തൃശൂർ > കൊടകരയ്ക്ക് സമാനമായി സേലത്തും കുഴൽപ്പണക്കവർച്ച ഉണ്ടായെന്ന് അന്വേഷകസംഘം കണ്ടെത്തി. കൊടകര കേസ് അന്വേഷണത്തിനിടെ പണം കടത്തിക്കൊണ്ടു വന്ന ധർമരാജ് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സേലത്ത് വച്ചുണ്ടായ കുഴൽപ്പണ കവർച്ചയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
പാലക്കാട്ടേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കൊണ്ടുവന്ന 4.4 കോടിയാണ് സേലത്ത് കവർന്നത്. മാർച്ച് ആറിന് ബംഗളൂരുവിൽ നിന്ന് സേലം വഴി പണം എത്തിക്കുമ്പോൾ കൊങ്കണാപുരത്തായിരുന്നു കവർച്ച. ധർമരാജൻ തന്നെയാണ് പണം കൊണ്ടുവന്നത്. വാഹനം തടഞ്ഞ് പണം തട്ടി കാർ ഉപേക്ഷിക്കുകയായിരുന്നു. വാഹനം പിന്നീട് പൊലീസ് കണ്ടെത്തി. ഉടമയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും മറുപടിയുണ്ടായില്ല. പൊലീസിൽ ആരും പരാതി നൽകാതിരുന്നതോടെ തുടർച്ചയുണ്ടായില്ല.
സേലത്തെ കുഴൽപ്പണ കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫ് ആണെന്നാണ് സൂചന.
പിന്നീട് കവർച്ച ചെയ്ത പണത്തിൽ ഒരു കോടി കൈമാറി ഒത്തു തീർപ്പിലെത്തുകയായിരുന്നു. അന്ന് ഉപേക്ഷിച്ച കാർ കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡിൽ ഇപ്പോഴുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.