നിരന്തരം ഫീച്ചർ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. പുതിയ സ്വകാര്യതാനയവുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ഏറക്കുറെ അടങ്ങിയ സാഹചര്യത്തിലാണ് വാട്സാപ്പിൽ പുതിയ ഫീച്ചർ അപ്ഡേറ്റുകളെ കുറിച്ചുള്ള വാർത്തകൾ വീണ്ടും ചർച്ചയാവുന്നത്.
വ്യൂ വൺസ് മോഡ്, മൾടിപ്പിൾ ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതാണ്. പുതിയ ഫീച്ചറുകൾ പലതും വാട്സാപ്പിന്റെ ബീറ്റ പതിപ്പിൽ പരീക്ഷിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ചില മാറ്റങ്ങളും കൊണ്ടുവരാൻ വാട്സാപ്പ് ശ്രമിക്കുന്നു.
വാട്സാപ്പ് ചാറ്റുകളിൽ പങ്കുവെക്കപ്പെടുന്ന ലിങ്കുകളുടെ പ്രിവ്യൂ വലിയതായി കാണിക്കുന്ന മാറ്റമാണ് അതിലൊന്ന്. നിലവിൽ ലിങ്കുകൾ പങ്കുവെക്കുമ്പോൾ അതിലെ ടോപ്പ് ഇമേജ് ചെറുതായാണ് ചാറ്റുകളിൽ കാണിക്കാറുള്ളത്. എന്നാൽ, പുതിയ അപ്ഡേറ്റ് അവതരിപ്പിക്കുന്നതോടെ ലിങ്കുകളുടെ ചിത്രങ്ങൾ വലിയതായി ചാറ്റുകളിൽ കാണാനാവും.
വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഈ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാബീറ്റ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌യുന്നത്. ഉയർന്ന റസലൂഷനിലുള്ള ചിത്രങ്ങൾ അടങ്ങുന്ന ലിങ്കുകളുടെ പ്രിവ്യൂ വലുതായും. റസലൂഷൻ കുറവുള്ള ചിത്രങ്ങൾ അടങ്ങുന്ന ലിങ്കുകൾ പഴയപടി ചെറുതായും തന്നെയാണ് കാണിക്കുക.
വാട്സാപ്പിൽ ഇത്തരത്തിലുള്ള ദൃശ്യപരമായ മാറ്റങ്ങൾ നേരത്തെയും അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചിലത് പിൻവലിക്കാറുമുണ്ട്. അടുത്തിടെ നോട്ടിഫിക്കേഷൻ ആക്ഷൻ ഫോണ്ട് നിറ ഗ്രേ-ബ്ലൂ കോമ്പിനേഷനാക്കിയത് പിന്നീട് പിൻവലിച്ചിരുന്നു. ടെക്സ്റ്റ് വായിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനം ഉയർന്നതോടെയാണ് ഇത് പിൻവലിച്ചത്. അതുപോലെ ചാറ്റുകൾ വേർതിരിക്കുന്ന സെപ്പറേറ്റ് ലൈനുകൾ ഒഴിവാക്കിയും വാട്സാപ്പ് പരീക്ഷിച്ചിരുന്നു. ഈ മാറ്റം വന്ന ആപ്പുകളിൽ പ്രൊഫൈൽ പിക്ചറുകൾ ചെറുതാക്കുകയും ചെയ്തിട്ടുണ്ട്. ബീറ്റ പതിപ്പിലാണ് ഇവ പരീക്ഷിച്ചത്.
Content Highlights: whatsapp new visual changes bigger link preview