റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ജിയോയുടെ പുതിയ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചു. റിലയൻസിന്റെ വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. ഗൂഗിളുമായി സഹകരിച്ചാണ് ജിയോഫോൺ നെക്സ്റ്റ് എത്തുന്നത്. ആൻഡ്രോയിഡിന്റെ ഒപ്ടിമൈസ്ഡ് പതിപ്പിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
“ഗൂഗിൾ, ജിയോ ടീമുകൾ സംയുക്തമായി ഒരു മികച്ച സ്മാർട്ട്‌ഫോൺ, ജിയോഫോൺ നെക്സ്റ്റ് വികസിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഗൂഗിളിൽ നിന്നും ജിയോയിൽ നിന്നുമുള്ള എല്ലാ ആപ്പ്ളിക്കേഷനുകളും പ്രവർത്തിക്കുന്ന ഒരു പൂർണമായ സ്മാർട്ട്ഫോണാണ് ഇത്.” റിലയൻസിന്റെ 44മത് വാർഷിക സമ്മേളനത്തിൽ അംബാനി പറഞ്ഞു.
വില കുറഞ്ഞ 4ജി ഫോണാണിത്. ഈ വർഷം സെപ്റ്റംബർ 10 മുതൽ ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ എല്ലാ ആപ്പുകളും ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും.
“ഞങ്ങളുടെ ടീം ഈ ഫോണിനു പ്രത്യകമായി ഒപ്ടിമൈസ് ചെയ്ത ഒരു ആൻഡ്രോയിഡ് പതിപ്പ് നിർമിച്ചു. ആദ്യമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കും ഇന്ത്യക്കാർക്കും വേണ്ടി നിർമിച്ചതാണിത്.” ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.
വോയിസ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ് അലൗഡ്, സ്മാർട്ട് ക്യാമറ, തുടങ്ങിയ പ്രത്യേകതകളുമായാണ് പുതിയ ജിയോ ഫോൺ എത്തുന്നത്. ഒറ്റ ക്ലിക്കിൽ ഫോണിന്റെ ഭാഷ മാറ്റാനുള്ള സംവിധാനവും നൽകിക്കൊണ്ടാണ് ഫോൺ എത്തുന്നത്.
“അവരുടെ സ്‌ക്രീനിൽ ഉള്ളത് അവർക്ക് പരിഭാഷപ്പെടുത്താൻ കഴിയും, അത് അവർക്ക് വായിച്ചു കൊടുക്കുക വരെ ചെയ്യും. ‘റീഡ് അലൗഡ്’ ഉം ‘ട്രാൻസ്ലേറ്റ് നൗ’ ഉം ഫോൺ സ്ക്രീനിലെ ഏത് വരികളും വായിക്കാൻ സാധിക്കുന്ന തരത്തിൽ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചു കഴിഞ്ഞു, വെബ് പേജുകളിലും, ആപ്പുകളിലും, ഫോട്ടോസിലും ഈ സവിഷേത ലഭിക്കും.” ഗൂഗിൾ ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.
ഫോണിലെ ജിയോ ആപ്പുകളിൽ മികച്ച അനുഭവം ലഭിക്കുന്നതിന് ഗൂഗിൾ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തിപ്പിക്കുന്ന ‘ആപ്പ് ആക്ഷൻസ്’ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ക്രിക്കറ്റ് സ്കോറുകളും, കാലാവസ്ഥ വിവരങ്ങളും ഉപയോക്താക്കൾക്ക് ഗൂഗിൾ അസ്സിസ്റ്റാന്റിനോട് ചോദിക്കാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുപയോഗിച്ചു ജിയോ സാവനിൽ നിന്നും പാട്ട് കേൾക്കാനും, മൈ ജിയോ ആപ്പ് വഴി ബാലൻസ് പരിശോധിക്കാനും സാധിക്കും.
ജിയോഫോൺ നെക്സ്റ്റ് വഴി മികച്ച ക്യാമറ അനുഭവം ലഭിക്കുമെന്നും കമ്പനി പറയുന്നു. എച്ഡിആർ മോഡ്, സ്‌നാപ്ചാറ്റ് ലെൻസ്സ്, എന്നിവ ക്യാമറയിൽ നിന്ന് നേരിട്ട് ഉപയോഗിക്കാൻ സാധിക്കും. പ്രധാനപ്പെട്ട ആൻഡ്രോയിഡ് അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും പുതിയ ജിയോ ഫോണിൽ ലഭിക്കും.
മുന്നിലും പിന്നിലുമായി ഓരോ ക്യാമറകൾ വീതമാണ് ഫോണിൽ വരുന്നത്. ഫിംഗർ പ്രിന്റ് സെൻസറിന്റെ കുറവ് ഫോണിനുണ്ട്. ജിയോഫോൺ നെക്സ്റ്റിന്റെ വില ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് കമ്പനി പറഞ്ഞു.
Read Also: JioFiber postpaid plans: പുതിയ ജിയോഫൈബർ പ്ലാനുകൾ
The post ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി appeared first on Indian Express Malayalam.