തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ചിലർക്ക് ഓൺലൈൻ ക്ലാസുകളിൽ അടുത്തിരിക്കാൻ മോഹം. അവരുടെ അറിവുവെച്ചുള്ള സാങ്കേതിക സംവിധാനമൊരുക്കി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അടുത്തിരുന്നു. അതു കഴിഞ്ഞപ്പോൾ ഇത്തിരി നേരം ടീച്ചർ അറിയാതെ തമ്മിൽ സംസാരിക്കണമെന്നായി. അതിനുള്ള വഴിയും അവർ തന്നെ ഒരുക്കി.
വിദ്യാർഥികളുടെ കണ്ടുപിടിത്തത്തെ പ്രശംസിച്ച അസി. പ്രൊഫ. അജയ് ജെയിംസ് അവരോട് ചോദിച്ചു- നിങ്ങളുടെ പരസ്പര സംസാരം അധികം നീണ്ടാൽ ക്ലാസിനെ ബാധിക്കില്ലേ… പരിഹാരമുണ്ടാക്കണം. അതിനുമവർ പരിഹാരമുണ്ടാക്കി. പരസ്പര സംസാരം രണ്ടു മിനിറ്റിലേറെ നീണ്ടാൽപ്പിന്നെ പറയുന്നതെല്ലാം ടീച്ചറും കേൾക്കുമെന്ന സംവിധാനം അങ്ങനെ യാഥാർഥ്യമായി. ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളുടെ മുങ്ങലും ഉഴപ്പലും തടയാനും വഴി വേണമെന്ന അധ്യാപകന്റെ നിർദേശവും ഇവർ നടപ്പാക്കി. ക്ലാസ് നടക്കുമ്പോൾ ഫുൾ സ്ക്രീൻ ലോക്ക് എന്ന സംവിധാനമാണ് തയ്യാറാക്കിയത്. ക്ലാസിൽ ക്യാമറ പ്രവർത്തിപ്പിക്കാതെ ഇരിക്കുന്ന വിദ്യാർഥികളുടെ ക്യാമറ ടീച്ചർക്ക് സ്വയം ഓണാക്കാനുള്ള സംവിധാനവും വന്നു.
ഇതിന്റെ ചെറിയ മാതൃക തയ്യാറാക്കിയപ്പോഴാണ് പാലക്കാട് ഐ.ഐ.ടി. എൻജിനിയറിങ് വിദ്യാർഥികൾക്കുള്ള കോവിഡ് കാല ഹാക്കത്തോണായ കോവാക്കത്തോൺ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഇവർ കേരളത്തിൽ ഒന്നാംസ്ഥാനവും 84 ടീമുകളിൽനിന്ന് രാജ്യത്ത് നാലാം സ്ഥാനവും നേടി. ഗൗതം ബൈജു, ഗോകുൽ ദിനേഷ്, അനിക്കത്ത് സുനിൽ നായർ, നിരഞ്ജൻ നീലകണ്ഠൻ എന്നിവരാണ് ഐ.ഐ.ടി.യിലെത്തി പ്രോജക്ട് അവതരിപ്പിച്ചത്. അബിൽ സാബിയോ, മരിയ ബിജി ജോർജ്, നവനീത് വാരിയർ, റിഷിക രവീന്ദ്രൻ, അങ്കിത് വി. ഷാജി എന്നിവരാണ് മറ്റ് അംഗങ്ങൾ.
Content Highlights: engineering students from kerala develops an online class solution