പുതിയ ഫോൺ വാങ്ങുമ്പോൾ ഇന്ന് ഉപയോക്താക്കൾ പ്രധാന മാനദണ്ഡമാക്കുന്ന ഒന്നാണ് ഫോണുകളുടെ ചാർജിങ് വേഗത. സ്മാർട്ഫോണുകളുടെ ചാർജിങ് വേഗതയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വലിയ നവീകരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ, 10 വാട്ട് അല്ലെങ്കിൽ 18 വാട്ട് ചാർജിങ് എന്നത് വലിയ വേഗതയായി കണ്ടിരുന്നെങ്കിൽ ഇന്ന് ഷവോമിയുടെ മി 11 അൾട്രാ, ഐകൂ 7 എന്നീ ഫോണുകൾക്ക് 120 വാട്ട് ചാർജിങ് വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കും.
ഷവോമി മി 11 അൾട്രയിൽ വരുന്ന 120വാട്ട് വേഗത സ്മാർട്ട്ഫോണുകൾക്ക് നൽകാവുന്ന പരമാവധി ചാർജിങ് വേഗതയാണെന്ന് പലരും കരുതിയിരുന്നു, എന്തായാലും ഷവോമി അവരുടെ പുതിയ 200 വാട്ട് ഹൈപ്പർചാർജ് സാങ്കേതിക വിദ്യയിലൂടെ ഫോണുകളുടെ പരമാവധി ചാർജിങ് വേഗത പുതിയ ഉയരത്തിലേക്ക് എത്തിക്കുകയാണ്.
ട്വിറ്ററിലെ പുതിയ പോസ്റ്റിലൂടെയാണ് ഷവോമി പുതിയ സാങ്കേതിക വിദ്യ ആയ ഹൈപ്പർചാർജ് പരിചയപ്പെടുത്തിയത്. 200 വാട്ടിന്റെ വയേർഡ് ചാർജിങും 120വാട്ടിന്റെ വയർലെസ്സ് ചാർജിങ്ങുമാണ് ഇത് നൽകുക. ഷവോമിയുടെ കസ്റ്റം ബിൽഡ് മി 11 പ്രോ സ്മാർട്ട്ഫോണിലാണ് ആദ്യമായി ഈ സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയിരിക്കുന്നത്. 200 വാട്ട് ചാർജിങ്ങിൽ മി 11 പ്രോയുടെ 4,000 എംഎഎച് ബാറ്ററി പൂജ്യത്തിൽ നിന്ന് നൂറ് ശതമാനത്തിലെത്താൻ ആകെ എട്ട് മിനിറ്റാണ് വിഡിയോയിൽ കാണിക്കുന്നത്. 120 വാട്ട് വയർലെസ്സ് ചാർജിങ്ങിൽ പൂജ്യത്തിൽ നിന്ന് നൂറ് ശതമാനത്തിലെത്താൻ ഇതിന് 15 മിനിറ്റ് സമയം മാത്രമാണ് വിഡിയോയിൽ കാണിക്കുന്നത്.
Read Also: ഗൂഗിൾ ഫോട്ടോസ് ‘അൺലിമിറ്റഡ്’ സ്റ്റോറേജ് പരിധി നാളെ അവസാനിക്കും; അറിഞ്ഞിരിക്കേണ്ടവ
പത്തു മിനിറ്റ് താഴെ സമയത്തിൽ ഫോൺ ചാർജ് ചെയ്ത് ലഭിക്കുക എന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വലിയ ഗുണമാണ്. എന്നാൽ ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യത്തെയും ബാധിച്ചേക്കും. ഷവോമി ഹൈപ്പർചാർജ് അവതരിപ്പിച്ചെങ്കിലും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ഫോണുകൾ എപ്പോൾ മുതൽ വിപണിയിൽ എത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും നൽകുന്നില്ല.
The post ഇനി എട്ട് മിനിറ്റിൽ ഫോൺ ഫുൾ ചാർജ്; ഷവോമിയുടെ ഹൈപ്പർചാർജ് വരുന്നു appeared first on Indian Express Malayalam.