രാഷ്ട്രിയ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാർക്കുള്ള പരിഗണന വേണ്ടെന്നു വെക്കുന്നതെന്നാണ് വിലയിരുത്തൽ.
ഫെയ്സ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് പ്രത്യേക പരിഗണന നീക്കം ചെയ്‌യാൻ തീരുമാനിച്ചിരിക്കുന്നത്. ബോർഡ് മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ സംബന്ധിച്ച ഫെയ്സ്ബുക്കിന്റെ അഭിപ്രായങ്ങൾ ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും മറ്റും വാർത്താപ്രാധാന്യം അർഹിക്കുന്നവയാണെന്നും അവയ്‍ക്ക് കൂടുതൽ പരിഗണന നൽകണമെന്നുമായിരുന്നു ഫെയ്സ്ബുക്കിന്റെ ഇതുവരെയുള്ള നയം. എന്നാൽ, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫെയ്സ്ബുക്ക് വിലക്കേർപ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് ന്യൂയോർക്ക് ടൈംസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതും പരിഗണിച്ചാണ് പുതിയ നീക്കം.
അപവാദ പ്രചാരണങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ തുടങ്ങിയവ തടയുന്നതിനായി ഫെയ്സ്ബുക്ക് ഏതാനും മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഇത് രാഷ്ട്രിയകാർക്ക് ബാധകമല്ലെന്നതാണ് വസ്തുത. പുതിയ നയം പ്രാബല്യത്തിൽ വരുത്തിയാൽ രാഷ്ട്രിയ പ്രവർത്തകരും ഈ പൊതുവായ നിർദേശത്തിന് കീഴിൽ വരുമെന്നാണ് വിലയിരുത്തൽ.
സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഫെയ്സ്ബുക്ക് നിലകൊള്ളുമെന്നും പോസ്റ്റുകളും പ്രഭാഷണങ്ങളും സെൻസർ ചെയ്‌യാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഫെയ്സ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബെർഗ് 2019-ൽ ജോർജ്ടൗൺ സർവകലാശാലയിൽ നടത്തിയ പ്രഖ്യാപനം. എന്നാൽ, പുതിയ നിർദേശം ഇത് ലംഘിക്കുന്നതാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Source:
Content Highlights: Facebook Plans To Stop Special Privilege For politicians Posts