കൽപ്പറ്റ > ബത്തേരി മണ്ഡലത്തിലെ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ 4.5 കോടി രൂപ തട്ടി. ഇതിൽ 1.73കോടിരൂപയും എംഎൽഎതന്നെ കൈക്കലാക്കിയെന്ന് കെപിസിസി പ്രസിഡന്റിന് ഡിസിസി സെക്രട്ടറിയുടെ പരാതി. ബത്തേരി, പുൽപ്പള്ളി, പാടിച്ചിറ, പൂതാടി , മുള്ളൻകൊല്ലി ബാങ്കുകളിലെ നിയമനത്തിനാണ് കോഴ വാങ്ങിയതെങ്കിലും ആർക്കും ജോലി നൽകിയില്ല. സാക്ഷികളുടെ പട്ടികയും റാങ്ക് ഹോൾഡർമാരുടെ പേരുമുൾപ്പെടെയാണ് പരാതിക്കത്ത്.
ഐ സി ബാലകൃഷ്ണൻ എംഎൽഎ ബത്തേരി അർബൻ ബാങ്ക്, പൂതാടി, പാടിച്ചിറ ബാങ്കുകളിലെ നിയമനത്തിന് യഥാക്രമം 30 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, എൻ എം വിജയൻ മുഖേന എട്ട് ലക്ഷം, കെ എൽ ജോണി മുഖേന 20 ലക്ഷം, സൂര്യ പോളിന്റെ രക്ഷിതാവിൽനിന്ന് 10 ലക്ഷം, എംഎൽഎയുടെ പി എ കൈനിക്കൽ ബെന്നി വഴി ഫാദർ അനീഷിൽനിന്ന് 40 ലക്ഷം രൂപയുമാണ് കോഴ കൈപ്പറ്റിയതെന്ന് കത്തിൽ ആരോപിക്കുന്നു.
മുൻ ഡിസിസി പ്രസിഡന്റ് കെ എൽ പൗലോസ് പാടിച്ചിറ ബാങ്കിലെ നിയമനത്തിന് 32 ലക്ഷം, പുൽപ്പള്ളിയിലെ സുകുമാരനിൽനിന്ന് 18 ലക്ഷം, കാർഷിക വികസന ബാങ്കിലെ നിയമനത്തിന് 60 ലക്ഷം, പൂതാടി ബാങ്കിലെ നിയമനത്തിന് 25 ലക്ഷം എന്നിങ്ങനെ 1.32 കോടി കൈപ്പറ്റി.
മുൻ കെപിസിസി ഭാരവാഹിയും പൂതാടി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ കെ വിശ്വനാഥൻ പൂതാടി ബാങ്കിലെ നിയമനത്തിന് 1.25 കോടിയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഡിസിസി സെക്രട്ടറി കെ ഇ വിനയൻ അർബൻ ബാങ്കിലെ നിയമനത്തിന് എൽദോ വർഗീസിൽനിന്ന് 20 ലക്ഷം വാങ്ങിയെന്നും കത്തിലുണ്ട്. ബത്തേരി അർബൻ ബാങ്കിലെ പ്യൂൺ തസ്തകയിലേക്ക് 40 മുതൽ 45ലക്ഷംവരെയും വാച്ചർ നിയമനത്തിന് 30–-35ലക്ഷം രൂപയുമാണ് കോഴ വാങ്ങിയത്.