തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയസംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പി.കെ. ബഷീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കേസ് അന്വേഷണാവസ്ഥയിലാണെന്നും സംഭവത്തിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. കേസിലെ പ്രതിയെ ആരെങ്കിലും സഹായിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്തതായി നാളിതുവരെ നടത്തിയ അന്വേഷണത്തിൽ വെളിവായിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
കേസിൽ അറസ്റ്റിലായ അർജുൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകനാണെന്ന് ആരോപണം നിലനിൽക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജൂൺ മുപ്പതിനാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം അറിയുന്നത്.
ആറുവയസ്സുകാരിയെ 2019 നവംബർ മുതൽ അർജുൻ ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. അർജുനാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനൽകിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇടയ്ക്ക് ചില മാറ്റങ്ങൾ വീട്ടുകാർ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെല്ലാം അർജുൻ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു.
content highlights:chief minister pinarayi vijayan reply on vandiperiyar rape-murder case accused political connection