ദുബായ് > വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41) ന് 6 ലക്ഷം ദിർഹം (1 കോടി 20 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഒരു വർഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് റിജാസിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.
2020 ജനുവരി 12 ന് അൽ ഐൻ അബുദാബി റോഡിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 5000 ദിർഹംസ് പിഴ വിധിച്ച് വിട്ടയച്ചു.
തുടർന്ന് വാഹനാപകടത്തിൽ ഗുരുതര പരിക്കുകളേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി റിജാസിന്റെ സഹോദരി ഭർത്താവായ തിരുവനന്തപുരം കണിയാപുരം സ്വദേശിയും അൽഐനിലെ ഇത്തിസലാത്തിൽ ജോലി ചെയ്തു വരുന്ന ഇബ്രാഹിം കിഫയും, സഹോദരനും ആലപ്പുഴ ത്രിക്കുന്നപുഴ സ്വദേശിയുമായ റിജാം മുഹമ്മദ് കുഞ്ഞ് എന്നിവർ നല്കിയ കേസിലാണ് വിധി. റിജാസിന് 6 ലക്ഷം യുഎഇ ദിർഹം അതായത് 1 കോടി 20 ലക്ഷം ഇന്ത്യൻ രൂപയും അതിന്റെ ഒമ്പത് ശതമാനം നിയമപരമായ ഗുണവും നൽകാൻ കോടതി ഉത്തരവിട്ടു.