്നുപോയി.
അവൻ ക്ലാസിൽ വരാതായി. അവനെങ്ങുപോയി, എവിടെപ്പോയി, ആരും തിരക്കിയില്ല.
തെക്കൻ കയറ്റം കുത്തനെ കയറിയവർ ചെട്ടിച്ചിപ്പാറയിലെത്തി. മലദൈവങ്ങൾക്ക് നേർച്ച വയ്ക്കുന്ന കൽത്തറയ്ക്കടുത്ത് അവരിരുന്നു. കൽത്തറയിൽ മലദൈവത്തിന് നേദിച്ച് വച്ച റാക്ക് ഇരുവരും കുടിച്ചു. താഴ്‌വാരത്തിന്റെ ആഴങ്ങളിലേയ്ക്ക് ദേവന്റെ കണ്ണുകൾ പാഞ്ഞു. താഴ്‌വാരം മുഴുവൻ ഒരു കരിങ്കാടാണെന്ന് അയാൾക്ക് തോന്നി. രാവിരുളാറായി. ചെട്ടിച്ചിപ്പാറയോട് ചേർന്ന് കിടക്കുന്ന രണ്ട് കൂറ്റൻ കരിമ്പനകൾ ഇരുട്ട് കനപ്പിച്ചു.
“അതിന് ശേഷം നീ പഠിക്കാൻ പോയില്ലേ?”
“പോയി. രണ്ട് മൂന്ന് സ്‌കൂളുകൾ മാറി. എല്ലായിടത്തും അത് തന്നെ അവസ്ഥ. പിന്നെ മനസ്സ് വന്നില്ല. തിരിച്ച് മലയിലേക്ക് വന്നു. ഞങ്ങൾക്കുള്ളതെല്ലാം ഈ കാട്ടിൽ തന്നെ കിട്ടും, വേറെവിടെയും പോകണ്ട. പക്ഷേ, ഈയടുത്ത കാലത്ത് വീണ്ടുമൊരു മോഹം തോന്നി. നാടെല്ലാം ചുറ്റിക്കാണണം. അടുത്ത കാലം എന്ന് പറഞ്ഞാ, ഒരു പതിനഞ്ച് കൊല്ലം മുൻപ്. നാടെല്ലാം ചുറ്റി നടന്നു. പലസ്ഥലത്തും ജോലി ചെയ്തു. ആദ്യമൊക്കെ നിങ്ങളുടെ ഭാഷയിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഒക്കെയുണ്ടായിരുന്നു. പോകെ പോകെ എല്ലാം ശരിയായി,” കലയാന്റെ കണ്ണുകൾ ചിരിക്കുന്നതായി ദേവന് തോന്നി.
“തിരിച്ചെപ്പഴാ ഇവിടെയെത്തിയത്?”
“തിരിച്ച് വരുന്ന വഴിയാണ്,” കലയാൻ പൊട്ടിച്ചിരിച്ചു.
ദേവന് അത്ഭുതം തോന്നി. പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടുന്നത് ഇത്തരമൊരു സന്ദർഭത്തിൽ. അവന് വലിയ സമാധാനം തോന്നി.
“ഊരകത്തെത്തിയാൽ ആദ്യം ചോമൻ മൂപ്പനെ കാണണം. മൂപ്പന് അങ്ങനെ ആൾക്കാർ വരുന്നത് തീരെ ഇഷ്ടമല്ല. പക്ഷെ ഭയക്കണ്ട, എന്റെ കൂടെയല്ലേ വരുന്നത്. പ്രശ്നമൊന്നുമുണ്ടാവില്ല.”
“എനിക്കൊരൽപം ഭയം തോന്നുന്നു. താഴേയ്ക്കിറങ്ങിയാലോ?”
“ഇപ്പൊ പോകണ്ട. കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ട്. നരിപ്പറ്റങ്ങൾ കാടിറങ്ങിയാൽ ഒറ്റയ്ക്ക് നേരിടാൻ ദേവൻ ചോമൻ മൂപ്പൻ ഒന്നുവല്ലല്ലോ?” കലയാൻ നിഗൂഢമായി ചിരിച്ചു.
