അബുദാബി> കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തക്കവണ്ണം സമഗ്ര ആരോഗ്യ വികസന പദ്ധതികൾ മുന്നോട്ടുവെച്ച ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് ശക്തി തിയറ്റേഴ്സ് അബുദാബി.
ഒന്നാം പിണറായി സർക്കാർ അവസാനമായി അവതരിപ്പിച്ച സമ്പൂർണ്ണ ബജറ്റിന്റെ തുടർച്ചെന്നോണം അവതരിപ്പിച്ച ഈ ബജറ്റ്, ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലം വാഗ്ദാനങ്ങൾ മാത്രമല്ല അവ നടപ്പിൽ വരുത്തുവാനുള്ളതാണെന്നു സാക്ഷ്യപ്പെടുത്തൽ കൂടിയാണ്.
മാറിമാറി അധികാരത്തിൽ വരുന്ന ഇടതുപക്ഷ സർക്കാരുകൾ പ്രവാസികളെ പരിഗണിക്കുകയും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തതുപോലെ, രണ്ടാം പിണറായി സർക്കാർ അത്തരം ക്ഷേമ പ്രവർത്തനങ്ങളാണ് തുടക്കം മുതൽ കാഴ്ച വെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 18 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കും പോകുന്നവരെ ഉൾപ്പെടുത്തുകയായിരുന്നു ഈ സർക്കാർ ആദ്യം ചെയ്തത്. പിന്നീട് പ്രവാസികള്ക്ക് ജീവിതകാലം മുഴുവന് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിക്കുകയും, കോവിഡ് മഹാമാരി തീർത്ത ഈ പ്രതിസന്ധി ഘട്ടത്തിലും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സര്ക്കാര് നിലനിർത്തുകയും ചെയ്തു.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ ചേര്ത്തുനിര്ത്തുന്ന പ്രഖ്യാപനങ്ങൾ നടത്തിയ ഈ ബജറ്റിലൂടെ പ്രതിസന്ധിക്കിടയിലും പ്രവാസികള്ക്ക് കൈത്താങ്ങ് ആവുകയാണ്.
നോര്ക്ക സെല്ഫ് എംപ്ലോയ്മെന്റ് സ്കീം വഴി കുറഞ്ഞ പലിശയോടെ 1000 കോടി രൂപ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനവും, വായ്പ പലിശ ഇളവ് നല്കുന്നതിന് 25 കോടി രൂപയും എന്ന പ്രഖ്യാപനവും പ്രവാസികള്ക്ക് രണ്ടാം പിണറായി സർക്കാരിൽ ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും അഭിപ്രായപ്പെട്ടു.