Best smartphones under 15000: ഇന്ന് ചെറിയ വിലയിൽ പോലും ഏറ്റവും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. ഷവോമി, റിയൽമി, മോട്ടോ, പോക്കോ, സാംസങ് എന്നീ ബ്രാൻഡുകൾ 15,000 രൂപയിൽ താഴെ വിലക്ക് അടിപൊളി സ്മാർട്ടഫോണുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. നിങ്ങൾ ഈ വിലയിൽ ഏറ്റവും നല്ല ഫോണിനായുള്ള തിരച്ചിലിലാണെങ്കിൽ താഴെയുള്ള ഫോണുകൾ പരിശോധിക്കാം.
മികച്ച ക്യാമറ, ബാറ്ററി, പെർഫോമൻസ് എന്നിവ നൽകുന്ന ഫോണുകളാണ് താഴെ പരിചയപ്പെടുത്തുന്നത്. റെഡ്മി നോട്ട് 10, റിയൽമി നർസോ 20 പ്രോ, പോക്കോ എം3, മോട്ടോ ജി30 എന്നീ ഫോണുകൾ ഇതിൽ ഉൾപ്പെടുന്നു.
1. Redmi Note 10 – റെഡ്മി നോട്ട് 10
നിലവിൽ വിപണിയിൽ 15,000 രൂപയിൽ താഴെ വിലക്ക് ലഭിക്കുന്ന ഏറ്റവും നല്ല സ്മാർട്ട്ഫോൺ റെഡ്മി നോട്ട് 10 ആണ്. അമോലെഡ് ഡിസ്പ്ലേയിലാണ് ഈ ഫോൺ വരുന്നത്. 6.43 ഇഞ്ച് വലുപ്പം, ഫുൾ എച്ച്ഡി + റെസല്യൂഷൻ (2400 × 1080), 60 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് നിരക്ക്, പരമാവധി 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് റെഡ്മി നോട്ട് 10 ന്റെ ഡിസ്പ്ലേ സവിശേഷതകൾ. ഫോണിന്റെ സ്‌ക്രീനിന് 20: 9 വ്യൂവിങ് റേഷ്യോ നൽകിയിരിക്കുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്, 11 നാനോമീറ്റർ (എൻഎം) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഇത് ഗ്രാഫിക്സിനായി അഡ്രിനോ 612 ജിപിയുവിനൊപ്പം വരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിന്റെ ബേസ് മോഡലിൽ വരുന്നത്. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമാണ് ഹൈ എൻഡ് വാരിയന്റിൽ.
റെഡ്മി നോട്ട് 10 ന് പുറകിലായി 48 എംപി പ്രധാന ക്യാമറ, 2 എംപി മാക്രോ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുണ്ട്. ഫ്രണ്ട് ക്യാമറ 13 എംപിയാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫോൺ മിയുഐ 12ൽ പ്രവർത്തിക്കുന്നു, കൂടാതെ 5000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ഉണ്ട്. ഫോണിന്റെ 64 ജിബി വേരിയന്റിന് 12,499 രൂപയും, 128 ജിബി വേരിയന്റിന് 14,499 രൂപയുമാണ് വില. ആമസോൺ, ഷവോമി വെബ്സൈറ്റുകളിൽ നിന്നും ഷവോമി സ്റ്റോറിൽ നിന്നും ഈ വിലക്ക് ഫോൺ ലഭിക്കും.
2. Realme Narzo 20 Pro – റിയൽമി നർസോ 20 പ്രോ
റിയൽമി നർസോ 20 പ്രോയാണ് ലിസ്റ്റിൽ രണ്ടാമത് വരുന്ന സ്മാർട്ട്ഫോൺ. 90 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഐപിഎസ് എൽഇഡി ഡിസ്‌പ്ലേയാണ് ഫോണിലേത്. കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഫോണിനു നൽകിയിരിക്കുന്നു. ഒക്ട കോർ മീഡിയ ടെക് ഹീലിയോ ജി95 പ്രോസസറിലാണ് നർസോ 20 പ്രോ പ്രവർത്തിക്കുന്നത്. 6ജിബി റാം + 64 ജിബി മെമ്മറി ആണ് ഫോണിലേത്.
പിന്നിൽ നാല് ക്യാമറകളാണ് ഫോണിന് നൽകിയിരിക്കുന്നത്. 48എംപി യുടെ പ്രധാന ക്യാമറയും, 8 എംപി അൾട്രാ വൈഡ് ക്യാമറയും, 2 എംപി മാക്രോ, ഡെപ്ത് ക്യാമറകളും വരുന്നു. 45000 എംഎഎച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 38 മിനിറ്റിൽ 100 ശതമാനം ചാർജാകുന്ന 65 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണിത്. ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റുകളിൽ നിന്നും 14,999 രൂപക്ക് റിയൽമി നർസോ 20 പ്രോ ലഭിക്കും.