റാക്കിന്റെ മത്ത് ഇറങ്ങിത്തുടങ്ങിയെങ്കിലും കലയാന്റെ ബീഡി വാങ്ങിച്ചൂതിയ ദേവന് ഒരൽപം ഭ്രമം വന്ന് തുടങ്ങി.
“പാടാൻ കവലയിലെ ഇളം തണുപ്പത്ത് വലിച്ച സിഗററ്റിനെക്കാളും കലയാണിക്കുന്നിന്റെ ഇരുട്ടത്ത് വലിച്ച ബീഡിക്ക് പിടുത്തം കൂടുതലാണ്, അല്ലേ ദേവാ?” കലയാൻ ചിരിച്ചു.
എന്തിനാണ് പോകുന്നത്, എവിടേക്കാണ് പോകുന്നത് എന്ന് പോലും ദേവന് നിശ്ചയമില്ലാതായി. ഒരു മാന്ത്രികനെ പോലെ കലയാൻ അവനെ പെരുങ്കുന്ന് കയറ്റുകയാണ്.
ഇനി ഒരൽപ്പമിരിക്കാം. ചെട്ടിച്ചിപ്പാറ പെരുങ്കയറ്റം കയറി ആഞ്ഞിലിക്കാവിന്റെ കൽവിളക്കിന് മുൻപിൽ ദേവൻ തളർന്നിരുന്നു.
തളർച്ചയില്ലാതെ കലയാൻ ആഞ്ഞിലിക്കാവിലെ മലക്കാരിയെ തൊഴുതു. നിലാവില്ലാത്ത വാനത്ത് എങ്ങ് നിന്നോ ഒരു മിന്നായം പൊതി പാഞ്ഞു.
പെട്ടെന്ന് നിലാവ് പരന്നു.
“ദാ നോക്ക്, നീ പണ്ട് പറഞ്ഞിരുന്നില്ലേ കാണണം എന്ന്.”
മിന്നായം പൊതി കണ്ട് ദേവൻ അന്തിച്ചു നിന്നു…
ചോമൻ മൂപ്പൻ.
“ആഞ്ഞിലിക്കാവിൽ ആരും വിളക്ക് വയ്ക്കാറില്ല. സന്ധ്യയായാൽ വിളക്കെന്ന പോലെ മാനത്ത് മിന്നായം പൊതികൾ പായും. കലയാണിക്കുന്നിലെ മാനത്ത് മാത്രമുള്ള പ്രത്യേകത ആണ്. താഴ്‌വാരത്ത് നിന്ന് നോക്കിയാൽ നിങ്ങൾക്കത് കാണില്ല. ഇവിടെ തന്നെ അത് കാണണമെങ്കിൽ ഒരു കലയാണിച്ചെറുക്കൻ കൂടെയുണ്ടാവണം. കലയാണിക്കുന്നിൽ ദൈവങ്ങൾ പിറക്കുന്നത് മിന്നായംപൊതി പായുമ്പോഴാണ്.”
ആഞ്ഞിലിക്കാവിലെ മലദൈവകോവിലിന് സമീപം പുതുതായി തീർത്ത ദൈവത്തറ നോക്കി ദേവൻ ചോദിച്ചു “ചോമൻ മൂപ്പനും ദൈവം ആവുമോ?”
“മരിച്ചാൽ ആവും. ഇവിടെ ദിവസവും ഓരോ ദൈവങ്ങൾ ആകാശം പറ്റും. മിന്നായം പൊതികളായവർ മലദൈവത്തിന് വിളക്ക് കാട്ടും.”
കലയാൻ മിന്നായം പൊതികൾ ഉത്ഭവിക്കുന്ന വൈരാണിക്കുന്നിന്റെ മണ്ടയിലേയ്ക്ക് നോക്കി.
