തലശേരി
സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത് ആർഎസ്എസ്സിന്റെ കൈയടി നേടാൻ. അന്നത്തെ അക്രമത്തിൽ സാരമായി പരിക്കേറ്റ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ പരാമർശിച്ചുമില്ല. ആർഎസ്എസ്സിന്റെ മെഗാഫോണായി സുധാകരൻ മാറിയതിന്റെ ഉന്നം രാഷ്ട്രീയസൗഹൃദം തന്നെ.
കെഎസ്എഫ് തലശേരി മണ്ഡലം സെക്രട്ടറിയും വിദ്യാർഥിയുമായ കോടിയേരി ബാലകൃഷ്ണനെയും കോടിയേരിയിലെ ജയരാജനെയും ആർഎസ്എസ്സുകാർ ആക്രമിച്ചതാണ് സംഘർഷത്തിന്റെ തുടക്കം. സംഭവത്തെക്കുറിച്ച് 1969 ഏപ്രിൽ 28ന്റെ മാതൃഭൂമി വാർത്ത ഇങ്ങനെ: ‘‘കോടിയേരി ബാലകൃഷ്ണൻ ഓണിയൻ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിവരുമ്പോൾ ആർഎസ്എസ്സുകാരെന്ന് പറയപ്പെടുന്ന ഒരു സംഘം ആളുകൾ ആക്രമിക്കുകയാണത്രേ ഉണ്ടായത്. അയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. അതുകഴിഞ്ഞ് പത്ത് മിനുറ്റിനുശേഷമാണ് ഒരു സംഘം മാർക്സിസ്റ്റുകാർ രാമകൃഷ്ണനെ ആക്രമിച്ചത്. ’’
ആർഎസ്എസ്സുകാർ നൽകിയ പട്ടികപ്രകാരം സിപിഐ എം തലശേരി മണ്ഡലം സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും പ്രതിചേർത്തു. ഒരുവിധത്തിലും ബന്ധമില്ലാത്ത കേസാണെന്നുകണ്ട് കോടതി വെറുതെവിട്ടു. കൂത്തുപറമ്പിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച പിണറായി വിജയനെ 1970–-ൽ ജനസംഘം സഹായിച്ചുവെന്നാണ് സുധാകരന്റെ മറ്റൊരു കണ്ടെത്തൽ. വാടിക്കൽ രാമകൃഷ്ണൻ മരിച്ചതിനുപിറകെയുള്ള തെരഞ്ഞെടുപ്പിൽ ജനസംഘം പിണറായി വിജയനെ സഹായിച്ചുവെന്ന് ആരും വിശ്വസിക്കില്ല. പിണറായി വിജയൻ വെട്ടിയെന്ന് കള്ളക്കഥ മെനഞ്ഞ മുൻ ആർഎസ്എസ്സുകാരൻ കണ്ടോത്ത് ഗോപിയെ പിന്തുണച്ച് മണിക്കൂറുകൾക്കുള്ളിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടതും കോൺഗ്രസ്–-ബിജെപി അന്തർധാര വെളിപ്പെടുത്തുന്നു. 1977–-ൽ എംഎൽഎയായിരുന്നു പിണറായി.