രക്തം കട്ടപിടിക്കാൻ പ്ലേറ്റ്ലെറ്റുകളും പ്ലാസ്മ പ്രോട്ടീനുകളും പ്രവർത്തിക്കുമെങ്കിലും വൈറ്റമിൻ കെ ഇല്ലെങ്കിൽ ഈ പ്രക്രിയ പൂർണമാകില്ല. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാണ് കെ ഗ്രൂപ്പിൽ വരുന്നത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിന് പുറമെ അസ്ഥികളുടെ ബലം വർധിപ്പിക്കുന്നതിനും രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നതിനും സഹായിക്കും.
രക്തം കട്ടപിടിക്കുന്നതിനും അസ്ഥി ഘടന മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രോത്രോമ്പിൻ ഉത്പാദിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമാണ്. വിറ്റാമിൻ കെ യുടെ കുറവ് അമിത രക്തസ്രാവത്തിനും ചെറിയ ഉരസലുകൾ ഉണ്ടാകുമ്പോൾ തന്നെ എളുപ്പത്തിൽ ചർമത്തിൽ രക്തം പൊടിയുന്നതിനും ഇടയാക്കും.
എവിടെ നിന്ന് ലഭിക്കും?
ചിലയിനം പച്ചക്കറികൾ, പഴങ്ങൾ, പാലുത്പന്നങ്ങൾ എന്നിവയിലെല്ലാം വൈറ്റമിൻ കെ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വൈറ്റമിൻ കെ നിലനിൽക്കണമെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ ആവശ്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. കെ 1, കെ 2 എന്നിവയാണ് വൈറ്റമിൻ കെ യുടെ സംയുക്തങ്ങൾ. വൈറ്റമിൻ കെ 1 അല്ലെങ്കിൽ ഫൈലോക്വിനോൺ പലതരം പച്ചക്കറികളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പാൽക്കട്ടി, മുട്ട, മാംസം, പുളിപ്പിച്ച ആഹാര സാധനങ്ങൾ എന്നിവയിൽ നിന്ന് വൈറ്റമിൻ കെ 2 അല്ലെങ്കിൽ മെനക്വിനോൺ ആവശ്യത്തിന് ലഭിക്കും.
രക്തം കട്ടപിടിക്കാൻ എങ്ങനെ സഹായിക്കുന്നു?
ശരീരത്തിലെ ഓരോ അവയവങ്ങളിലേക്കും രക്തപ്രവാഹം ഉണ്ടായിരിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ആവശ്യ സമയത്ത് രക്തം കട്ടപിടിക്കേണ്ടതും. ശരീരത്തിൽ മുറിവ് പറ്റുന്ന അവസ്ഥയിൽ എത്രയും വേഗം രക്തം കട്ടപിടിച്ചാൽ മാത്രമേ അമിത രസക്തസ്രാവമുണ്ടാകാതെ സുരക്ഷിതമായിരിക്കാൻ സാധിക്കൂ. ശരീരത്തിൽ ആവശ്യമായ അളവിൽ വൈറ്റമിൻ കെ ഉണ്ടെങ്കിൽ മാത്രമേ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോത്രോംബിൻ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുകയുള്ളൂ.
ഗുണങ്ങൾ വേറെയും
രക്തം കട്ടപിടിക്കാൻ സഹായിക്കുക എന്നത് മാത്രമല്ല വൈറ്റമിൻ കെ യുടെ ആവശ്യകത. മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പല ഘടകങ്ങളും വൈറ്റമിൻ കെയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ കെ എങ്ങനെയെല്ലാം ശരീരത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അറിഞ്ഞിരിക്കാം.
അസ്ഥികൾ ബലപ്പെടുത്തും:
ബലമുള്ള, ആരോഗ്യകരമായ അസ്ഥികൾക്ക് രൂപം നൽകാനും പ്രായം കൂടുംതോറും അസ്ഥികൾ ദുർബലമാകുന്നത് തടയാനും വിറ്റാമിൻ കെ ആവശ്യമായ പ്രോട്ടീൻ ആണ് ഓസ്റ്റിയോകാൽസിൻ. ഉറപ്പുള്ള അസ്ഥികൾ നിർമ്മിക്കുന്നതിൽ വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബോൺ ഡെൻസിറ്റി മെച്ചപ്പെടുത്താനും വൈറ്റമിൻ കെ വളരെ അത്യാവശ്യമാണ്. കൂടാതെ, ഉയർന്ന അളവിൽ വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പ്രായക്കൂടുതൽ കാരണം ചെറിയ പരിക്കുകൾ സംഭവിക്കുമ്പോൾ തന്നെ തുടയെല്ലിന്റെ മുകൾ ഭാഗത്തെ സന്ധികളിൽ ഒടിവ് സംഭവിക്കാനുള്ള സാധ്യത കുറയ്ക്കും.
