ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനിഷ് മഹേശ്വരിയെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. മെയ് 31 ന് ബെംഗളുരുവിലെത്തിയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ മനീഷിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഗുരുഗ്രാമിലേയും ലഡോ സരായിലേയും ട്വിറ്റർ ഓഫീസുകളിൽ പോലീസ് എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കിയെന്ന് ആരോപിച്ചുകൊണ്ടുള്ള ബിജെപി നേതാവ് സാംബിത് പാത്ര ഒരുപങ്കുവെച്ചിരുന്നു. ഇതിന്റെ ഒരു രേഖയും സാംബിത് ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഈ ചിത്രത്തിന് ട്വിറ്റർ മാനിപുലേറ്റഡ് മീഡിയാ ടാഗ് നൽകിയതാണ് വിവാദങ്ങൾക്കിടയാക്കിയത്.
വ്യാജമായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങൾ ട്വീറ്റ് ചെയ്‌യുമ്പോൾ അവയെ കുറിച്ച് മുന്നിറിയിപ്പ് നൽകുന്നതിനായി ട്വിറ്റർ ഏർപ്പെടുത്തിയ സംവിധാനമാണ് മാനിപുലേറ്റഡ് മീഡിയ ടാഗ്. സാംബിത് പാത്ര പങ്കുവെച്ച ചിത്രം എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമാണെന്ന് പറയുന്നത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ടൂൾകിറ്റ് ആരോപണം വ്യാജമാണെന്നും അതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും പറഞ്ഞ് കോൺഗ്രസ് കത്ത് എഴുതിയതിന് പിന്നാലെയാണ് ഈ ട്വീറ്റിന് മാനിപുലേറ്റഡ് മീഡിയ ടാഗ് വന്നത്.
പുതിയ ഐടി ചട്ടങ്ങൾ പ്രകാരം സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുൾപ്പടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നിർദേശം പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനിയ്‍ക്ക് നൽകിയിരുന്ന നിയമ പരിരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കമ്പനി മേധാവിയെ പോലീസ് ചോദ്യം ചെയ്തതായുള്ള വിവരം പുറത്തുവരുന്നത്.
നിയമ പരിരക്ഷ നഷ്ടപ്പെട്ടതോടെ ട്വിറ്ററിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾക്കുമേൽ കമ്പനിയ്‍ക്കും ഉത്തരവാദിത്വം വരികയും അതിന്റെ അടിസ്ഥാനത്തിൽ കമ്പനി മേധാവികളെ പോലീസിന് ചോദ്യം ചെയ്‌യാനും ക്രിമിനൽ നടപടികൾ സ്വീകരിക്കാനും സാധിക്കും.
ഗാസിയാബാദിൽ ഒരു മുസ്ലീം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടും ട്വിറ്ററിനെതിരെ കേസുണ്ട്. കലാപാഹ്വാനം, വിദ്വേഷം പ്രചരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്.
നിയമ പരിരക്ഷ നഷ്ടമായ പശ്ചാത്തലത്തിൽ ട്വിറ്ററിനെതിരെ ഉയർന്നുവന്ന ഇത്തരം ആരോപണങ്ങളിൽ നടപടികൾ രൂക്ഷമാവാനാണ് സാധ്യത.
Content Highlights: Twitter India Head Questioned Over Congress Toolkit Case