കോഴിക്കോട്: മുൻമന്ത്രിയും സി.പി.ഐ. നേതാവുമായ മുല്ലക്കര രത്നാകരന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിന് വിലക്ക്. ഈ മാസം ആദ്യം മുതൽ തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌യുന്നതിൽനിന്നു ഫെയ്സ്ബുക്ക് വിലക്കിയതായി മുല്ലക്കര രത്നാകരൻ പറഞ്ഞു. തന്റെ വ്യക്തിഗത ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് കാണിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടും പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തിൽ അത്തരത്തിൽ ഒരു നിയന്ത്രണമോ ലംഘനങ്ങളോ ഇല്ല എന്നാണ് പറയുന്നത്.
മന്ത്രി, നിയമസഭാ സാമാജികൻ എന്നിങ്ങനെ സർക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിന്റെ വിശദീകരണം ഫെയ്സ്ബുക്കിനോട് മെയിൽ വഴി ആവശ്യപ്പെട്ടപ്പോൾ അവർക്കും ഈ ബാൻ എന്തിനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നിരവധി മെയിലുകൾക്ക് ശേഷവും ഈ ബാൻ നീക്കാൻ സാധിക്കില്ല എന്ന നിഷേധാത്മകമായ മറുപടിയാണ് അവർ നൽകിയത്. പേജ് കൈകാര്യം ചെയ്‌യുന്ന അഡ്മിൻ അക്കൗണ്ടുകൾക്കൊന്നും ഇത്തരത്തിൽ നിയന്ത്രണമില്ല. പിന്നെന്താണ് അവർ പറയുന്ന ലംഘനം എന്ന് അവർക്കൊട്ട് വിശദീകരിക്കാൻ സാധിക്കുന്നുമില്ല എന്നും മുല്ലക്കര രത്നാകരൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകൾക്ക് കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റാണോ ഈ വിലക്കിന് കാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ #Modiresign ഹാഷ്ടാഗിന് ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തിയരുന്നതും കവി സച്ചിതാനന്ദന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നയങ്ങളുടെ ഭാഗമായാണോ വിലക്ക് എന്ന ചോദ്യത്തിന് നിങ്ങളുടെ ഫ്രസ്ട്രേഷൻ ഒക്കെ ഞങ്ങൾക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാൻ സാധിക്കില്ല എന്നതരത്തിലായിരുന്നു മെയിലൂടെ ഫെയ്സ്ബുക്കിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Facebook page, Mullakkara retnakaran, Contral Government, facebook community standard