ഓർമശക്തി വർധിപ്പിക്കും:
പ്രായമാകുന്തോറും ഓർമശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം മിക്ക ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാൽ ശരീരത്തിൽ വൈറ്റമിൻ കെ ഉണ്ടെങ്കിൽ ഈ അവസ്ഥയെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും. ഓർമശക്തിയോടൊപ്പം ചിന്താശേഷിയും ബുദ്ധിശക്തിയും മെച്ചപ്പെടുത്താനും വൈറ്റമിൻ കെ സഹായകമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും:
ശരീരത്തിൽ വൈറ്റമിൻ കെ യുടെ സാന്നിധ്യമുണ്ടാകുന്നത് ഹൃദയധമനികൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നു. ശരീരഭാഗങ്ങളിലേയ്ക്ക് ആവശ്യമായ അളവിൽ രക്തം പമ്പ ചെയ്യാൻ ഹൃദയത്തെ സഹായിക്കാനും വൈറ്റമിൻ കെ യ്ക്ക് കഴിയും. ഹൃദ്രോഗത്തിന് കാരണമാകുന്ന ഹൃദയ ധമനികളുടെ കാൽസിഫിക്കേഷൻ അല്ലെങ്കിൽ കാഠിന്യം തടയാൻ സഹായിക്കുന്ന മാട്രിക്സ് ഗ്ലാ പ്രോട്ടീനുകളുടെ (എംജിപി) ഉൽപാദനം നടക്കാനും വൈറ്റമിൻ കെ ആവശ്യമാണ്.
ആവശ്യമായ അളവെത്ര?
ശരീരത്തിന് സ്വയം ആവശ്യമായ അളവിൽ വിറ്റാമിൻ കെ ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ, ഒരു നിശ്ചിത അളവ് ഭക്ഷണത്തിലൂടെ കഴിക്കണം. ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും മുതിർന്നവർക്ക് ഒരു ദിവസം ഏകദേശം 1 മൈക്രോഗ്രാം വിറ്റാമിൻ കെ ആവശ്യമാണ്. അതായത് ഒരാൾക്ക് ആവശ്യമായ വൈറ്റമിൻ കെ യുടെ അളവ് പ്രായം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
അപര്യാപ്തമായ ഭക്ഷണക്രമം ,കരൾ രോഗം പോലുള്ള രോഗാവസ്ഥകൾ എന്നിവ കാരണം വൈറ്റമിൻ ആഗിരണം ശരീരത്തിൽ കുറഞ്ഞുപോകാറുണ്ട്. ഒരാളിൽ വൈറ്റമിൻ കെയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്നതിന് ഇതെല്ലം കാരണമാകാം. മുതിർന്നവരിൽ വിറ്റാമിൻ കെ യുടെ കുറവ് അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ, കാരണം ആരോഗ്യമുള്ളൊരാൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും ആവശ്യത്തിന് വൈറ്റമിൻ കെ 1 അടങ്ങിയിട്ടുണ്ട്, വൈറ്റമിൻ കെ 2 ശരീരം സ്വന്തമായി ഉദ്പാദിപ്പിക്കുകയും ചെയ്യും. എന്നാൽ ചില പ്രത്യേകതരം മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം വൈറ്റമിൻ കെ ആഗിരണം തടസപ്പെടും.
കുട്ടികളിൽ അളവ് കുറയും:
വിറ്റാമിൻ കെ യുടെ കുറവ് കുട്ടികളിൽ വളരെ സാധാരണമാണ്, പ്രത്യേകിച്ച് ശിശുക്കളിൽ. ഇത് രക്തസ്രാവം പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കും. ഗര്ഭകാലത്ത് അമ്മയിൽ നിന്ന് വേണ്ടത്ര വൈറ്റമിൻ കെ കുഞ്ഞിലേക്ക് ആഗിരണം ചെയ്യപ്പെടാതിരിക്കുക, നവജാതശിശുവിന്റെ കരൾ വൈറ്റമിനുകൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവ കാരണം ഇതിന്റെ അഭാവം അനുഭവിക്കാറുണ്ട്.