“വൈരാണിക്കുന്നിൽ നിന്ന് കലയാണിക്കുന്നിലേയ്ക്ക് ഒരു കാട്ടുവള്ളിയുടെ ദൂരം മാത്രം. ഇരുട്ടിന്റെ കനപ്പിനിടയിൽ നിലാവ് പരത്തിയ അമ്പിളി വലിയ വട്ടമായ് കിഴക്കേ ആകാശത്തിൽ പടിഞ്ഞാറ് കണ്ടിരുന്നു. ചുമലിൽ പറ്റിച്ച് നിർത്തിയ അമ്പിൻ കൂടും കാട്ടു നാരുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ വില്ലുമായി കാട്ടുവള്ളി പിടിച്ച് വൈരാണിപ്പാടം കടന്ന് കലയാണിക്കുന്നിലെ ചേനമ്പാറയിലേയ്ക്ക് അയാൾ കുതിച്ചു. ഇരുമ്പൻ മൂപ്പന്റെ മകൻ ചോമൻ. നീണ്ടു വളർന്ന ചെമ്പൻ തലമുടി കാറ്റത്ത് പാറിപ്പറന്നു. ഊരിനെ തിന്നാനെത്തിയ നരിക്കറ്റന്റെ മുൻകാല് നോക്കി അമ്പെയ്തു. കാല് തൂക്കിപ്പിടിച്ച് ചുമലിലിട്ട് ഊരകത്തേയ്ക്ക് അയാൾ നടന്നകന്നു.
“ചോമൻ ഇന്ന് ചോമൻ മൂപ്പനാണ്. ഊരിനെയാകെ സംരക്ഷിച്ച് നിർത്തുന്ന മതിലാണയാൾ. പുറത്ത് നിന്നാരെയും ഊരകത്ത് കടക്കാൻ അയാൾ അനുവദിക്കില്ല. കരിന്തോട് മുതൽ വൈരാണിക്കുന്ന് വരെ അയാളുടെ സാമ്രാജ്യമാണ്.”
കലയാന്റെ കണ്ണുകളിൽ കാട്ടു തീ കണ്ടു.
“എത്ര വയസായി മൂപ്പന്?”
ആഞ്ഞിലിക്കാവിലെ കൽവിളക്കിന്റെ മുൻപിലിരുന്ന് ദേവൻ ചോദിച്ചു.
“എഴുപത്.”
“വയസ്സനാണല്ലേ” ദേവൻ ആശ്വാസത്തോടെ പുഞ്ചിരിച്ചു.
പൊടുന്നനെ എങ്ങു നിന്നോ ഒരമ്പ് പാഞ്ഞു വന്ന് ആഞ്ഞിലി മരത്തിൽ തറച്ചു. ദേവൻ ഞെട്ടി പിന്തിരിഞ്ഞു നോക്കി. നീണ്ട തലമുടി ഉള്ള ഒരു ചെറുക്കൻ പാറപ്പുറത്ത് നിന്ന് അവരെ നോക്കുന്നു. അവന്റെ കണ്ണുകൾ കത്തിജ്വലിക്കുന്നത്‍ പോലെ തോന്നി.
“ഇത് രാരി. മൂപ്പന്റെ ചെറുമകൻ. മിടുക്കനാണ്.”
പാറപ്പുറത്ത് കത്തിച്ചു വച്ച പന്നിച്ചൂട്ടുകളുടെ പ്രഭയിൽ രാരി ജ്വലിച്ചു നിന്നു.
ദേവനെ തറപ്പിച്ച് നോക്കി രാരി ഇരുളിലേക്ക് മറഞ്ഞു.
മേലുലകം
കലയാനും ദേവനും ആഞ്ഞിലിക്കാവ് വിട്ട് ഊരകത്തേയ്ക്ക് നടന്നു. കുന്നച്ചാലിലെ കാട്ടരുവി കുറുകെ കടന്ന് പാറക്കല്ലുകളുടെ പുറം ചവുട്ടി ഊരകത്തിന്റെ മണ്ണിലേക്ക് അവർ കടന്നു. ദേവന്റെ കൈ പിടിച്ച് കലയാൻ അതിവേഗം നടന്നു. മലദൈവത്തിന് അറുക്കാൻ കൊടുക്കുന്ന കോഴിയെ പോലെ ദേവൻ പിടഞ്ഞു.
