കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടും പാർട്ടിക്കേറ്റ തിരിച്ചടിയെക്കുറിച്ച് ചർച്ചചെയ്യാത്തതിൽ മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. ലീഗിന്റെ അഞ്ചോ ആറോ നേതാക്കളുൾപ്പെടുന്ന ഉന്നതാധികാരസമിതി കൂടിയാലോചനകളില്ലാതെ കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയുമാണെന്നാണ് പ്രധാന വിമർശനം.
ഉന്നതാധികാരസമിതിയിലുള്ള ഭൂരിഭാഗംപേരും ചേർന്ന് സീറ്റ് വീതംവെച്ചെടുക്കുന്ന സമീപനമാണുണ്ടായത്. ഇത് ലീഗിന്റെ സംഘടനാസംവിധാനത്തെ ബാധിച്ചു. മുൻ എം. എൽ.എ.മാരായ പി.കെ. അബ്ദുറബ്ബും കെ.എം. ഷാജിയും ഇതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമുൾപ്പെടെയുള്ള നേതാക്കളെ വിദ്യാർഥി സംഘനയായ എം.എസ്.എഫും വിമർശിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞശേഷം പ്രവർത്തകസമിതി യോഗം വിളിച്ച് കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും നീണ്ടുപോവുകയാണെന്നും ഈ നേതാക്കൾ പറയുന്നു.
കൊടുവള്ളി തിരിച്ചുപിടിച്ചപ്പോൾ നാല് സിറ്റിങ് സീറ്റുകൾ ലീഗിന് നഷ്ടമായി. 27 മണ്ഡലങ്ങളിൽ മത്സരിച്ച് 15 ഇടത്തേ ജയിക്കാനായുള്ളൂ.
ഏറനാട് ഒഴികെ ജയിച്ച ഇടങ്ങളിലൊന്നും പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല. അഞ്ചുലക്ഷം വോട്ടുകൾക്ക് പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചിരുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 1.14 ലക്ഷമായി അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷം കുറഞ്ഞു. നാലു സീറ്റ് അധികം ലഭിച്ചപ്പോൾ നാല് സീറ്റ് നഷ്ടമായത് സംഘടനാ സംവിധാനത്തിലെ പരാജയമാണെന്ന് ഈ നേതാക്കൾ പറയുന്നു.
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ സമ്മർദത്തിന് വഴങ്ങി കളമശ്ശേരിയിലെ സീറ്റ് നഷ്ടപ്പെടുത്തി. കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലും വൻതിരിച്ചടി നേരിട്ടു. സമസ്തയുടെ ഒരുവിഭാഗം തിരഞ്ഞെടുപ്പിൽ ലീഗിനെ പിന്തുണച്ചില്ല. ന്യൂനപക്ഷ വോട്ടുകളിലും ചോർച്ചയുണ്ടായി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് വിപരീതഫലമുണ്ടാക്കി. ഹാഗിയ സോഫിയ വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ എഴുതിയ ലേഖനം ക്രിസ്ത്യൻ സമുദായത്തെ അകറ്റിയപ്പോൾ മുറിവുണക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഈ നേതാക്കൾ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് തോൽവിയും വോട്ടുകുറഞ്ഞതും മറ്റ് തിരിച്ചടികളും അന്വേഷിക്കാൻ ഒരു സ്വതന്ത്രസമിതിക്ക് രൂപംനൽകാൻ ആലോചനയുണ്ടെന്നും പ്രവർത്തകസമിതി യോഗം ചേർന്ന് ഇതിൽ തീരുമാനമെടുക്കുമെന്നും ഉന്നതാധികാരസമിതി അംഗം മാതൃഭൂമിയോട് പറഞ്ഞു.