പകൽ നഷ്ടപ്പെട്ട ഒരു ദിവസം
====================
എന്റെ വെള്ളിയാഴ്ചകൾ
ലക്ഷ്യമറ്റ ദിവസങ്ങളാണ്
അവധി ദിവസത്തിന്റെ ആലസ്യത്തിൽ ഉണരാൻ വൈകുന്ന
വാരാന്ത്യത്തിന്റെ വിരസതയാൽ നയിക്കപ്പെടുന്ന
ഇരുപത്തിനാലിൽ അല്പം കൂടുതൽ മണിക്കൂറുകൾ
അലസത തലകീഴായ
നരിച്ചീറുകളെപ്പോലെ
എന്നെ ആക്രമിക്കുമ്പോൾ
ഞാൻ കിടക്കയിൽ തളർന്നു കിടക്കും
ക്ഷീണം വിട്ടുമാറാത്ത പനിക്കാലം പോലെ തോന്നും
പാകത്തിനുപ്പു ചേർത്തിളക്കപ്പെട്ട ഒരു കോപ്പ കഞ്ഞിവെള്ളം
അടുക്കളയിൽ നിന്നും ഇടനാഴിയും വാതിൽപ്പടികളും കടന്നു
നടന്നു വന്നിരുന്നെങ്കിൽ എന്നാശിക്കും
വെയിൽപ്പക്ഷികൾ ചത്ത് വീണ്
കിളികൾ ചേക്കപറന്ന്
പടിഞ്ഞാറേ മാനം ചുവന്ന്
കിഴക്കൻ ചക്രവാളങ്ങളിൽ ഇരുട്ടു വീഴുമ്പോൾ
നഷ്‌ടമായ ഒരു ദിവസത്തിന്റെ ഗദ്ഗദം
എന്റെ തൊണ്ടയിൽ കുത്തും
മാഞ്ഞു പോയൊരു മഴവില്ലിന്റെ ചോര
ചങ്കിനകത്തുപൊടിയും
ഞാൻ പിടഞ്ഞുണരും
തല നിറയെ തണുത്ത വെള്ളം കോരിയൊഴിച്ചു
മുടി കോതിയൊരുക്കി
ചൂട് കട്ടൻ കാപ്പി തിടുക്കപ്പെട്ടു കുടിച്ചിറക്കി
ഒരു നീണ്ട രാത്രിക്കൊരുങ്ങും
എന്നേക്കുമായി നഷ്ടപ്പെട്ട
ഒരു പകലിന്റെ സാധ്യതകളെ
തിരിച്ചു പിടിക്കാനൊരു ശ്രമം.
=======================
കവിത രചിച്ചത് : സിന്ദുമോൾ തോമസ്.
സിന്ദുമോൾ കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു . ഇടുക്കി തോപ്രാംകുടി സ്വദേശി. “വസന്തങ്ങളുടെ താക്കോൽ ” എന്നാ കവിതാ സമാഹാരം ‘ഉണ്മ പബ്ളിക്കേഷൻസ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ കവിത www.ozmalayalam.com നു അയച്ചു തന്നതിന് ഓസ് മലയാളം, കവയത്രിയോട് കൃതജ്ഞത പ്രകാശിപ്പിക്കുന്നു
കവിതയെകുറിച്ചുള്ള അഭിപ്രായങ്ങൾ ozmalayalamnews@gmail.com എന്ന ഈമെയിലിൽ പങ്കുവക്കുവാൻ അനുവാചകരോട് അഭ്യർത്ഥിക്കുന്നു .
Simple and beautiful