കൊച്ചി > കുവൈറ്റ് മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക സംഘടനയായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് കേരളത്തില് രൂപീകരിച്ച കുവൈത്ത് കല ട്രസ്റ്റിന്റെ 2020 ലെ സാംബശിവന് സ്മാരക പുരസ്ക്കാരം പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവര്ത്തകനുമായ പ്രൊഫസര് എം.കെ.സാനുവിന് സമ്മാനിച്ചു. കുവൈറ്റ് കല ട്രസ്റ്റ് ചെയര്മാനും ബഹു.തദ്ധേശസ്വയഭരണ – എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.വി.ഗോവിന്ദന് മാസ്റ്റര് പ്രൊ:സാനുവിന് അവാര്ഡ് കൈമാറി.
1978 ല് കുവൈറ്റില് കല എന്ന സംഘടനയുടെ രൂപീകരണത്തിന് തുടക്കമായത് സാംബശിവന്റെ കഥാ പ്രസംഗ പരിപാടിയിലൂടെയായിരുന്നു. ഇതിന്റെ സ്മരണാര്ത്ഥമാണ് 2000 മുതല് കല ട്രസ്റ്റ് ഈ അവാര്ഡ് നല്കി വരുന്നത്. ഒ.എന്.വി.കുറുപ്പ്, പി.ഗോവിന്ദപ്പിള്ള, സാറാ ജോസഫ്, കെടാമംഗലം സദാനന്ദന്, പാലോളി മുഹമ്മദ്കുട്ടി, ഏഴാച്ചേരി രാമചന്ദ്രന് തുടങ്ങി നിരവധി പ്രമുഖര്ക്ക് മുന് കാലങ്ങളില് ഈ അവാര്ഡ് നല്കിയിട്ടുണ്ട്.
നവോത്ഥാന മൂല്യങ്ങളും പുരോഗമനാശയവും ഉയര്ത്തിപ്പിടിച്ച് എം.കെ.സാനു എഴുതിയ കൃതികളും നടത്തിയ പ്രവര്ത്തനങ്ങളും പരിഗണിച്ചാണ് കല ട്രസ്റ്റ് ഈ അവാര്ഡിനായി അദ്ധേഹത്തെ തിരഞ്ഞെടുത്തത്. 50000 രൂപയും ആദരപത്രവും അടങ്ങിയതാണ് അവാര്ഡ്.
കൊച്ചിയിലെ എം.കെ.സാനുവിന്റെ വസതിയില് നടന്ന ലളിതമായ ചടങ്ങില് CPI(M) എറണാംകുളം ജില്ലാ സെക്രട്ടറി സി.എന്. മോഹനന് അധ്യക്ഷത വഹിച്ചു. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനന് പനങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങില് കലയുടെ മുന്കാല പ്രവര്ത്തകരായ സുദര്ശനന് കെ, മൈക്കിള് ജോണ്സണ് എന്നിവര് സംസാരിച്ചു.