മനാമ > കോവിഡ് കേസുകള് കുറഞ്ഞ പാശ്ചാത്താലത്തലത്തില് കൂടുതല് ഇളവുകളുമായി ബഹ്റൈന് വെള്ളിയാഴ്ച ഗ്രീന് ലെവലിലേക്ക് മാറും. വാക്സിന് എടുത്തവര്ക്കും എടുക്കാത്തവര്ക്കും ഒരു പോലെ പ്രവേശനം അനുവദിക്കുമെന്നതാണ് ഗ്രീന് ലെവലിലെ പ്രത്യേകത. മാളുകളിലും ഇന്ഡോര് പരിപാടികളിലും മാസ്കുകള് നിര്ബന്ധം. അതേസമയം, അറഫ ദിനം, ബലി പെരുന്നാള് അവധി ദിവസങ്ങളായ 19 മുതല് 22 വരെ ഓറഞ്ച് ലെവല് നിയന്ത്രണങ്ങളായിരിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില് ജൂലായ് രണ്ടു മുതല് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിങ്ങനെ നാലു തലങ്ങളായി തരംതിരിക്കുന്നുണ്ട്. നിലവില് രാജ്യത്ത് മഞ്ഞ വെലല് നിയന്ത്രണങ്ങളാണ്. വെള്ളിയാഴ്ച പച്ചയിലേക്ക് മാറും. ഏറ്റവും കൂടുതല് ഇളവുകള് പച്ചയിലാണ്. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതാമനത്തില് താഴെയാണെങ്കിലാണ് ഗ്രീന് ലെവല് പ്രഖ്യാപിക്കുന്നത്. ബുധനാഴ്ചവരെ രണ്ടാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. പെരുന്നാള് അവധിക്കുശേഷം പുതിയ അലര്ട്ട് ലെവല് പ്രഖ്യാപിക്കുമെന്നും ദേശീയ ആരോഗ്യ കര്മ്മസമിതി അറിയിച്ചു.
ഗ്രീന് ലെവലില് സിനിമ, ഇന്ഡോര് ഇവന്റുകള് എന്നിവയില് വാക്സിന് എടുത്തവര്, രോഗമുക്തര്, ഇവരോടൊപ്പം എത്തുന്ന 12 വയസിനു താഴെയുള്ളവര് എന്നിവര്ക്ക് മാത്രമാണ് പ്രവേശനം. ബക്കിയെല്ലാ ഇടങ്ങളിലും വാക്സിന് എടുക്കാത്തവര്ക്കും പ്രവേശനമുണ്ടാകും. വീടുകളില് സ്വകാര്യ ചടങ്ങുകളും ഔട്ട്ഡോര് സ്പോര്ട്സ് ഇവന്റുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാം. താല്പര്യമുള്ള കുട്ടികള്ക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില് എത്താം.
പെരുന്നാള് അവധിക്ക് നിലവില് വരുന്ന ഓറഞ്ച് ലോക്ഡൗണില് പൂര്ണ്ണമായി വാക്സിന് എടുത്തവര്ക്കും രോഗമുക്തര്ക്കും മാത്രമാണ് ഔട്ട്ഡോര് സ്പോര്ട്സ് ഹാളുകള്, നീന്തല്ക്കുളങ്ങള്, ജിംനേഷ്യം, ഷോപ്പിങ് മാള്, സലൂണ്, സ്പാ, റസ്റ്ററോണ്ട്്, ഔട്ട്ഡോര് സിനിമ, ഔട്ട്ഡോര് േപ്ലഗ്രൗണ്ട്, പുറത്തുള്ള വിനോദ, കായിക പരിപാടികളിലെ പൊതുജന പങ്കാളിത്തം എന്നിവയും അനുവദനീയം. വാക്സിന് എടുക്കാത്തവര്ക്കും താല്പര്യമുണ്ടെങ്കില് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളില് എത്താം. വാക്സിന് എടുക്കാത്തവര്ക്ക് ആറുപേരില് കൂടുതലുള്ള പരിപാടി വീട്ടില് സംഘടിപ്പിക്കാനാവില്ല.
ഓറഞ്ച് ലെവലില് സര്ക്കാര് സ്ഥാപനങ്ങളില് 70 ശതമാനം ജീവനക്കാര്ക്ക് വര്ക്ക് ഫ്രം ഹോം. ഓഫിസില് എത്തുന്ന ജീവനക്കാര്ക്ക് റാപ്പിഡ് ടെസ്റ്റ് നിര്ബന്ധം. മുമ്പ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയപ്പോഴും അടച്ചിടല് ബാധകമാകാത്ത ഹൈപ്പര് മാര്ക്കറ്റുകള്, കോള്ഡ് സ്റ്റോറുകള് തുടങ്ങിയ സ്ഥാപനങ്ങള്ക്ക് ഓറഞ്ച് ലെവലിലും പ്രവര്ത്തിക്കാം.