കൊച്ചി:ഡോളർകടത്ത് കേസിൽ ആറ് പേർക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. അതേസമയം മുഖ്യമന്ത്രിക്കും മുൻസ്പീക്കർക്കും എതിരേ തെളിവുള്ളതായി നോട്ടീസിൽ ഇല്ല. ഇരുവർക്കുമെതിരേയുള്ള മൊഴി വിശദമായി പരിശോധിച്ചതായാണ് ഷോക്കോസ് നോട്ടീസ് വ്യക്തമാക്കുന്നത്.
എം ശിവശങ്കർ, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നസുരേഷ്, സരിത്ത് എന്നിവർ നൽകിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നൽകിയത്. എന്നാൽ പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും മുഖ്യമന്ത്രിക്കോ മുൻ സ്പീക്കർക്കോ എതിരായി യാതൊരു തെളിവും ലഭിച്ചതായി ഷോക്കോസ് നോട്ടീസിൽ പറയുന്നില്ല. മൊഴികൾ വിശദമായി പരിശോധിച്ചുവെന്നാണ് കസ്റ്റംസ് നൽകിയിരിക്കുന്ന ഷോക്കോസ് നോട്ടീസിലെ സൂചന.
കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ സ്ഥലം മാറി പോകുന്നതിന് മുൻപാണ് ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ആറ് പേർക്ക് ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
2019 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടി ഡോളർ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു എ ഇയിലേക്ക് കടത്തി എന്നതാണ് കേസ്.
Content Highlights:Dollar smuggling case Customs showcause notice to six