അതേസമയം പ്രതി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും രക്ഷപെടുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. ജൂൺ എട്ടിന് പുലർച്ചെ നാല് മണിയോടെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നുമാണ് മാർട്ടിൻ രക്ഷപെട്ടത്. ഇയാൾ ഫ്ലാറ്റുകൾ മാറിമാറി കഴിയുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു പേരാണ് ഫ്ലാറ്റിൽ നിന്നും പുറത്തു പോയത്.
മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ പോലീസ് കേസെടുത്തു.
ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗിയാണ് മാർട്ടിനെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എച്ച് നാഗരാജു പറഞ്ഞു. മാർട്ടിനെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, കോഴിക്കോട് ജില്ലകളിലുടെ ഭാഗങ്ങളിലാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ മാർട്ടിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. മാർട്ടിൻ വല്ലപ്പോഴും മാത്രമാണ് വീട്ടിൽ വരാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് മാർട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയായ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന യുവതി ശരീരത്തിൽ ഗുരുതര പരിക്കുകളുമായി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും രക്ഷപെട്ടത്. പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താൻ പോലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരിക്കുകൾ വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് പോലീസ് അന്വേഷണം നടത്താൻ തയ്യാറായത്. പൊള്ളലേറ്റതും മർദ്ദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.