“പേടിക്കണ്ട, മൂപ്പനെ ഒന്ന് കണ്ടിട്ട് പോകാം,” കലയാൻ ചിരിച്ചു.
അവന്റെ ചിരി കണ്ട് ദേവൻ ഭയന്ന് പോയി.
ഊരകത്തിനും മീതെ മേലുലകത്ത് രണ്ട് കാട്ടുപനകൾക്ക് നടുവിലായി മൂപ്പന്റെ കുടി. മുറ്റത്തിന് വെളിയിൽ കുത്തി നിർത്തിയ രണ്ട് വലിയ പന്തങ്ങൾ.
“ഇതാണ് കൊട്ടാരം,” മൂപ്പന്റെ കുടി ചൂണ്ടിക്കാട്ടി കലയാൻ പറഞ്ഞു.
“മൂപ്പന്റെ കൊട്ടാരം ആണെങ്കിലും ഊരകത്തെ എല്ലാ കുടികളും കാണാൻ ഒരുപോലെയാണ്.”
ഊരകത്തെ വീടുകളെല്ലാം ഉറങ്ങിയിരിക്കുകയാണ്. മനുഷ്യരുടെ ശബ്ദം ഇല്ല, കാട്ടുപന്നികളുടെ മുരൾച്ചകൾ മാത്രം കേൾക്കാം.
പടികൾ കയറിയവർ മൂപ്പന്റെ മുറ്റത്തെത്തി.
പന്തങ്ങൾ പൊടുന്നനെ കെട്ടണഞ്ഞു. പുറംതിരിഞ്ഞു നോക്കാതെ കലയാൻ ഓടി കുടിക്കകത്ത് കയറി.
തണുത്ത പാതിരാക്കാറ്റ് ദേവന്റെ കണ്ണുകളടപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ ദേവൻ വിളിച്ചു. “ കലയാ. ഞാനിവിടെ ഒറ്റയ്ക്കാ. പേടിയാവുന്നു.”
“ഞാനുമൊറ്റയ്ക്കായിരുന്നു.”
അകത്ത് നിന്നാരോ അടക്കം പറഞ്ഞ പോലെ ദേവന് തോന്നി.
മൂപ്പന്റെ കുടിക്കകത്തേയ്ക്ക് കയറിപ്പോയ കലയാനെ പിന്നെ ദേവൻ കണ്ടില്ല.
കുടിക്കകത്ത് നിന്ന് ഒരു വൃദ്ധൻ ഇറങ്ങി വന്നു. നരച്ചു നീണ്ട താടിയും മുടിയും ഇരുട്ടിലും തെളിഞ്ഞുകണ്ടു. ഊരകത്തെ കൂരിരുട്ടിൽ നിലാവ് പരന്ന മട്ട്.
മുഖത്തും നെഞ്ചത്തും വെളുത്ത രോമങ്ങളുള്ള ആ കുറിയ മനുഷ്യന്റെ തണ്ട കനത്ത കൈകളിൽ വനക്കരുത്ത്. രോമം പടർന്നുകയറിയ മുഖത്തെ കുഴിഞ്ഞ കണ്ണുകളിൽ നരിക്കറ്റന്റെ വന്യത. കാറ്റിൽ പരന്നൊഴുകുന്ന ജടകെട്ടിയ മുടിപ്പരപ്പ് വൈരാണിക്കുന്നിലെ കോട പോലെ ദേവനെ മൂടി.
മുഴങ്ങുന്ന ശബ്ദത്തിൽ ചോമൻ മൂപ്പൻ പറഞ്ഞുതുടങ്ങി.
“എനിക്ക് ഒരു മകനുണ്ടായിരുന്നു. നിങ്ങളെയൊക്കെ പോലെ പഠിക്കണം എന്ന് അവനും ആഗ്രഹമുണ്ടായിരുന്നു. ഇവിടെയോ പള്ളിക്കൂടങ്ങളില്ല, പഠിക്കട്ടെ എന്ന് കരുതി ഞാനവനെ കാടിറക്കി വിട്ടു. പക്ഷേ, പഠിക്കാൻ നിങ്ങൾ സമ്മതിച്ചില്ല. നാട്ടുപഠിപ്പ് വേണ്ട കാട്ടുപഠിപ്പ് മതിയെന്ന് കരുതി തിരിച്ചു മല കയറ്റി. നിങ്ങൾ ഇവിടെയും വന്ന് അന്നം മുട്ടിച്ചപ്പോ അവൻ വീണ്ടും കാടിറങ്ങിപ്പോയിപ്പോയി. പിന്നെ തിരിച്ചു വന്നില്ല,” ചോമന്റെ തൊണ്ടയിടറി. പിന്നതൊരു ആക്രോശമായി.
