സിഡ്‌നിയിൽ ബോണ്ടായ് കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 10 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ എല്ലായിടത്തും മാസ്ക് നിർബന്ധമാക്കി.
സിഡ്‌നിയിലെ ബോണ്ടായ് ക്ലസ്റ്ററിൽ ദിവസം തോറും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുകയാണ്. സംസ്ഥാനത്ത് പുതുതായി രോഗബാധ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനത്തിലെ ജീവനക്കാരെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
ബോണ്ടായ് ക്ലസ്റ്ററിൽ തിങ്കളാഴ്ച രോഗബാധയുടെ എണ്ണം 11 ആയിരുന്നു.
ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 10 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സിഡ്‌നിയിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 21 ആയി.
ഇലവാരയിലുള്ള 60 വയസ്സിന് മേൽ പ്രായമുള്ള ഒരു സ്ത്രീക്കും, വടക്കൻ സിഡ്‌നിയിലുള്ള 40 നു മേൽ പ്രായമായ ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ കിഴക്ക് ഭാഗത്തുള്ള 20നു മേൽ പ്രായമായ മറ്റൊരു സ്ത്രീക്കും വൈറസ്ബാധ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, തിങ്കളാഴ്ച രാവിലെ മറ്റ് രണ്ട് കേസുകളും സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആദ്യ രണ്ട് കേസുകൾ നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ്. തിങ്കളാഴ്ച രാത്രി എട്ട് മണി വരെയുള്ള കേസുകളാണിവ.
നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച കേസുകളുമായി ബന്ധമുള്ളവയാണ് പുതിയ കേസുകളെന്ന് NSW ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ശേഷം സംസ്ഥാനത്ത് ഏഴ് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ ആറെണ്ണവും രോഗബാധിതരുടെ കടുംബത്തിൽ തന്നെ ഉള്ളവരാണ്. ഒരു പ്രൈമറി സ്കൂൾ കുട്ടിക്കും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്.
കിഴക്കൻ സിഡ്‌നിയിലെ വേവേർലിയിലുള്ള സെയിന്റ് ചാൾസ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയാണ് രോഗബാധിതയായ കുട്ടി.
സംസ്ഥാനത്ത് വൈറസ് ബാധയുടെ എണ്ണം കൂടിയതോടെ സിഡ്‌നിയിൽ എല്ലായിടത്തും മാസ്ക് നിർബന്ധമാക്കി.
സിഡ്നി നഗരം, വേവർലി, റാൻഡ്വിക്ക്, കാനഡ ബേ, ഇന്നർ വെസ്റ്റ്, ബേസൈഡ്, വൂളാര എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
എന്നാൽ, സെൻട്രൽ കോസ്റ്റും ഹണ്ടറും ഒഴികെ ഗ്രേറ്റർ സിഡ്നിയുടെ മറ്റു ഭാഗങ്ങളിലെല്ലാം ഈ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
വൊളംഗോംഗ്, ഷെൽഹാർബർ എന്നീ പ്രദേശങ്ങളിലും കെട്ടിടങ്ങൽക്കുള്ളിൽ മാസ്ക് നിർബന്ധമായിരിക്കും.
മാസ്ക് നിർബന്ധമാക്കിയ നടപടി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു. ജൂൺ 30 ബുധനാഴ്ച അർദ്ധരാത്രി വരെയായിരിക്കും മാസ്ക് നിർബന്ധമായിരിക്കുക.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
സിഡ്നി ബോണ്ടായ് ജംഗ്‌ഷനിലുള്ള വെസ്റ്റെഫീൽഡ് ഷോപ്പിംഗ് സെന്ററിൽ ജൂൺ 12 നും 18 നുമിടയിൽ സന്ദർശിച്ചവർ എത്രയും വേഗം പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗബാധിതർ സന്ദർശിച്ചു എന്ന് കരുതുന്ന 300 ഇടങ്ങളുടെ പട്ടികയാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.
കടപ്പാട്: SBS മലയാളം