ദോഹ : ഖത്തർ എയർലൈൻസ് യാത്രക്കാർ എല്ലാ രേഖകളും കരുതണം, ഇല്ലെങ്കിൽ ധനം, സമയം, ജോലി എന്നീ നഷ്ട്ടങ്ങൾക്കിടയാക്കും വിധത്തിൽ ഖത്തർ എയർപോർട്ടിൽ ഇമ്മിഗ്രെഷൻ ഉദ്യോഗസ്ഥർ നിങ്ങളെ തിരികെ സ്വദേശത്തേക്ക് മടക്കി വിടും.
ഓൺ അറൈവൽ വീസ സേവനം പുനരാരംഭിച്ച ഖത്തറിൽ ഇന്ത്യക്കാരടക്കമുള്ള യാത്രക്കാർ അറിയേണ്ട കാര്യങ്ങളേറെ. വിമാനത്താവളത്തിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നതിനാൽ എല്ലാ രേഖകളും കരുതിയില്ലെങ്കിൽ മടങ്ങേണ്ടിവന്നേക്കാം.
കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്ക് മാത്രമാണു പ്രവേശനം. ഇവർക്കു ക്വാറന്റീൻ ആവശ്യമില്ല.
ഫൈസർ, മൊഡേണ, അസ്ട്ര സെനക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ വാക്സീനുകൾക്കും വ്യവസ്ഥകൾക്കു വിധേയമായി സിനോഫാമിനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. സിനോഫാം എടുത്തവരെ വിമാനത്താവളത്തിൽ ആന്റിബോഡി പരിശോധനയ്ക്കു വിധേയരാക്കും. ഇതിന്റെ ചെലവ് യാത്രക്കാരൻ വഹിക്കുകയും വേണം.
കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി നിർത്തിവച്ച വീസ ഓൺ അറൈവൽ സേവനം വ്യവസ്ഥകളോടെ ഈ മാസം 12നാണ് പുനസ്ഥാപിച്ചത്. ഖത്തറിൽ 14 ദിവസം തങ്ങി മറ്റു ജിസിസി രാജ്യങ്ങളിലേക്കു പോകാനും സൗകര്യമൊരുങ്ങി.
എന്തൊക്കെ രേഖകൾ ?
- ഓൺ അറൈവൽ വീസക്കാർ എല്ലാ രേഖകളുടെയും, യഥാർഥ പകർപ്പുകൾ, 6 മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ് എന്നിവ കരുതണം.
- യാത്രയ്ക്ക് 72 മണിക്കൂറിനകം അംഗീകൃത പിസിആർ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് റിപ്പോർട്ട്, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്.
- ദോഹയിൽ തങ്ങുന്ന ദിവസങ്ങളിൽ ഹോട്ടലിൽ താമസിക്കാൻ ബുക്ക് ചെയ്ത രേഖയും കാണിക്കണം. ബുക്ക് ചെയ്യേണ്ട സൈറ്റ്: https://www.discoverqatar.qa/
welcome-home
- ഇഹ്‌തെറാസ് റജിസ്‌ട്രേഷൻ (https://www.ehteraz.gov.qa/) പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന പ്രവേശനാനുമതിയുടെ പകർപ്പ്.
- 5,000 റിയാലോ തത്തുല്യ തുകയോ ഇത്രയും തുകയുള്ള ഡെബിറ്റ് കാർഡോ കൈവശമുണ്ടാകണം. ഡെബിറ്റ് കാർഡ് ആണെങ്കിൽ സ്റ്റേറ്റ്‌മെന്റ് പകർപ്പും വേണം.