ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നവരുടെ പട്ടികയിൽ തുടർച്ചയായ എട്ടാം വർഷവും ഇന്ത്യാക്കാർ മുന്നിലെത്തി.
കൊറോണവൈറസ് പ്രതിസന്ധി മൂലം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഏകദേശം പൂർണമായും മരവിച്ചിരിക്കുകയാണെങ്കിലും, 1.4 ലക്ഷത്തോളം പേർ ഒരു വർഷത്തിനിടെ ഓസ്ട്രേലിയൻ പൗരത്വമെടുത്തതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി.
2020 ജൂലൈ ഒന്നു മുതൽ 2021 ജൂൺ 30 വരെ 1,38,646 പേർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
2019-2020നെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ടെങ്കിലും, മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ പേർക്ക് പൗരത്വം ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
2019-20ൽ 2,04,000 പേരായിരുന്നു പൗരത്വമെടുത്തത്. സർവകാല റെക്കോർഡായിരുന്നു ഇത്.
കൊവിഡ് ഒന്നാം വ്യാപനം രൂക്ഷമായ സമയത്ത് പൗരത്വ പരീക്ഷകളും അഭിമുഖങ്ങളും നിർത്തിവച്ചിരുന്നു. 2020 ജൂലൈയിലാണ് പിന്നീട് പരീക്ഷകൾ തുടങ്ങിയത്.
കഴിഞ്ഞ വർഷം നവംബറോടെ പൗരത്വപരീക്ഷയിൽ സർക്കാർ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
തുടർച്ചയായ എട്ടാം വർഷവും ഓസ്ട്രേലിയൻ പൗരത്വമെടുക്കുന്നവരുടെ പട്ടികയിൽ മുന്നിൽ ഇന്ത്യാക്കാരാണ്.
24,076 പേരാണ് ഇക്കഴിഞ്ഞ വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ഓസ്ട്രേലിയക്കാരായി മാറിയത്. മുൻ വർഷം ഇത് 38,209 ഇന്ത്യാക്കാരായിരുന്നു.
2013-14 മുതലാണ് ഓസ്ട്രേലിയൻ പൗരത്വമെടുക്കുന്നവരുടെ പട്ടികയിൽ ബ്രിട്ടീഷുകാരെ മറികടന്ന് ഇന്ത്യാക്കാർ മുന്നിലെത്തിയത്.
ഇന്ത്യൻ വംശജർ സർക്കാർ മേഖലയിലെ ജോലിക്കായി കൂടുതൽ ശ്രമിക്കുന്നത് പൗരത്വ അപേക്ഷകൾ വർദ്ധിക്കാൻ ഒരു കാരണമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സ്കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസസിൽ സീനിയർ ലക്ചററായ പ്രദീപ് തനേജ പറഞ്ഞു.
പല സർക്കാർ ജോലികളും ലഭിക്കാൻ ഓസ്ട്രേലിയൻ പൗരത്വം ആവശ്യമാണ്.
ഓസ്ട്രേലിയൻ പാസ്പോർട്ട് ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതും മറ്റൊരു കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം