ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ഓഗസ്റ്റ് 12ന് ഐഎസ്ആര്‍ഒ വിക്ഷേപിക്കും. ജിഎസ്എല്‍വി-എഫ് 10 ഉപയോഗിച്ചാണു വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് 12നു രാവിലെ 5.43നാണു വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥാ സാഹചര്യത്തിന് അനുസരിച്ചായിരിക്കും വിക്ഷേപണം.
ഭൗമകേന്ദ്ര താല്‍ക്കാലിക ഭ്രമണപഥത്തിലേക്കാണ് ഇഒഎസ്-03യെ ജിഎസ്എല്‍വി-എഫ് 10 എത്തിക്കുക. തുടര്‍ന്ന് ഉപഗ്രഹം അതിന്റെ പ്രൊപല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് അന്തിമ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തും. അവിടെ കറങ്ങി ഉപഗ്രഹം സദാസമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും.
അഗ്രഭാഗം വളഞ്ഞുവരുന്ന ആകൃതിയിലുള്ള ഉപഗ്രഹം നാലു മീറ്റര്‍ വ്യാസമുള്ളതാണ്. ജിഎസ്എല്‍വിയുടെ പതിനാലാമത് വിക്ഷേപണമാണു നടക്കാനിരിക്കുന്നത്.
പലതവണ മാറ്റിവച്ചശേഷമാണു ഇഒഎസ്-03യുടെ വിക്ഷേപണം നടക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം അവസാന ഘട്ടത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കോവിഡ് പ്രതിസന്ധിമൂലം വൈകിയ വിക്ഷേപണം ഈ വര്‍ഷം മാര്‍ച്ചില്‍ ഉദ്ദേശിച്ചെങ്കിലും സാധ്യമായില്ല.
പ്രളയവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -03യുടെ വിക്ഷേപണം ഈ വര്‍ഷം മൂന്നാം പാദത്തിലുണ്ടാവുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അടുത്തിടെ രാജ്യസഭയില്‍ പറഞ്ഞിരുന്നു. പ്രതിദിനം നാല്-അഞ്ച് തവണ രാജ്യം ചിത്രീകരിക്കാന്‍ കഴിഞ്ഞവുള്ളതാണെന്നു മന്ത്രി രേരേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. കൂടാതെ, സ്‌മോള്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) ആദ്യ പരീക്ഷണ വിക്ഷേപണം ഈ വര്‍ഷം നാലാം പാദത്തില്‍ നടത്താന്‍ നിശ്ചയിച്ചതായും മന്ത്രി പറഞ്ഞിരുന്നു.
ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ മാത്രം വിക്ഷേപണമാണ് ഇഒഎസ്-03യുടേത്. ഫെബ്രുവരിയിലാണ് ഇതിനു മുന്‍പത്തെ വിക്ഷേപണം നടന്നത്. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് അന്ന് വിക്ഷേപിച്ചത്. പിഎസ്എല്‍വി സി-51 ഉപയോഗിച്ചായിരുന്നു അന്നത്തെ വിക്ഷേപണം.
The post ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം 12ന് appeared first on Indian Express Malayalam.