Google Pay: How to create an account and send or receive money: ഇപ്പോഴും ഓൺലൈൻ പണമിടപാടുകളെ കുറിച്ചു അറിയാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കളുണ്ട്. നിങ്ങൾക്ക് ഗൂഗിൾ പേ, പേടിഎം, അല്ലെങ്കിൽ മറ്റേതെങ്കിലും യുപിഐ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്താൻ സാധിക്കും. നിങ്ങളുടെ മൊബൈൽ റീചാർജുകൾ, വൈദ്യുതി ബില്ലുകൾ, മറ്റു ബില്ലുകൾ എല്ലാം ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ അടക്കാൻ ഈ ആപ്പുകൾ സഹായിക്കും.
കോവിഡ് കാരണം എല്ലാവരും വീടുകളിൽ തന്നെ കഴിയുമ്പോൾ ഓൺലൈൻ റീചാർജുകൾ ചെയ്യുന്നതിനും ബിൽ അടക്കുന്നതിനുമുള്ള ഏറ്റവും എളുപ്പ മാർഗമാണ് ഇത്. അപ്പോൾ, എങ്ങനെയാണ് ഗൂഗിൾ പേയിൽ അക്കൗണ്ട് ഉണ്ടാക്കി പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എന്ന് നോക്കാം.
How to set up a Google Pay account? – എങ്ങനെയാണ് ഗൂഗിൾ പേ അക്കൗണ്ട് ആരംഭിക്കേണ്ടത്?
ഒരു ഗൂഗിൾ പേ അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതുമായിരിക്കണം. അക്കൗണ്ടിന് ഒരു എടിഎം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം. ഇതെല്ലാം ഉണ്ടെങ്കിൽ താഴെ പറയുന്ന രീതിയിൽ നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാം.
സ്റ്റെപ് 1: പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം ആപ്പ് തുറന്ന് നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കുക.
സ്റ്റെപ് 2: ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പർ ഇനി നൽകണം. അതിനു ശേഷം ‘നെക്സ്റ്റ്’ (Next) ബട്ടൺ നൽകിയാൽ നിങ്ങളുടെ ഇ-മെയിൽ ഐഡി കാണിക്കും. അതിനു ശേഷം ‘കണ്ടിന്യു’ (Continue) ഓപ്ഷൻ നൽകുക.
സ്റ്റെപ് 3: ഇപ്പോൾ ഒരു ‘ഓടിപി’ (OTP) നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് നൽകുന്നതോടെ നിങ്ങളുടെ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാകും.
സ്റ്റെപ് 4: ഇപ്പോൾ ‘സ്ക്രീൻ ലോക്ക്’ (Screen Lock) അല്ലെങ്കിൽ ‘യൂസ് ഗൂഗിൾ പിൻ’ (Use google pin) എന്ന ഓപ്ഷൻ ലഭിക്കും. അതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ‘കണ്ടിന്യു’ (Continue) നൽകാം. അതിനു ശേഷം ഒരു പിൻ നമ്പർ നൽകാം. അതു പൂർത്തിയായാൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തയ്യാറായി.
എന്നാൽ അതുകൊണ്ട് നിങ്ങൾക്ക് പണം അടക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്.
How to link your bank account to Google Pay? – നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എങ്ങനെ ഗൂഗിൾ പേയുമായി ബന്ധിപ്പിക്കാം?
സ്റ്റെപ് 1: ഗൂഗിൾ പേ ആപ്പ് തുറക്കുക, അതിൽ വലതു വശത്തു മുകളിലായി കാണുന്ന ‘പ്രൊഫൈൽ അക്കൗണ്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘സെൻഡ് മണി’ (Send Money) എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ചേർക്കാം.
സ്റ്റെപ് 2: അപ്പോൾ വിവിധ ബാങ്കുകളുടെ പേര് കാണാൻ സാധിക്കും അതിൽ നിന്നും നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: ബാങ്കിന്റെ പേര് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ‘കണ്ടിന്യു’ (Continue) എന്ന ഓപ്‌ഷൻ വരും. അതിനു ശേഷം അക്കൗണ്ട് ലിങ്ക് കാണാൻ സാധിക്കും അത് അക്‌സെപ്റ്റ് ചെയ്യുക.
സ്റ്റെപ് 4: അതിനു ശേഷം ആപ്പ് നിങ്ങളുടെ മൊബൈലിലേക്ക് ഒരു വെരിഫിക്കേഷൻ എസ്എംഎസ് അയക്കും. വെരിഫൈ ചെയ്തു കഴിഞ്ഞാൽ ‘എന്റർ യുപിഐ പിൻ’ (Enter UPI PIN) എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാം. ഈ യുപിഐ പിൻ വളരെ പ്രധാനപ്പെട്ടതാണ് കാരണം ഓരോ തവണ പണമിടപാട് നടത്തുമ്പോഴും ഈ പിൻ ആവശ്യമാണ്. ഈ പിൻ മറ്റാരുമായും ഷെയർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
Read Also: QR code scanner: നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?
How to make online payments using Google Pay? – എങ്ങനെയാണ് ഗൂഗിൾ പേ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുക?
നിങ്ങൾ ഏതെങ്കിലും കടയിൽ നിന്നും സാധനം വാങ്ങുകയാണെങ്കിൽ പണമടക്കുന്നതിനായി കടയിൽ നൽകിയിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് തുക നൽകി, സെക്യൂരിറ്റി പിൻ നൽകി (നിങ്ങളുടെ യുപിഐ പിൻ) കഴിഞ്ഞാൽ പണമിടപാട് നടത്താൻ സാധിക്കും.
നിങ്ങളുടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയക്കാൻ ആണെങ്കിൽ, ‘ന്യൂ പെയ്‌മെന്റ്’ (New Payment) തിരഞ്ഞെടുത്ത് അയാളുടെ പേര് സേർച്ച് ബാറിൽ നൽകി അയാൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ ‘പേ’ (Pay) എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുക ടൈപ്പ് ചെയ്ത് സെക്യൂരിറ്റി പിൻ നൽകി പണം അയക്കാം.
‘ന്യൂ പെയ്‌മെന്റ്’ എന്നയിടത് നിങ്ങൾക്ക് മൊബൈൽ റീചാർജ്, ബിൽ പെയ്‌മെന്റ്, തുടങ്ങി പണമടക്കാനുള്ള മറ്റു ഓപ്‌ഷനുകൾ കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പണം അടക്കാവുന്നതാണ്. ചില ഇടപാടുകൾക്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ഗൂഗിൾ പേ നൽകുന്നുണ്ട്. ഓർക്കുക ഒരാളിൽ നിന്നും പണം സ്വീകരിക്കാൻ നിങ്ങൾക്ക് യുപിഐ പിൻ നൽകേണ്ട ആവശ്യമില്ല.
The post Google Pay: ഗൂഗിൾ പേ ഉപയോഗിക്കാറുണ്ടോ?; എങ്ങനെയാണ് പണം അയക്കുന്നത് എന്ന് അറിയാം appeared first on Indian Express Malayalam.