നവജാതശിശുക്കളിൽ ജീവിതത്തിന്റെ ആദ്യ ദിവസങ്ങളിൽ വൈറ്റമിൻ കെ 2 സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. നവജാതശിശുക്കൾക്ക് തലയോട്ടിയിൽ രക്തസ്രാവം സംഭവിക്കാറുണ്ട്. ഇത് തടയുന്നതിനായി വൈറ്റമിൻ കെ ഇൻജെക്ഷൻ നൽകുകയാണ് ചെയ്യുന്നത്. മുതിർന്നവരിലും രക്തം കട്ടപിടിയ്ക്കാതെ അമിത രക്തസ്രാവം ഉണ്ടാകുന്നെങ്കിൽ വൈറ്റമിൻ കെ നൽകിയാണ് പരിഹരിക്കുന്നത്.
അളവ് കൂടിയാൽ കുഴപ്പമാകുമോ?
ഭക്ഷണത്തിൽ നിന്ന് സ്വാഭാവിക രീതിയിൽ ലഭിക്കുന്ന വൈറ്റമിൻ ശരീരത്തിൽ നിയന്ത്രിതമായ അളവിൽ മാത്രമേ ആഗിരണം ചെയ്യപ്പെടാറുള്ളൂ. അതിനാൽ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ കെ അധികമാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ആഹാര സാധനങ്ങളിൽ നിന്ന് വൈറ്റമിൻ കെ ആഗിരണം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്പ്ളിമെന്റുകൾ ഉപയോഗിക്കുക, ഇത് നിർദേശയിച്ച അളവിൽ നിശ്ചിത കാലത്തേക്ക് മാത്രമേ ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ അളവ് കൂടാൻ സാധ്യതയുണ്ട്.
വിറ്റാമിൻ കെ കുറയുന്നതിന്റെ ലക്ഷണങ്ങൾ ?
*വളരെ വേഗത്തിൽ മുറിവുകൾ സംഭവിക്കുക
*മൂക്കിൽ നിന്നോ മോണയിൽ നിന്നോ രക്തം ഒഴുകുക
*കൈവിരലുകൾക്ക് താഴെ രക്തം കട്ടപിടിക്കൽ
*മലവിസർജ്ജന സമയത്ത് രക്തം പുറത്തുവരിക
*അമിതമായ രക്തസ്രാവത്തോടെയുള്ള ആർത്തവം
* ദഹനനാളത്തിലെ രക്തസ്രാവം
*മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം
*ചർമത്തിൽ ചെറിയ പോറലുകൾ സംഭവിക്കുകയും അതുവഴി രക്തസ്രാവമുണ്ടാകുകയും ചെയ്യുന്ന അവസ്ഥ
വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ:
ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ കെ നൽകാൻ ചില ആഹാര സാധങ്ങൾക്ക് കഴിയും. മിക്കതും നമ്മൾ പതിവായി കഴിക്കുന്ന ആഹാര സാധനങ്ങൾ തന്നെയാണ്. വൈറ്റമിൻ കെ യുടെ അഭാവമുള്ളവർക്ക് ഈ ഭക്ഷണ സാധനങ്ങൾ ധാരാളമായി ആഹാരരീതിയിൽ ഉൾപ്പെടുത്താം.
ചീര
ബ്രോക്കോളി
കടുക് ഇല
കാബേജ്
ഉള്ളി
വെണ്ടയ്ക്ക
ലെറ്റ്യൂസ് ലീഫ്
ബീഫ് ലിവർ
ചിക്കൻ
മുട്ടയുടെ മഞ്ഞ
വെണ്ണ
പാൽ
കിവി
അവക്കാഡോ
ബ്ലാക്ക്ബെറി
ബ്ലൂബെറി
അത്തിപ്പഴം
തക്കാളി
മുന്തിരി
മാതളനാരങ്ങ
ഗ്രീൻപീസ്
മുളപ്പിച്ച ചെറുപയർ
സോയാബീൻ
അണ്ടിപ്പരിപ്പ്
കിഡ്‌നി ബീൻസ്
വാൾനട്ട്