ഹവാന
പതിനൊന്നിന് ക്യൂബൻ സർക്കാരിനെതിരെ അരങ്ങേറിയ പ്രതിഷേധം രാജ്യത്തെ തകർക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് പ്രസിഡന്റ് മിഗ്വേൽ ദിയാസ് കനേൽ. വിദേശശക്തികളുടെ പ്രചാരണത്തിൽ വീണുപോയവരും അസംതൃപ്തരായ ചെറു വിഭാഗങ്ങളുമാണ് പ്രതിഷേധിച്ചത്. ചിലർ ക്രിമിനലുകളെപ്പോലെ പെരുമാറി. നിയമപാലകരെ ആക്രമിച്ചു. പ്രതിഷേധത്തിൽ ഒരാൾ മരിച്ചു. 2019ൽ 86 ശതമാനം ജനങ്ങളും അംഗീകരിച്ച ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളുണ്ടായി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും–- ദിയാസ് കനേൽ പറഞ്ഞു.
പ്രതിഷേധത്തിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കായുള്ള പദ്ധതികൾ ശക്തിപ്പെടുത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തിനെതിരെ അസത്യപ്രചാരണം ശക്തമാക്കിയിട്ടും രാജ്യത്തെ ജനങ്ങൾ അതിനെ ധൈര്യപൂർവം നേരിടുകയാണ്. അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് സ്നേഹവും ഐക്യദാർഢ്യവും സഹവർത്തിത്വവും ക്യൂബ കാംക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘എസ്ഒഎസ് ക്യൂബ’ ക്യാമ്പെയ്ൻ നടത്തുന്നവർ എന്തുകൊണ്ട് സമാന പ്രതിസന്ധിയുള്ള ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെപ്പറ്റി ആശങ്കപ്പെടുന്നില്ല–- അദ്ദേഹം ചോദിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തിൽ വിദേശശക്തികൾ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ക്യൂബൻ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെ മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു റോഡ്രിഗസ്.