ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പച്ചക്കറികളിൽ ഒന്നാണ് ഈ ജനപ്രിയ ഭക്ഷണം. വ്യായാമം ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിലെത്താൻ രുചികരവും പോഷകസമൃദ്ധവുമായ മത്തങ്ങ നിങ്ങളെ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറ തന്നെയാണ് മത്തങ്ങ. ഇതിൽ കലോറിയുടെ അളവ് കുറവാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കഴിയുന്ന ആൽഫ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അമിതമായ ഫ്രീ റാഡിക്കലുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും, ഇത് ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും. എന്നാൽ മത്തങ്ങ കഴിക്കുന്നത് ശരീരഭാരം കുറച്ച് ഈ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുവാൻ സഹായിക്കും.
മത്തങ്ങ എങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നോക്കാം.
പോഷകങ്ങൾ അടങ്ങിയിട്ടും മത്തങ്ങയിൽ കലോറി അവിശ്വസനീയമാംവിധം കുറവാണ്. കലോറിയെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ഇത് മറ്റ് കാർബോഹൈഡ്രേറ്റ് സ്രോതസ്സുകളായ അരി, ഉരുളക്കിഴങ്ങ് എന്നിവയേക്കാൾ കൂടുതൽ കഴിക്കാം.
വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു
മത്തങ്ങയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താനും ഭക്ഷണത്തോടുള്ള അമിതമായ ആസക്തികളെ ചെറുക്കാനും സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണമെങ്കിൽ വയർ നിറഞ്ഞു എന്ന വികാരങ്ങൾ പ്രധാനമാണ്. ദഹനത്തിനും ദഹനനാളത്തിന്റെ ആരോഗ്യത്തിനും ഫൈബർ നല്ലതാണ്. ഇതിന് സഹായിക്കുന്ന സവിശേഷതകൾ മത്തങ്ങയിൽ ധാരാളമുണ്ട്.
നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്തുന്നു
ശക്തമായ അസ്ഥികൾ നിർമ്മിക്കാനും കോശങ്ങളുടെ വികസനം നിയന്ത്രിക്കാനും സഹായിക്കുന്ന വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ് മത്തങ്ങ. അര കപ്പ് വേവിച്ച മത്തങ്ങ കഴിക്കുന്നത് ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാൻ ഉപകരിക്കും. ശക്തമായ അസ്ഥികൾക്കപ്പുറം വിറ്റാമിൻ എ നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.
പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
മത്തങ്ങ വിത്തുകൾ പേശികളുടെ വളർച്ചയ്ക്ക് വളരെ ഉപയോഗപ്രദമാണ്. സിങ്ക്, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെ നല്ല ഉറവിടമാണ് മത്തങ്ങ വിത്തുകൾ. കോശങ്ങളുടെ മെറ്റബോളിസത്തിനും പ്രതിരോധശേഷിക്കും സിങ്ക് കാരണമാകുമ്പോൾ, ഗ്ലൂക്കോസ് സൃഷ്ടിക്കുന്ന എടിപി ഊർജ്ജ ഉൽപാദനത്തിൽ മഗ്നീഷ്യം ഉൾപ്പെടുന്നു. വ്യായാമ വേളയിൽ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ സ്രോതസ്സാണ് ഗ്ലൂക്കോസ്.
വ്യായാമത്തിന് ശേഷം ഇലക്ട്രോലൈറ്റുകൾ പുനഃസ്ഥാപിക്കുന്നു
കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ശരീരത്തിൽ നിന്ന് ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടും. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ മത്തങ്ങകളിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. കഠിനമായ വ്യായാമത്തിനു ശേഷം നമ്മുടെ ഇലക്ട്രോലൈറ്റുകളുടെ നില പുനഃസ്ഥാപിക്കാൻ മത്തങ്ങ കഴിക്കുന്നത് സഹായിക്കും. പൊട്ടാസ്യം അളവ് കുറവാകുമ്പോൾ വേദനയും മലബന്ധവും ക്ഷീണവും അനുഭവപ്പെടും. എന്നാൽ ഏത്തപ്പഴത്തിനേക്കാൾ കൂടുതൽ പൊട്ടാസ്യം മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതായത് മത്തങ്ങ കഴിക്കുന്നത് പേശികളുടെ വേദന തടയുകയും നിങ്ങളുടെ വ്യായാമ വേളയിൽ അസ്വസ്ഥത ഉണ്ടാകുന്ന കുറയ്ക്കുകയും ചെയ്യും.
ഓസ്ട്രേലിയയിൽ സുലഭമായി ലഭിക്കുന്ന മത്തങ്ങ സൂപ്പുണ്ടാക്കിയോ, അവനിൽ വച്ച് ബേക്ക് ചെയ്തോ കഴിച്ചാൽ വണ്ണം കുറയുന്നതിന് അത്യുത്തമമായിരിക്കും.