മലദൈവക്കോവിലിലെ കോമരത്തെ പോലെ ചോമൻ നിന്നുതുള്ളി.
ചോമന്റെ ചൊകന്ന കണ്ണുകളിൽ നോക്കാൻ ദേവന് ശക്തിയുണ്ടായില്ല.
“വാർത്ത കേട്ടിരുന്നു. ആര് എന്തിന് എന്നൊന്നും അറിയില്ല. പക്ഷേ, നിങ്ങളുടെ കൂട്ടർ തന്നെയാ…”
മൂപ്പന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ വിടാതെ കുടിക്കകത്തേയ്ക്ക് നോക്കി ദേവൻ ആർത്തു, “കലയാനെ, നീ എവിടെയാ?”
“കലയാനോ, കലയാനെ നിങ്ങൾ കൊന്നില്ലേ,” മൂപ്പൻ അലറി.
ആഞ്ഞിലിക്കാവിലെ കലയാൻ തറയിൽ തൊഴുതു വന്ന കലയാന്റെ മകൻ രാരി പടിക്കെട്ടിൽ നിന്ന് കൊണ്ട് ദേവനെ തുറിച്ച് നോക്കി.
കെട്ടുപോയ പന്തങ്ങൾ വീണ്ടും ആഞ്ഞുകത്തി. കലയാണിക്കാറ്റ് അവയെ ആളിക്കത്തിച്ചു.
കലയാണിക്കുന്നിന്റെ ഉച്ചിയിൽ ഊരകത്തിനും മീതെയുള്ള മേലുലകത്തിലെ ചോമൻ മൂപ്പന്റെ മുറ്റത്ത് നിന്ന് ഇല്ലാത്ത പുലി പാതാളത്തിലേയ്ക്ക് ദേവൻ നിലം പതിച്ചു. തന്റെ വെളുത്ത വസ്ത്രങ്ങളുപേക്ഷിച്ച് കാട്ടുമരങ്ങളും ചില്ലകളും ഇലകളും തൊട്ട് കാട്ടുവള്ളികൾ പിടിച്ച് കുന്നിൻപുറങ്ങൾ ചാടിക്കടക്കുന്ന ചോമനെ പോലെ അയാൾ താഴോട്ട് കുതിച്ചു. ദേവനല്ല, ചോമനാണ് താനെന്ന് അയാൾ തിരിച്ചറിഞ്ഞു.
പുലി പാതാളത്തിലെ ചെങ്കൽ ക്വാറിയിൽ ബോധമില്ലാതെ കിടന്ന ദേവനെ പണിക്കാരെഴുന്നേൽപ്പിച്ചു.
“ഇന്നലെ വൈകുന്നേരം നായനാർ മലയിൽ നിന്നാരോ കൊണ്ടുക്കൊടുത്ത വാറ്റും കുടിച്ച് പാടാൻ കവലയിൽ നിന്ന് കലയാണിക്കുന്ന് കയറിപ്പോകുന്നത് കണ്ടിരുന്നു. പിന്നെ ഇപ്പഴാ കാണുന്നെ. മൊതലാളിക്കിപ്പോ ബോധവും പരവുമൊന്നുമില്ല.”
പണിക്കാരിലൊരാൾ പിറുപിറുത്തു.
പകൽ വെളിച്ചത്തിൽ കലയാണിക്കുന്നിന്റെ ഉച്ചിയിലേക്ക് നോക്കിയ ദേവൻ, ചോമനും കലയാനും രാരിയും അമ്പും വില്ലുമേന്തി നിൽക്കുന്നത് കണ്ടു.