3. Moto G30 – മോട്ടറോള മോട്ടോ ജി30
90 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് മോട്ടറോള മോട്ടോ ജി30 എത്തുന്നത്. ഐപി52 റേറ്റിംഗുള്ള വാട്ടർ റെസിസ്റ്റന്റ് ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 എസ്ഒസിയാണ് മോട്ടോ ജി30യുടെ പ്രൊസസർ. 4ജിബി റാമും 64ജിബി സ്റ്റോറേജും ഇതിൽ നല്കിയിരിക്കുന്നു. 20 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച് ബാറ്ററിയാണ് ഇതിൽ നല്കിയിരിക്കുന്നത്.
പുറകിൽ നാല് ക്യാമറകളാണ് ജി30യിൽ വരുന്നത്. 64എംപി പ്രധാന ക്യാമറയോടൊപ്പം 8 എംപി അൾട്രാ വൈഡ് ക്യാമറയും, 2 എംപി മാക്രോ, ഡെപ്ത് ക്യാമറകളും നല്കിയിരിക്കുന്നു. സെൽഫികൾക്കായി 13എംപി ക്യാമറയാണ് മുന്നിൽ നൽകിയിരിക്കുന്നത്. 10,999 രൂപക്ക് ഫ്ലിപ്കാർട്ടിലൂടെ ഫോൺ ലഭിക്കും.
4. Poco M3 Pro – പോക്കോ എം3 പ്രോ
പോക്കോയുടെ ആദ്യ 5ജി സ്മാർട്ട്ഫോണാണ് പോക്കോ എം3 പ്രോ. പോക്കോ എം3 പ്രോയുടെ 4ജിബി റാം + 64 ജിബി സ്റ്റോറേജും വരുന്ന പതിപ്പിന് 13,999 രൂപയാണ് വില. ഏറ്റവും അടുത്ത് വിപണിയിലെത്തിയ ഒരു ഫോൺ കൂടിയാണ് പോക്കോ എം3 പ്രോ.
90 ഹേർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് പഞ്ച് ഹോൾ ഡിസ്‌പ്ലേയുമായാണ് പോക്കോ എം3 പ്രോ 5ജി എത്തുന്നത്. ഫുൾ എച്ഡി പ്ലസ് റെസൊല്യൂഷനും ഡൈനാമിക്സ്വിച്ച് ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 700 പ്രൊസസറാണ് എം3 പ്രോയിൽ നൽകിയിരിക്കുന്നത്. 6ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജും ഇതിൽ നൽകിയിരിക്കുന്നു.
മികച്ച ചിത്രങ്ങൾക്കായി മൂന്ന് ക്യാമറകളാണ് പിന്നിൽ നല്കിയിരിക്കുന്നത്. പ്രധാന ക്യാമറ 48എംപിയാണ്. ഒപ്പം 2എംപി മാക്രോ ക്യാമറയും 2എംപി ഡെപ്ത് സെൻസറും എം3 പ്രോ 5ജിയിൽ നൽകിയിട്ടുണ്ട്. മുന്നിലായി 8എംപി സെൽഫി ക്യാമറയാണ് വരുന്നത്. 18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച് ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്.
5. Samsung M32 – സാംസങ് എം32 4ജിബി
സാംസങിന്റെ ഏറ്റവും ഒടുവിലായി വിപണിയിൽ എത്തിയ ഫോണാണ് സാംസങ് ഗാലക്‌സി എം32. ഇതിൽ 6.4 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യൂ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹേർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്‌പ്ലേയിൽ ലഭിക്കും.
64എംപിയുടെ പ്രധാന ഷൂട്ടർ ക്യമാറ ഉൾപ്പടെ പുറകിൽ നാല് ക്യാമറയാണ് എം32 വിൽ നൽകിയിരിക്കുന്നത്. 8എംപി അൾട്രാ വൈഡ് ക്യാമറ, ഒരു 2 എംപി മാക്രോ ലെൻസ് മികച്ച പോർട്രൈറ്റ് ഫോട്ടോകൾക്കായി ഒരു 2 എംപി ക്യാമറയും നൽകിയിരിക്കുന്നു. 20എംപി യുടെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 6000എംഎഎച്ചിന്റെതാണ് ബാറ്ററി. 25 വാട്ട് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയാണിത്.
മീഡിയടെക് ഹെലിയോ ജി80 പ്രോസസറിലാണ് സാംസങ് ഗാലക്‌സി എം32 എത്തിയിരിക്കുന്നത്. 6ജിബി വരെ റാമും ഫോണിൽ ലഭ്യമാകും. സാംസങ് കനോക്സ് 3.7ലാണ് എത്തുന്ന ഫോൺ ആൻഡ്രോയിഡ് 11ന് മുകളിൽ വൺ യുഐ 3.1 മായാണ് പ്രവർത്തിക്കുന്നത്. 14,999 രൂപക്ക് 4ജിബി+64ജിബി മോഡൽ ആമസോൺ, സാംസങ് വെബ്സൈറ്റുകളിലും തിരഞ്ഞെടുത്ത സ്റ്റോറുകളിലും ഫോൺ ലഭിക്കും.
The post Best smartphones under 15000: 15,000 രൂപയിൽ താഴെ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ appeared first on Indian Express Malayalam.